KCC വെസ്റ്റേണ്‍ ഒന്റാരിയോയുടെ ‘ഉണര്‍വ് 2.0’ യുവജന ക്യാമ്പ് ശ്രദ്ധേയമായി

ലണ്ടന്‍, ഒന്റാരിയോ: കാനഡയിലെ KCC വെസ്റ്റേണ്‍ ഒന്റാരിയോയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംഘടിപ്പിച്ച മൂന്നുദിവസത്തെ യുവജന ക്യാമ്പായ ‘ഉണര്‍വ് 2.0’ വിജയകരമായി സമാപിച്ചു. ജൂലൈ 10 മുതല്‍ 12 വരെ നടന്ന ക്യാമ്പ് പങ്കെടുത്ത യുവജനങ്ങള്‍ക്ക് അറിവും ആത്മവിശ്വാസവും നേതൃത്വപാടവവും വളര്‍ത്തിയെടുക്കാന്‍ സഹായകമായ നവ്യാനുഭവമായി. വെസ്റ്റേണ്‍ ഒന്റാരിയോയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ളവര്‍ക്കൊപ്പം ടൊറന്റോയിലെ സ്‌കാര്‍ബറോ, ഓഷാവ എന്നിവിടങ്ങളില്‍ നിന്നുമായി 72 യുവജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളും സജീവമായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയതിലൂടെ ക്യാമ്പ് കൂടുതല്‍ ശ്രദ്ധേയമായി. ലീഡര്‍ഷിപ്പ്, പൊതുസ്ഥലങ്ങളിലെയും ദേവാലയത്തിലെയും മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും, എമര്‍ജന്‍സി റെസ്‌പോണ്‍സ്, കരിയര്‍ ഗൈഡന്‍സ്, ക്രാഫ്റ്റ് വര്‍ക്ക്, ക്യാന്‍വാസ് ഡ്രോയിംഗ്, ക്‌നാനായ സമുദായ ബോധവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. മരിയ കൈതാരം, ക്രിസ്റ്റിന്‍ പണ്ടാരശ്ശേരി, ലിന്‍സ് മരങ്ങാട്ടില്‍ എന്നിവര്‍ ക്യാമ്പിന്റെ അക്കാദമിക്, പരിശീലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ഇല്ലൂഷനിസ്റ്റ് ഫെബിന്‍ ഹരിപ്പാട് അവതരിപ്പിച്ച Mentalism Live Show ക്യാമ്പിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറി. പങ്കെടുത്തവര്‍ക്കെല്ലാം അത് വ്യത്യസ്തവും ആവേശകരവുമായ അനുഭവമായി. ക്യാമ്പിന്റെ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും റവ. ഫാ. സജി ചാഴിശ്ശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ആത്മീയവും വ്യക്തിത്വ വികസനപരവുമായ പരിശീലനങ്ങള്‍ ക്യാമ്പിന് കൂടുതല്‍ മൂല്യം പകര്‍ന്നു. ക്യാമ്പിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് യുവജനങ്ങള്‍ അവതരിപ്പിച്ച ക്‌നാനായ സമുദായത്തിന്റെ തനത് ആചാരങ്ങളും പാരമ്പര്യങ്ങളും ആസ്പദമാക്കിയ പ്രെസന്റേഷനുകളും ചോദ്യോത്തരവേളകളും മാറി. ക്‌നാനായ സമൂഹത്തിന്റെ ചരിത്രവും പൈതൃകവും ആചാരാനുഷ്ഠാനങ്ങളും ഭാവിതലമുറയിലേക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ സെഷനുകള്‍ പങ്കെടുത്തവരില്‍ വലിയ താല്‍പര്യവും ചര്‍ച്ചകളും സൃഷ്ടിച്ചു.

യുവജനങ്ങളുടെ സജീവ പങ്കാളിത്തവും അവതരണ മികവും ക്യാമ്പിന്റെ മാധുര്യം ഇരട്ടിപ്പിച്ചു. KCC വെസ്റ്റേണ്‍ ഒന്റാരിയോ പ്രസിഡന്റ് ഫെബി തൈക്കകത്ത്, സെക്രട്ടറി മജീഷ് കീഴടത്ത് മലയില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ജെസ്ലി പുത്തന്‍പുരയില്‍, സെക്രട്ടറി അഞ്ജന ഈന്തുങ്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ സിബി മുളയിങ്കില്‍, ജോസ്‌മോന്‍ തേക്കിലക്കാട്ടില്‍, ഷിജോ മാങ്ങാട്ട്, ജിബിന്‍ പുറത്തേച്ചിറ, വിനു വടക്കേ മണിയംകുന്നേല്‍, അജോ കൈത്തക്ക നിരപ്പെല്‍, റിജോ മങ്ങാട്ട്, ഷെല്ലി പുത്തന്‍പുരയില്‍, സിമി കളമ്പാംകുഴിയില്‍, ലിസ പെരുമപ്പാടം, ഷീബ മുല്ലൂര്‍, എലിസബത്ത് കോരപ്പിള്ളിയില്‍, ക്രിസ്റ്റി ആറ്റുമേല്‍ എന്നിവരടങ്ങുന്ന വിപുലമായ സംഘമാണ് ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. യുവതലമുറയില്‍ നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത, വിശ്വാസമൂല്യങ്ങള്‍, ക്‌നാനായ പൈതൃകബോധം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘ഉണര്‍വ് 2.0’ എല്ലാ അര്‍ഥത്തിലും ശ്രദ്ധേയമായ വിജയമായി മാറിയതായി സംഘാടകര്‍ അറിയിച്ചു.

 

Previous Post

പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

Next Post

KCC Western Ontario’s ‘Unarvu 2.0’ Youth Camp Concludes Successfully

Total
0
Share
error: Content is protected !!