കേരളത്തില്‍ യു.ഡി.എഫ് മുന്നണി അധികാരത്തില്‍ ഏറിയിട്ട് 4 മാസം പിന്നിട്ടിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് 2026 മെയ് 18 നാണ് വി. ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയത്. 5 വര്‍ഷത്തേക്കു ഭരിക്കാന്‍ ജനവിധി ലഭിച്ച ഒരു സര്‍ക്കാരിനെ കേവലം നാലു മാസത്തെ ഭരണം കൊണ്ടു വിലയിരുത്തുവാന്‍ സമയമായില്ലെന്നതു സത്യം തന്നെ. എന്നാല്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ക്കു ഭരണത്തിന്റെ ദിശ എങ്ങോട്ട് എന്നു മനസിലാക്കാനുള്ള സൂചകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സമയം എടുത്തത് കേരളത്തിലെ സമാന്യജനത്തിനു മുഴുവനായങ്ങ് ഉള്‍ക്കൊള്ളാനായില്ല എന്നതാണ് സത്യം. വൈദ്യുത വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജില്ലാതല ഭാരവാഹിയുമായ ബന്ധുവിനെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് റദ്ദു ചെയ്യേണ്ടി വന്നു. ഗവണ്മെന്റ് വക്കീലന്മാരുടെ നിയമനത്തിലും ജാഗ്രത കുറവുണ്ടായെന്നു പാര്‍ട്ടിക്കുള്ളില്‍ വിലയിരുത്തലുണ്ടായി. പ്രതിപക്ഷത്തിരുന്നപ്പോള്‍ ആക്ഷേപമായി ഉന്നയിച്ച പല കാര്യങ്ങളും ഭരണത്തിലേറിയപ്പോള്‍ സൗകര്യപൂര്‍വ്വം അവലംബിക്കുന്നതായി ആരോപണം ഉയരുന്നു. ഉദാഹരണമായി എല്‍.ഡി.എഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ചു ആക്ഷേപം ഉന്നയിച്ച അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഭരണപക്ഷം അക്കാര്യത്തില്‍ കാര്യമായ കുറവു വരുത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുത്തതിന്റെ പേരില്‍ ഏറെ ആക്ഷേപം ഉന്നയിച്ചിരുന്നവരാണ് അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ്. ഉപയോഗിച്ചാലും ഉപയോഗിച്ചില്ലെങ്കിലും വാടക കൊടുക്കേണ്ട ആ സംവിധാനം മുഖ്യമന്ത്രി ഉപയോഗിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയതും വിമര്‍ശനവിധേയമായിട്ടുണ്ട്. പോലീസിനും ഡിസാസ്റ്റര്‍ മാനേജ്മെന്റിനും അവശ്യ സന്ദര്‍ഭത്തില്‍ ഹെലികോപ്റ്റര്‍ ആവശ്യമാണെന്നു റിപ്പോര്‍ട്ട് കൊടുത്തതായാണ് പുറത്തു വരുന്ന വാര്‍ത്ത. ഹെലികോപ്റ്റര്‍ വാടക കുറച്ചു എടുക്കുന്നതിനെക്കുറിച്ചാണു ഗവണ്മെന്റ് പരിഗണിക്കുന്നതെന്നും കേള്‍ക്കുന്നു. മുന്‍ സര്‍ക്കാരില്‍ കുറ്റം ആരോപിച്ച ഒരു കാര്യം, വീണ്ടും ആവശ്യമെങ്കില്‍ സര്‍ക്കാരിനു എടുക്കാം. അപ്പോഴും അക്കാര്യത്തിന്റെ ആവശ്യകത പൊതുജനത്തെ സര്‍ക്കാരിനു ബോധ്യപ്പെടുത്തേണ്ടി വരും. സോഷ്യല്‍ മീഡിയായുടെ ഇക്കാലത്ത് ഉത്തരവാദിത്വരഹിതമായി ആരു വിമര്‍ശനമോ ആരോപണമോ ഉന്നയിച്ചാലും അതു പിന്നീട്, അതുന്നയിച്ചവര്ക്കു തന്നെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അക്കാരണത്താല്‍ തന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ജാഗ്രത ഉണ്ടായേ മതിയാവൂ. മന്ത്രിസഭയിലെ പല അംഗങ്ങളും വിദേശ യാത്രയിലാണെന്നു പറഞ്ഞു പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
ഒരു മന്ത്രി, സുഹൃത്തിന്റെ ആഢംബര കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയും വിമാന യാത്രയും പ്രതിപക്ഷം വിമര്‍ശന വിഷയമാക്കിയിട്ടുണ്ട്. ഇതിനു മുന്‍പും മുഖ്യമന്ത്രിയും മന്ത്രിമാരും വിമാന യാത്രയും വിദേശ യാത്രയും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരിനു നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാരിനു പണം നഷ്ടപ്പെട്ടില്ല എന്നതിനപ്പുറം മുഖ്യമന്ത്രിക്ക് ആരാണ് വിമാനം ഫ്രീ ആയി വിട്ടു കൊടുത്തത് എന്നു വ്യക്തമാക്കാന്‍ ബാധ്യത ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പൊതുസമൂഹത്തില്‍ പലരും അതു ശരിവയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച് കീഴ്വഴക്കം എന്തുമാകട്ടെ, ഇതിലെ ശരിതെറ്റുകളെപ്പറ്റി പറയാന്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ എന്തുമാവട്ടെ ഈ ന്യായീകരണങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണോ? അവര്‍ക്കതു സ്വീകാര്യമാണോ എന്നതും ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ട കാര്യമാണ്. സോഷ്യല്‍ മീഡിയായുടെ ഈ കാലഘട്ടത്തില്‍ സമൂഹത്തിലെ പൊതു മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും മാത്രമല്ല സര്‍ക്കാര്‍പോലും തങ്ങള്‍ അറിഞ്ഞോ അറിയാതെയോ സോഷ്യല്‍ ഓഡിറ്റിനു വിധേയരാകാ
റുണ്ട് എന്നതു മറക്കരുത്. മന്ത്രിമാരുടെ വിദേശ യാത്രകളെല്ലാം സ്പോണ്‍സര്‍ഷിപ്പിലാണെന്നും, സര്‍ക്കാരിനു ചെലവില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ പ്രതിരോധം. എന്നാല്‍ സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തതാണെന്നും ആവശ്യമായ കാര്യത്തിനു പണം ചെലവിടാനാണ് സര്‍ക്കാരിനു ലഭിക്കുന്ന നികുതി പണമെന്നും, ഭരണ രംഗത്തുള്ളവര്‍ സുഹൃത്തുക്കളില്‍ നിന്നുപോലും ആനുകൂല്യങ്ങള്‍ സ്വീകരിച്ചാല്‍ അതിലൂടെ തിരിച്ചും അവര്‍ എന്തെങ്കിലും ആനുകൂല്യം പ്രതീക്ഷിക്കാമെന്നുമാണ് മറുവാദം. പ്രത്യേകിച്ചു ആധുനിക കാലഘട്ടത്തില്‍ ഭരണവര്‍ഗ്ഗവും ചങ്ങാത്ത മുതലാളിത്തവുമായി അവിശുദ്ധമായ ബന്ധം ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള ആരോപണത്തിന്റെ മുനയൊടിക്കുക എളുപ്പമല്ല. ആയതുകൊണ്ടുതന്നെ ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ളവര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികതയില്‍ നിന്നും, പാലിക്കേണ്ട നിയന്ത്രണങ്ങളില്‍ നിന്നും, ഒരിക്കലും പിന്നോട്ടു പോകാന്‍ ഇടയാകരുത്. പ്രത്യേകിച്ചു സര്‍ക്കാരിന്റെ ഭാഗമായവരുടെ പ്രവര്‍ത്തനങ്ങളില്‍ അതു നിശ്ചയമായും ഉണ്ടാകണം. ഒപ്പം എന്തിലും ഏതിലും വിവാദം കണ്ടെത്തുകയും അതിലൂടെ തങ്ങള്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാകുമോ എന്നതും ആയിരിക്കരുത് പ്രതിപക്ഷം ലക്ഷ്യം വയ്ക്കേണ്ടത്. മുന്‍കാലത്തെ പ്രതിപക്ഷവും ഇപ്പോഴത്തെ ഭരണപക്ഷവുമായവര്‍ അന്ന് ഉയര്‍ത്തിപ്പിടിച്ച ഒരു കാര്യം അവര്‍ മറന്നുകൂടാ-ഭരണപക്ഷത്തിനു താമ്രപത്രം കൊടുക്കാനുള്ള ചുമതലയല്ല പ്രതിപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ വിമര്ശിക്കപ്പെടാനുള്ള ഏതു സാഹചര്യത്തെയും ബോധപൂര്‍വ്വം ഒഴിവാക്കി ജനത്തിനു മെച്ചപ്പെട്ട സേവനം ചെയ്യുന്നതിലായിരിക്കണം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മുഖ്യശ്രദ്ധ.
റവ.ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
ന്യായീകരിക്കാം; പക്ഷേ ജനത്തിനത് സ്വീകാര്യമോ?





