കോട്ടയം: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കാരിത്താസ് ആശുപത്രി, കോട്ടയം സൈക്ലിംഗ് ക്ലബ്ബിന്റെയും, മലയാള മനോരമ, സര്‍ഗ്ഗക്ഷേത്ര, ഡെക്കാത്ലോണ്‍, ട്രാക്ക് ആന്‍ഡ് ട്രെയില്‍സ്, നവ്യ കേക്ക് ആന്‍ഡ് ബേക്കേഴ്സ് എന്നിവരുടെ സഹകരണത്തോടെ ഒക്ടോബര്‍ 4-ന് സംഘടിപ്പിച്ച ‘കോട്ടയം സൈക്ലോത്തോണ്‍ 2026’ ആവേശകരമായി സമാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലോത്തോണില്‍ 700-ലധികം പേര്‍ പങ്കെടുത്തു. 100 കിലോമീറ്റര്‍ സൈക്ലോത്തോണ്‍ രാവിലെ 5.30ന് ശ്രീ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. (പുതുപ്പള്ളി) ഫ്‌ലാഗ് ഓഫ് ചെയ്തു. 40 കിലോമീറ്റര്‍ സൈക്ലിങ് റൈഡ് രാവിലെ 6ന് കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യു ഐ.പി.എസ്-ഉം കുട്ടികള്‍ക്കായി ‘ഹൃദയത്തിനായ് ഒരു കുഞ്ഞു സവാരി’ എന്ന പേരില്‍ സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ഫണ്‍ റൈഡ് രാവിലെ 7ന് കോട്ടയം ജില്ലാ കളക്ടര്‍ ശ്രീ. ചേതന്‍ കുമാര്‍ മീന ഐ.എ.എസ്-ഉം ഫ്‌ലാഗ് ഓഫ് ചെയ്തു. 100 കിലോമീറ്റര്‍, 40 കിലോമീറ്റര്‍ വിഭാഗങ്ങളിലായി നടന്ന സൈക്ലിങ് റൈഡില്‍ 600-ഓളം പേരും 5 കിലോമീറ്റര്‍ ഫണ്‍ റൈഡില്‍ 150-ഓളം പേരും പങ്കെടുത്തു. ‘India On Cycle’ എന്ന പേരില്‍ ഇന്ത്യയിലുടനീളം സൈക്കിളില്‍ സഞ്ചരിക്കുന്ന പ്രചോദനാത്മക യാത്ര തുടരുന്ന കോട്ടയം സ്വദേശിയായ ശ്രീ. നവിന്‍ പോളും സൈക്ലോത്തോണില്‍ സാന്നിധ്യമായി. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റവ. ഡോ. ബിനു കുന്നത്ത്, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്.ഒ.ഡി.യും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോണി ജോസഫ്, ജോയിന്റ് ഡയറക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച പങ്കാളിത്തത്തോടെ നടന്ന സൈക്ലോത്തോണ്‍ ആരോഗ്യകരമായ ജീവിതശൈലിയുടെയും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശം പങ്കുവെച്ചതിനൊപ്പം, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വേറിട്ടൊരു കൂട്ടായ്മയായി മാറി.






