കല്ലറപ്പള്ളിയില്‍ ‘തിരുജനനത്തിന്‍ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോള്‍ ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു

കല്ലറ:  സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ ഗായകസംഘാംഗങ്ങള്‍ ആലപിച്ച പുതിയ ക്രിസ്മസ് കരോള്‍ ഗാനമായ ‘തിരുജനനത്തിന്‍ കാഹളം ഉയരുകയായി’യുടെ ഔദ്യോഗിക പ്രകാശനം നവംബര്‍ 22 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കല്ലറ സെന്റ് തോമസ് ദേവാലയത്തില്‍ നടന്നു. ഗായകസംഘങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയയുടെ തിരുനാള്‍ ദിനത്തിലാണ് ഗാനത്തിന്റെ പ്രകാശനം നടത്തിയത്. ഇടവക വികാരി ഫാ. പ്രിന്‍സ് മുളക്കുമറ്റം ഗാനത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ ഇടവക സമൂഹത്തിനുമുന്നില്‍ പ്രകാശനം ചെയ്ത് ഇടവകയിലെ ഭക്തസംഘടനകളുടെ പ്രതിനിധികളായ KCC പ്രസിഡന്റ് സാബു കൊച്ചുതൊട്ടിയില്‍, KCYL പ്രസിഡന്റ് ടോണി കൂരാപ്പള്ളില്‍, KCWA പ്രസിഡന്റ് മോളി പുന്നക്കാട്ട് എന്നിവര്‍ക്ക് കൈമാറി. പ്രകാശനത്തോടനുബന്ധിച്ച് നടത്തിയ ആമുഖ പ്രസംഗത്തില്‍, കല്ലറയിലെ യുവഗായകസംഘത്തിന് ഒരു പുതിയ ക്രിസ്മസ് ഗാനം ആലപിക്കാനുള്ള അവസരം ഒരുക്കിയ സംഗീതസംവിധായകന്‍ അനില്‍ മറ്റത്തിക്കുന്നേലിനെയും ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാരെയും ഫാ. പ്രിന്‍സ് മുളക്കുമറ്റം പ്രത്യേകം അഭിനന്ദിച്ചു.

ഗാനത്തിന്റെ റെക്കോര്‍ഡിംഗിനും ദൃശ്യചിത്രീകരണത്തിനും സഹായസഹകരണങ്ങള്‍ നല്‍കിയവരെയും ഈ സംഗീതസംരംഭത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ ഷിക്കാഗോയിലെ കല്ലറ സ്വദേശികളായ ഇടവകാംഗങ്ങളെയും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാട്ടിലെ യുവഗായകരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും അവരുടെ സംഗീതപ്രതിഭയെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വോയ്‌സ് ഓഫ് ആദത്തിന്റെ ബാനറില്‍ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോ പുറത്തിറക്കുന്ന ഈ ക്രിസ്മസ് കരോള്‍ ഗാനം കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ ഗായകസംഘാംഗങ്ങളുടെ കൂട്ടായ സംഗീതസംരംഭമാണ്. ഒരു പുതിയ ക്രിസ്മസ് ഗാനത്തിന്റെ ആലാപനത്തില്‍ പങ്കാളികളാകാന്‍ കല്ലറയിലെ ഗായകസംഘത്തിന് ആദ്യമായി ലഭിച്ച അവസരം കൂടിയാണിത്. ഗാനത്തിന്റെ ദൃശ്യചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 16 തിങ്കളാഴ്ച കല്ലറപ്പള്ളിയില്‍ ക്രിസ്മസ് കരോള്‍ നേരത്തെയെത്തിയ പ്രതീതിയായിരുന്നു. ക്രിസ്മസിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ ദേവാലയവും പരിസരവും വര്‍ണാഭമായ അലങ്കാരദീപങ്ങളാല്‍ പ്രകാശപൂരിതമാക്കി, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും ഗായകസംഘാംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ക്രിസ്മസ് കരോളിന്റെ ആഘോഷാന്തരീക്ഷം ഒരുക്കുകയായിരുന്നു. ഇടവക വികാരി ഫാ. പ്രിന്‍സ് മുളക്കുമറ്റം, അസിസ്റ്റന്റ് വികാരി ഫാ. ജോബി കാച്ചനൊലിക്കല്‍ എന്നിവരുടെ സജീവ സാന്നിധ്യവും സഹകരണവും ഗാനചിത്രീകരണത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു. ഒരു ഗാനത്തിന്റെ ചിത്രീകരണം എന്നതിലുപരി, ഇടവക സമൂഹം ഒന്നുചേര്‍ന്ന ക്രിസ്മസ് ആഘോഷമായി ആ ദിനം മാറി. ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷിക്കാഗോയില്‍ താമസിക്കുന്ന കല്ലറ സ്വദേശി അനില്‍ മറ്റത്തിക്കുന്നേലാണ്. പ്രശസ്ത സംഗീതജ്ഞനായ പ്രദീപ് ടോമാണ് ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. കല്ലറയിലെ ട്വിന്‍ പി സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. ജോബി ചെറുപച്ചിക്കര ഗാനത്തിന്റെ ദൃശ്യചിത്രീകരണത്തിന് നേതൃത്വം നല്‍കി.

കല്ലറപ്പള്ളിയുടെ മനോഹരമായ പശ്ചാത്തലവും ക്രിസ്മസ് അലങ്കാരങ്ങളും ഇടവകാംഗങ്ങളുടെ പങ്കാളിത്തവും ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്ക് പ്രത്യേക മിഴിവേകുന്നു. ഷിക്കാഗോയില്‍ താമസിക്കുന്ന കല്ലറ സ്വദേശികളാണ് ഗാനത്തിന്റെ നിര്‍മ്മാണത്തിന് പിന്തുണ നല്‍കുന്നത്. ഡിസംബര്‍ ആദ്യവാരത്തില്‍ ഗാനം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Previous Post

കള്ളാര്‍: ഉന്നാരംകല്ലേല്‍ യു.പി. തോമസ്

Total
0
Share
error: Content is protected !!