ന്യൂയോര്‍ക്ക്: കോട്ടയം അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ വെച്ച് നടത്തപ്പെട്ട തിരുപ്പട്ട ശുശ്രൂഷകള്‍ക്കും നവപൂജാ അര്‍പ്പണത്തിനും ലോങ്ങ് ഐലന്‍ഡ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയം പ്രാര്‍ത്ഥനാപൂര്‍വ്വം സാക്ഷ്യം വഹിച്ചു. ജൂണ്‍ 27 ശനിയാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ശുശ്രൂഷകളിലൂടെ ഡീക്കന്‍ മോസസ് സ്റ്റീഫന്‍ പുതുപ്പള്ളിമ്മ്യാലില്‍ കോട്ടയം അതിരൂപതയിലെ വൈദികനായി അഭിഷിക്തനായി. കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷയിലേക്ക് ഒരു പുതിയ വൈദികന്‍ കൂടി കടന്നുവന്ന ഈ ആത്മീയ നാഴികക്കല്ലിനെ ന്യൂയോര്‍ക്കിലെ വിശ്വാസികള്‍ ഒന്നടങ്കം പ്രാര്‍ത്ഥനാപൂര്‍വ്വം വരവേറ്റു.
രാവിലെ 9:30-ഓടെ ദേവാലയ കവാടത്തില്‍ വെച്ച് അഭിവന്ദ്യ മെത്രാന്മാര്‍ക്കും ഡീക്കന്‍ മോസസിനും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ആചാരപൂര്‍വ്വമായ സ്വീകരണം നല്‍കി. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്‌സും പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു. ഡീക്കന്‍ മോസസ് തന്റെ മാതാപിതാക്കളായ സ്റ്റീഫന്‍ – ലൗലി പുതുപ്പള്ളിമ്മ്യാലില്‍ ദമ്പതിമാരുടെ ഒപ്പമാണ് ശുശ്രൂഷകള്‍ക്കായി ബലിപീഠത്തിലേക്ക് ആനയിക്കപ്പെട്ടത്.
ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരെയും ഔദ്യോഗികമായി സ്വാഗതം ചെയ്തതോടെ ശുശ്രൂഷകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ഇടവകാംഗമായ ബ്രദര്‍ ജോഷ് ചിറയില്‍ വൈദിക വസ്ത്രം സ്വീകരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൈവയ്പ്പ് പ്രാര്‍ത്ഥനയും തിരുപ്പട്ട ശുശ്രൂഷകളും ഭക്തിപൂര്‍വ്വം നടന്നു. ചിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തദവസരത്തില്‍ ദൈവവചന സന്ദേശം നല്‍കി. ബ്രൂക്ലിന്‍ രൂപത സഹായ മെത്രാന്‍ മാര്‍. ജെയിംസ് മാസ്സ ഉള്‍പ്പെടെയുള്ള പ്രമുഖ സഭാമേലധ്യക്ഷന്മാരും മറ്റു വൈദികരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. ശുശ്രൂഷകള്‍ക്ക് ശേഷം പൗരോഹിത്യ കൂട്ടായ്മയിലേക്ക് (Priestly koinonia) നവവൈദികനെ ഔദ്യോഗികമായി വരവേറ്റു. തുടര്‍ന്ന് നവവൈദികന്‍ ഫാ. മോസസ് പുതുപ്പള്ളിമ്മ്യാലിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പണം നടന്നു.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോയി ആലപ്പാട്ട്, ബ്രൂക്ലിന്‍ രൂപത സഹായ മെത്രാന്‍ മാര്‍. ജെയിംസ് മാസ്സ, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട തോമസ് മുളവനാല്‍ അച്ചന്‍, എസ്.വി.എം. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ്, ഇടവക പ്രതിനിധി ട്രസ്റ്റി നോയല്‍ കുഴിപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തനിക്ക് ലഭിച്ച വലിയ ദൈവവിളിക്കും ഈ ശുശ്രൂഷകള്‍ ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കുകയും സഹായിക്കുകയും ചെയ്ത ഏവര്‍ക്കും ഫാ. മോസസ് പുതുപ്പള്ളിമ്മ്യാലില്‍ നന്ദി പ്രകാശിപ്പിച്ചു. അനുമോദന സമ്മേളനത്തില്‍ നവവൈദികന്‍ മധുരം പങ്കുവച്ചു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും നവവൈദികന്റെ പിതാവ് സ്റ്റീഫന്‍ പുതുപ്പള്ളിമ്മ്യാലില്‍ നന്ദി അര്‍പ്പിച്ചു. തുടര്‍ന്ന് നവഅഭിഷിക്തനായ വൈദികന്റെ വിശുദ്ധീകരിക്കപ്പെട്ട കരങ്ങളില്‍ ചുംബിച്ചു വിശ്വാസികള്‍ അനുഗ്രഹം വാങ്ങിയതിനെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചരിത്രപരമായ ഈ ആത്മീയ ശുശ്രൂഷകള്‍ സമാപിച്ചു. വികാരി ഫാ. പത്രോസ് ചമ്പക്കരയുടെയും ട്രസ്റ്റിമാരായ എബ്രഹാം തേര്‍വാലക്കട്ടേല്‍, ജെയിംസ് നികര്‍ത്തില്‍, ജെയിംസ് പുള്ളോര്‍കുന്നേല്‍, നോയല്‍ കുഴിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചു.
അനൂപ് മുകളേല്‍ (പി.ആര്‍.ഓ.)




