ഓര്‍മ്മകളില്‍ എന്നും പുഞ്ചിരി; മോണ്‍. പീറ്റര്‍ ഊരാളില്‍ അച്ചന്‍്റെ ജീവിതവഴികളിലൂടെ ഒരു സഞ്ചാരം

മെട്രീസ് ഫിലിപ്പ് ആനാലിപ്പറയില്‍

മോനിപ്പള്ളിയിലെ ഊരാളില്‍ കുടുംബത്തില്‍ 1920 ഒക്ടോബര്‍ 27-ന് പിറന്നുവീണ ആ ചുവന്നുതുടുത്ത കുഞ്ഞ്, കരച്ചിലിനു പകരം ചിരിയോടെയാണ് ജീവിതത്തിലേക്ക് കടന്നുവന്നത്. ആ ചിരി ജീവിതത്തിലുടനീളം മുഖമുദ്രയാക്കി, അനേകരുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്‍്റെയും സൗഹൃദത്തിന്‍്റെയും ഓര്‍മകള്‍ നിറച്ച് കടന്നുപോയ വ്യക്തിത്വമായിരുന്നു മോണ്‍. പീറ്റര്‍ ഊരാളില്‍ അച്ചന്‍.

നാട്ടിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കോട്ടയം അതിരൂപതയുടെ സെമിനാരിയില്‍ വൈദികപഠനം നടത്തി. 1948 ഓഗസ്റ്റ് 14-ന് മാര്‍ തോമസ് തറയില്‍ പിതാവില്‍നിന്ന് ശശ്രൂക്ഷാ പൗരോഹിത്യം സ്വീകരിച്ച് വൈദികനായി അഭിഷിക്തനായി. യേശുവിന്‍്റെ പാത പിന്തുടര്‍ന്ന് ദൈവത്തിനും സഭയ്ക്കും സമൂഹത്തിനുമായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം, മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍, മാര്‍ തോമസ് തറയില്‍, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി എന്നീ പിതാക്കന്മാരോടൊപ്പം വൈദികശുശ്രൂഷ ചെയ്യാനുള്ള ഭാഗ്യവും നേടി.

ഇടവക വികാരി, അധ്യാപകന്‍, ഹെഡ്മാസ്റ്റര്‍, കോളേജ് അധ്യാപകന്‍, ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കാഞ്ഞിരപ്പള്ളി സെന്‍്റ് ഡൊമിനിക്സ് കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങി വിദ്യാഭ്യാസ-സഭാ മേഖലകളില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. വൈദികര്‍ക്കായുള്ള പ്രൊവിഡന്‍്റ് ഫണ്ടിന്‍്റെ സ്ഥാപക സെക്രട്ടറിയും പ്രസിഡന്‍്റും, മോനിപ്പള്ളി എം.യു.എം. ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും, കോട്ടയം രൂപതയുടെ മതബോധന കമ്മീഷന്‍ ചെയര്‍മാനും ഭക്തസംഘടനാ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു. അദ്ദേഹത്തിന്‍െറ സംഘാടാക പാടവത്തിന്‍െറ വലിയ തെളിവാണ് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കോട്ടയം സന്ദര്‍ശനത്തിന്‍െറ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും കോട്ടയം നിവാസികള്‍ ഓര്‍മ്മിക്കുന്ന ഒന്നാണ്.

കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്‍്റ് അസോസിയേഷന്‍ സെക്രട്ടറി, സി.ബി.സി.ഐ. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, ചൈതന്യ പാസ്റ്ററല്‍ സെന്‍്ററിന്‍്റെ സ്ഥാപക ഡയറക്ടര്‍, രൂപതാ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍, തിരുഹൃദയക്കുന്ന് മൈനര്‍ സെമിനാരിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍, തൂവാനീസ ധ്യാനകേന്ദ്രം ഡയറക്ടര്‍, അഖിലകേരള ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഉത്തരവാദിത്വങ്ങളുടെ നീണ്ട പട്ടികയും പ്രവര്‍ത്തനമേഖലകളിലെ അംഗീകാരങ്ങളും അദ്ദേഹത്തിന്‍്റെ സമര്‍പ്പിത ജീവിതത്തിന്‍്റെ സാക്ഷ്യങ്ങളാണ്.

ഉഴവൂര്‍ കോളേജിന്‍്റെ വളര്‍ച്ചയില്‍ മായാത്ത കൈയൊപ്പ്

എന്‍്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ ഓര്‍മകളിലൊന്ന് പീറ്റര്‍ ഊരാളില്‍ അച്ചനുമായി ബന്ധപ്പെട്ടതാണ്. 1964 മേയ് ഒന്നിന് ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജിന്‍്റെ അധ്യാപക രജിസ്റ്ററില്‍ ആദ്യമായി ഒപ്പുവച്ച് അദ്ദേഹം കോളേജിന്‍്റെ ഭരണം ഏറ്റെടുക്കുമ്പോള്‍, ഓഫീസ് സ്റ്റാഫായി എന്‍്റെ പിതാവ് ഫിലിപ്പ് ആനാലിപ്പറയിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കോളേജിന്‍്റെ ആരംഭകാലം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഉഴവൂര്‍ ഇടവകക്കാരുടെ കണ്ണുകളിലെ പ്രതീക്ഷയുടെയും സന്തോഷത്തിന്‍്റെയും തിളക്കം തിരിച്ചറിഞ്ഞ അച്ചന്‍ അവരിലൊരാളായി മാറി. അവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ അധ്വാനിച്ചു. നാട്ടുകാരുടെ സഹകരണവും കഠിനാധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ വെറും മൂന്നു മാസംകൊണ്ട് കല്ലുകള്‍കൊണ്ട് കോളേജ് കെട്ടിടം ഉയര്‍ന്നു. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും മികച്ച അധ്യാപകരെ വിവിധ വകുപ്പുകളിലേക്ക് നിയമിച്ച് കോളേജിന്‍്റെ പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്‍്റെ ബാല്യകാലം എത്രത്തോളം പ്രയാസകരമാണെന്ന് അറിയുന്നവര്‍ക്ക് ആ കാലഘട്ടത്തിലെ അച്ചന്‍്റെ അധ്വാനത്തിന്‍്റെ വില മനസ്സിലാകും. കോളേജിന്‍്റെ അടിത്തറ ഉറപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പിന്നീട് അവിടെ പഠിച്ച് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കുടുംബങ്ങളായി കഴിയുന്ന അനേകര്‍ക്ക് പീറ്റര്‍ അച്ചന്‍്റെ പുഞ്ചിരി ഇന്നും മായാത്ത ഓര്‍മയാണ്. പല്ലുകള്‍ കാട്ടിയുള്ള ആ നിറഞ്ഞ ചിരി അദ്ദേഹത്തെ അറിയുന്നവരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു.

രണ്ടുവര്‍ഷത്തിനുശേഷം പുതിയ നിയോഗവുമായി അദ്ദേഹം ഉഴവൂരില്‍നിന്ന് മാറി. 1974 മുതല്‍ 1980 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സെന്‍്റ് ഡൊമിനിക്സ് കോളേജിന്‍്റെ പ്രിന്‍സിപ്പലായി നിയമിതനായത് അദ്ദേഹത്തിന്‍്റെ കഴിവിനും പ്രവര്‍ത്തനമികവിനും ലഭിച്ച അംഗീകാരമായിരുന്നു.

മായാത്ത ഓര്‍മയായി ആ പുഞ്ചിരി

2001 നവംബര്‍ 15-ന് പീറ്റര്‍ അച്ചന്‍ നിര്യാതനായ ദിവസം മുതല്‍ മോനിപ്പള്ളി പള്ളിയിലെ സെമിത്തേരിയിലെ കല്ലറവരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങള്‍ ഇന്നും എന്‍്റെ മനസ്സിലുണ്ട്. ഒരു വൈദികന്‍്റെ വേര്‍പാടിനപ്പുറം, ഞങ്ങളുടെ കുടുംബത്തിന്‍്റെ സ്നേഹവും സൗഹൃദവും പങ്കിട്ട ഒരു പ്രിയപ്പെട്ട വ്യക്തിയുടെ വേര്‍പാടായിരുന്നു അത്.

ഇന്ന് അച്ചന്‍്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, അദ്ദേഹത്തിന്‍്റെ പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങളുടെയും പട്ടിക മാത്രമല്ല മനസ്സില്‍ തെളിയുന്നത്. പ്രതിസന്ധികള്‍ക്കിടയിലും പുഞ്ചിരിയോടെ മുന്നോട്ടുപോയ ഒരു മനുഷ്യന്‍, വിദ്യാഭ്യാസരംഗത്ത് പുതിയ തലമുറകള്‍ക്ക് വഴിയൊരുക്കിയ ഒരു അധ്യാപകന്‍, സഭയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു വൈദികന്‍, കുടുംബബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ച ഒരു സ്നേഹിതന്‍ ഇതെല്ലാമാണ് പീറ്റര്‍ ഊരാളില്‍ അച്ചന്‍.

കാലം കടന്നുപോകുമ്പോഴും ചില മനുഷ്യരുടെ ഓര്‍മകള്‍ക്ക് മങ്ങലേല്‍ക്കാറില്ല. അവരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും പുഞ്ചിരിയും തലമുറകളിലൂടെ ജീവിക്കുന്നു. അങ്ങനെയൊരു സ്നേഹസാന്നിധ്യമാണ് ഞങ്ങള്‍ക്ക് പീറ്റര്‍ ഊരാളില്‍ അച്ചന്‍.

നമ്മുടെ പ്രിയപ്പെട്ട പീറ്റര്‍ ഊരാളില്‍ അച്ചന്‍്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2026 നവംബര്‍ 14 ശനിയാഴ്ച രാവിലെ 10-ന് മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണശുശ്രൂഷകളും നടത്തപ്പെടുന്നു.

Previous Post

ഡോക്ടറേറ്റ് നേടി

Next Post

തൂവാനിസായില്‍ നാലാം വെള്ളിയാഴ്ച ഏകദിന കണ്‍വന്‍ഷന്‍

Total
0
Share
error: Content is protected !!