കോണ്‍ഗ്രസിനു വേണ്ടതു മര്‍മ്മമറിഞ്ഞുള്ള ചികിത്സ

ഭാരതത്തിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇന്നു രാജ്യത്തു രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരിക്കുന്ന ദയനീയ അവസ്ഥയിലാണ്‌ ഉദയപൂരില്‍ നവസങ്കല്‌പ ചിന്താശിബിരം നടത്തിയത്‌. ദേശീയതയുടെ പ്രഭ ചോര്‍ന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്തുന്നതിനാവശ്യമായ ആശയരൂപീകരണം നടത്തുന്നതിനുവേണ്ടി കൂടിയ ചിന്താശിബിരം ആശിച്ച അത്ര ലക്ഷ്യം നേടിയോ എന്ന ചോദ്യം ബാക്കി നില്‌ക്കുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ രക്ഷിക്കാന്‍ ആ പാര്‍ട്ടിക്കുമാത്രമെ സാധിക്കു. അതിനു തുറന്ന ചര്‍ച്ചയും തീരുമാനവും കൂട്ടായ പ്രവര്‍ത്തനവുമെല്ലാം ആവശ്യമാണെന്ന്‌ വൈകി വന്ന തിരിച്ചറിവില്‍ നിന്നും വിവേകത്തില്‍ നിന്നുമാണ്‌ ഇപ്രകാരമുള്ള ശിബിരം സംഘടിപ്പിക്കപ്പെട്ടത്‌. വിപ്ലവകരവും മൗലികവും പുരോഗമനപരവുമായ പല ആശയങ്ങളും ചിന്താശിബിരത്തില്‍ ഉയര്‍ന്നു വന്നുവെങ്കിലും അതൊക്കെ പ്രായോഗിക തലത്തില്‍ നടപ്പാക്കുവാന്‍ പാര്‍ട്ടി എത്രയോ കാലം ഇനിയും കാത്തിരിക്കണം. ശ്രദ്ധയോടെയും ജാഗ്രതയോടെയും മൗലികമായ രാഷ്‌ട്രീയ നിലപാടോടെയും ആ പാര്‍ട്ടിയെ നയിക്കുവാന്‍ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവം, പൂര്‍ണ്ണസമയ പ്രസിഡന്റിന്റെ അഭാവം ആ പാര്‍ട്ടിയെ ചെറുതായിട്ടല്ല ക്ഷീണിപ്പിക്കുന്നത്‌. രാഹുല്‍ ഗാന്ധി വീണ്ടും ദേശീയ പ്രസിഡന്റാകണമെന്ന്‌ ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും വ്യക്തമായ നിലപാട്‌ ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടോ എന്നതു സംശയകരമാണ്‌. പദവിയില്ലെങ്കിലും അധികാരം നിലനിര്‍ത്തുന്ന അച്ചുതണ്ടായി രാഹുല്‍ ഗാന്ധി തുടരുന്നതിന്റെ അസ്വാസ്ഥ്യം ജി 23 നേതാക്കള്‍ പ്രകടിപ്പിച്ചിട്ട്‌ നാളേറെയായി. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു ഒരു പ്രസിഡന്റ്‌ വരുന്നതാണ്‌ പാര്‍ട്ടിക്കു നല്ലതെന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറിന്റെ അഭിപ്രായം ഗൗരവത്തിലെടുക്കാന്‍ ഉദയപ്പൂരിലെ ചിന്താശിബിരത്തിനും കഴിഞ്ഞില്ലായെന്നത്‌ എടുത്തു പറയണം.
തിരഞ്ഞെടുപ്പുകളില്‍ തോല്‌ക്കുമ്പോള്‍ കാരണങ്ങള്‍ അവധാനതയോടെ കണ്ടെത്തി പരിഹരിച്ചാല്‍ മാത്രമെ രാഷ്‌ട്രിയ പാര്‍ട്ടികള്‍ക്കു മുന്നോട്ടു പോകാനാകു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും ഒന്‍പതു വര്‍ഷം കാത്തിരിക്കേണ്ടി വന്നു കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ ഇങ്ങനെയൊരു ശിബിരം സംഘടിപ്പിക്കുവാന്‍ എന്നത്‌ ആ പാര്‍ട്ടിയുടെ ഇന്നത്തെ ശേഷിക്കുറവിനെ തന്നെയാണ്‌ തുറന്നു കാട്ടുക. ഓരോ കാലഘട്ടത്തിലും അതതു കാലത്തെ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു രാഷ്‌ട്രീയ പ്രമേയം അവതരിപ്പിക്കുന്ന രീതി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിലനിന്നിരുന്നുവെങ്കിലും ഇന്നതു സാധിക്കാതെ വരുന്നു. കോണ്‍ഗ്രസ്‌ മുക്ത ഭാരതമെന്നു ബി.ജെ.പിയും കോണ്‍ഗ്രസ്‌ ഇതര ബദലെന്ന പ്രതിപക്ഷ പാര്‍ട്ടികളും മോഹിക്കുമ്പോള്‍, ഇന്നും ദേശീയതലത്തില്‍ എല്ലാ സംസ്ഥാനത്തും വേരുകളുള്ള ആ പാര്‍ട്ടിക്ക്‌ ഒരു ഉയിര്‍ത്തെഴുന്നേല്‌പ്പിനുള്ള ശേഷിയുണ്ടെന്നു കരുതുന്നവര്‍ ഏറെയാണ്‌. ഒരുപക്ഷേ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കാരേക്കാള്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ബഹുജനങ്ങള്‍ ആ പ്രതീക്ഷ ഇന്നും വച്ചു പുലര്‍ത്തുന്നുണ്ട്‌. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭകളിലും 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തി തിരിച്ചു വരവിനു പാതയൊരുക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍, ആ പാര്‍ട്ടിയുടെ ദേശീയ പ്രാധാന്യം നഷ്‌ടപ്പെടും. ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള അംഗബലം പോലും ഇല്ലാത്ത പാര്‍ട്ടിയെ വളര്‍ത്തണമെങ്കില്‍ ആശാപരവും സംഘടനാപരവുമായ അഴിച്ചു പണികള്‍ അനിവാര്യമാണ്‌. പാര്‍ട്ടിയേക്കാളുപരി അധികാരത്തിനും പദവിക്കും പ്രാധാന്യം കൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ തന്നെയാണ്‌ ആ പാര്‍ട്ടിയുടെ ശാപവും. ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും നേടാവുന്നതെല്ലാം നേടിയ, ഒരുപക്ഷേ അര്‍ഹിച്ചതിനപ്പുറം നേടിയ കെ. വി തോമസിനെപ്പോലുള്ളവര്‍ ഇന്ന്‌ മറുപക്ഷത്തിനുവേണ്ടി കുഴലൂത്തു നടത്തുന്നുവെങ്കില്‍ അതു ആദര്‍ശത്തിന്റെ പേരിലല്ലെന്ന്‌ അരിയാഹാരം കഴിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്‌. ജനങ്ങളെ മതപരമായി വിഭജിച്ച്‌ ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനെതിരെ, വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നതിനെതിരെ ഭരണഘടനാപരമായ സ്ഥാനങ്ങളെ തകര്‍ക്കുന്നതിനെതിരെ രാജ്യവ്യാപകമായ ബഹുജന പ്രസ്ഥാനം വളര്‍ത്തുക അതിനായി ഒക്‌ടോബര്‍ മാസം മുതല്‍ കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെ ഭാരത യാത്ര നടത്തുക, നേതാക്കളും പ്രവര്‍ത്തകരും ജനകീയ പ്രവര്‍ത്തനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉദയപൂര്‍ ചിന്തന്‍ ശിബിരം ലക്ഷ്യം വയ്‌ക്കുന്നു. നഷ്‌ടപ്പെട്ട ജനവിശ്വാസം നേടിയെടുക്കുവാന്‍ സംഘടനാതലത്തിലും കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. യുവാക്കള്‍, സ്‌ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കും സംഘടനാനേതൃസമിതികളില്‍ 50 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന തീരുമാനവും, പ്രവര്‍ത്തക സമിതിക്കുമേലെ കാര്യോപദേശക സമിതി ഉണ്ടാക്കാന്‍ തീരുമാനിച്ചതും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്‌മ, വിലക്കയറ്റം, എന്നിവയ്‌ക്കെതിരെ സമരം നടത്തുമെന്ന, വര്‍ഗീയതക്കെതിരെ സന്ധിയില്ലാസമരം നടത്തുമെന്ന പ്രഖ്യാപനവും ഭാവി തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കത്തിനും പ്രചാരണത്തിനും നേതൃത്വം നല്‌കാന്‍ പ്രത്യേക വിഭാഗത്തിനു രൂപം നല്‌കിയതും ഈ പാര്‍ട്ടിയെ ദേശീയ തലത്തില്‍ കൂടുതല്‍ പ്രസക്തിയുള്ളതാക്കി തീര്‍ക്കുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ പ്രഖ്യാപനമല്ല പ്രവര്‍ത്തനമാണ്‌ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കേറെ ആവശ്യമെന്ന്‌ അതിന്റെ നേതൃത്വവും പ്രവര്‍ത്തകരും മറന്നു കൂടാ. മര്‍മ്മമറിഞ്ഞുള്ള ചികിത്സയാണ്‌ ആ പാര്‍ട്ടിക്ക്‌ ഇന്ന്‌ അനിവാര്യമായിട്ടുള്ളത്‌.

Previous Post

ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

Next Post

പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതി തുടര്‍ച്ച

Total
0
Share
error: Content is protected !!