ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

കേരളത്തില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചതടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകള്‍ അടുത്ത കാലത്ത്‌ പുറത്തു വന്നിട്ടുണ്ട്‌. രോഗം വിളമ്പുന്ന ഭോജനശാലകളായി കേരളത്തിലെ ഹോട്ടലുകളും ബേക്കറികളും മാറുന്നു എന്ന പരാതി ആണ്‌ ഉയര്‍ന്നു വന്നിട്ടുള്ളത്‌. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ കൃത്യമായ ചേരുവകള്‍ ഏതെന്നോ എങ്ങനെയാണ്‌ അവ ഉണ്ടാക്കിയതെന്നോ കൃത്യമായ വിവരം ഉപഭോക്താവിനു പലപ്പോഴും ഉണ്ടാകാറില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്‌ പലപ്പോഴും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മരണത്തിനു കാരണമായ ഷവര്‍മ്മ വിറ്റ സ്ഥാപനത്തിനു ആവശ്യമായ ലൈസന്‍സ്‌ ഇല്ലായിരുന്നു എന്ന വസ്‌തുത പുറത്തു വന്നിട്ടുണ്ട്‌. ആരോഗ്യ പ്രവര്‍ത്തകരുടേയോ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍മാരുടേയോ കൃത്യമായ പരിശോധനകള്‍ പലപ്പോഴും ഹോട്ടലുകളില്‍ ഉണ്ടാകാറില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്‌തു വിതരണം ചെയ്യുന്ന ഹോട്ടലുടമകളെ സംരക്ഷിക്കാന്‍ പലപ്പോഴും രാഷ്‌ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ ലോബിയുടെ സഹായവും ലഭിക്കാറുണ്ട്‌.
മലയാളി പലപ്പോഴും ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വീടിനു പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്കു എത്തിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഗുണനിലവാരമുള്ള ഭക്ഷണമാണ്‌ ഭക്ഷണശാലകളില്‍ വിളമ്പുന്നതെന്നു ഉറപ്പു വരുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കു കഴിയണം. ഭക്ഷ്യവിഷബാധയുടെയും അതേ തുടര്‍ന്നുള്ള മരണത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുമെന്നാണ്‌ മന്ത്രി എം. വി. ഗോവിന്ദന്റെ പ്രഖ്യാനം. സാധാരണയായി നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാഹിതം ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉണരുകയും തുടര്‍ന്നു ആഴ്‌ചകള്‍ക്കുള്ളിലോ മാസങ്ങള്‍ക്കുള്ളിലോ നടപടികള്‍ അയയുകയും ചെയ്യുന്ന പതിവാണുള്ളത്‌. അതുകൊണ്ടു തന്നെയാണ്‌ ഇങ്ങനെയുള്ള പ്രതിസന്ധികള്‍ പിന്നീടും ആവര്‍ത്തിക്കുന്നത്‌.
ജനത്തിന്റെ ആരോഗ്യസംരക്ഷണത്തിനു ആരോഗ്യകരമായ വായു, വെള്ളം, ഭക്ഷണം എന്നിവ അനിവാര്യമാണ്‌. പഴകിയതും ഗുണമേന്മ ഇല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രൂപവും ഭാവവും മാറ്റി ഹോട്ടലുകളിലും ബേക്കറികളിലുമെല്ലാം വിതരണം ചെയ്‌താല്‍, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നത്തെ ചെറുതായി കണ്ടുകൂടാ. അറേബ്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഇന്നു നമ്മുടെ നാട്ടില്‍ ഏറെ വിറ്റു പോകുന്നുണ്ട്‌. എന്നാല്‍ ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ നമ്മുടെ കാലാവസ്ഥയില്‍ എത്രത്തോളം സുരക്ഷിതമാണെന്നു അറിഞ്ഞു കൂടാ. ഒരേ സമയം ഏറെ രുചികരവും അതേസമയം ഏറെ അപകട സാധ്യതയുള്ളതുമായ ഭക്ഷണമാണ്‌ ഷവര്‍മ്മ എന്നു അഭിപ്രായപ്പെടുന്നവരുണ്ട്‌. കോഴി ഇറച്ചി, പ്രത്യേക മസാലകള്‍, പച്ചക്കറികള്‍ കുബൂസ്‌ തുടങ്ങിയവയാണ്‌ ഷവര്‍മ്മയിലെ പ്രധാന ചേരുവകള്‍. എല്ലുകള്‍ നീക്കം ചെയ്‌തു പ്രത്യേകമായി തയ്യാറാക്കുന്ന ഇറച്ചി കമ്പിയില്‍ കോര്‍ത്തെടുത്ത്‌ ഒരു പ്രത്യേക താപനിലയില്‍ വേവിച്ച്‌ എടുത്താണ്‌ ഷവര്‍മ്മ ഉണ്ടാക്കുന്നത്‌. എന്നാല്‍ ഇങ്ങനെ ഉണ്ടാക്കുന്ന ഇറച്ചിയുടെ ഉള്‍വശം ആവശ്യത്തിനു വേകണമെന്നില്ല. നമ്മുടെ കാലാവസ്ഥയില്‍ അത്തരത്തിലുള്ള ഭക്ഷണത്തില്‍ പ്രത്യേക തരത്തിലുള്ള ബാക്‌ടീരിയ വളരുകയും അത്‌ മരണത്തിലേക്കു വരെ നയിക്കുകയും ചെയ്യാം. അതോടു ചേര്‍ത്തു നല്‌കുന്ന മയോ
ണൈസും ചിലപ്പോള്‍ അപകടകരമാകാം.
ഹോട്ടലുകളിലെ ഭക്ഷണ സാധനത്തില്‍ പലപ്പോഴും രുചി കൂടുന്നതിനും ആകര്‍ഷണിയത ഉണ്ടാക്കുന്നതിനുമായി പല തരത്തിലുള്ള കെമിക്കലുകളും നിരോധിച്ച കളറുകളും ചേര്‍ക്കാറുണ്ട്‌. എന്നാല്‍ ഇതു എത്രമാത്രം പ്രശ്‌നകാരികളാണെന്നു സാധാരണ ജനം മനസിലാക്കുന്നില്ല. നിരോധിക്കപ്പെട്ട പല കെമിക്കലുകളും കളറുകളും ആഹാര പദാര്‍ത്ഥത്തില്‍ ചേര്‍ത്താല്‍, അതു നിരന്തരം ശീലമാക്കിയാല്‍ കാന്‍സര്‍ പോലുള്ള രോഗത്തിനു വരെ അതു കാരണമാകാം. അതുപോലെ പഴകിയ മത്സ്യമാംസാദികള്‍ പലപ്പോഴും ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്നു. കോട്ടയത്ത്‌ അടുത്ത ദിവസങ്ങളില്‍ പഴകിയതും ഉപയോഗ യോഗ്യവുമല്ലാത്തതുമായ മുന്നൂറു കിലോ മത്സ്യം അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി. ഇന്ന്‌ ഫോര്‍മാലിന്‍ പോലുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുകൊണ്ട്‌ മത്സ്യവും മാംസവുമൊക്കെ അഴുകാതെ സൂക്ഷിക്കുന്ന പ്രവണത കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ അതു സൃഷ്‌ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആശങ്കയേറ്റുന്നതാണ്‌. പണ്ടൊക്കെ ഏറിയാല്‍ ദിവസങ്ങള്‍ മാത്രം പഴക്കമുള്ള മത്സ്യമാണ്‌ മലയാളി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നു മാസങ്ങളോ വര്‍ഷങ്ങളോ വരെ പഴക്കമുള്ള, സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിക്കുന്ന മത്സ്യവും മാംസവും നമ്മുടെ ഭക്ഷണമേശയില്‍ എത്താറുണ്ട്‌. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്‌. കുടുംബാംഗങ്ങള്‍ ഒരുമിച്ചു ആഴ്‌ചയില്‍ ഒരിക്കല്‍ എങ്കിലും വീടിനു പുറത്ത്‌ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്ന രീതി സാധാരണമായിക്കൊണ്ടിരിക്കുന്നു. മലയാളിയുടെ തനതു വിഭവങ്ങളേക്കാള്‍ വിദേശ ഭക്ഷണ വിഭവങ്ങളും നമ്മുടെ തീന്‍മേശകളില്‍ കൂടെകൂടെ കടന്നു വരുന്നു. അതുകൊണ്ടു തന്നെ ആഹാര സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിച്ചേ മതിയാവൂ.

Previous Post

കുടിയേറ്റദിനം

Next Post

കോണ്‍ഗ്രസിനു വേണ്ടതു മര്‍മ്മമറിഞ്ഞുള്ള ചികിത്സ

Total
0
Share
error: Content is protected !!