ബൈജു ആലപ്പാട്ട് (KCCNA പി.ആര്.ഒ.)
വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA നാഷണല്‍ കണ്വെന്ഷന് ഇനി വെറും 30 ദിവസങ്ങള്‍ മാത്രം അകലെയാണ്. ആഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലുള്ള ബ്രോവാര്‍ഡ് കൗണ്ടി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഈ മഹാസംഗമത്തിനായുള്ള എല്ലാ പ്രധാന ഒരുക്കങ്ങളും പൂര്‍ത്തിയായതായി കണ്വെന്ഷന് സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. ഇനി ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങള്‍ ആവേശത്തോടെയും പ്രതീക്ഷയോടെയും കണ്വെന്ഷന് ദിനങ്ങളിലേക്ക് കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. KCASF (മയാമി), KCCCF (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷനില്‍ അമേരിക്കയിലെയും കാനഡയിലെയും 27 യൂണിറ്റുകളില്‍ നിന്നായി 3,500-ലധികം ക്നാനായ സമുദായാംഗങ്ങള്‍ പങ്കെടുക്കും. വിശ്വാസവും പാരമ്പര്യവും കുടുംബബന്ധവും സമൂഹത്തിന്റെ ഐക്യവും ആഘോഷിക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കുടുംബസംഗമമായി ഇത്തവണത്തെ കണ്വെന്ഷന് മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷനിലേക്കുള്ള രജിസ്ട്രേഷന് വിജയകരമായി പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളില്‍ നിന്നായി ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കായുള്ള ഹോട്ടല്‍ താമസം, ഭക്ഷണക്രമീകരണം, ഗതാഗതം, സ്വീകരണം, രജിസ്ട്രേഷന് സംവിധാനം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 50-ലധികം സബ് കമ്മിറ്റികളുടെ മാസങ്ങളായുള്ള അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് സംഘാടകര്‍ അറിയിച്ചു. സമുദായ സമ്മേളനങ്ങള്‍, വിശുദ്ധ കുര്‍ബാന, സാംസ്കാരിക ഘോഷയാത്ര, സെമിനാറുകള്‍ യുവജന പരിപാടികള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷനുകള്‍, വനിതാ സമ്മേളനങ്ങള്‍, കലാപരിപാടികള്‍, കലാമത്സരങ്ങള്‍, കായികമത്സരങ്ങള്‍, കുടുംബസംഗമങ്ങള്‍ എന്നിവയ്ക്കൊപ്പം കേരളത്തില്‍ നിന്നെത്തുന്ന പ്രമുഖ സംഗീതസംഘത്തിന്റെ ലൈവ് മ്യൂസിക്കല്‍ ഷോയും കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ കണ്വെന്ഷന് രാവുകളെ വര്‍ണ്ണാഭവും അവിസ്മരണീയവുമാക്കും. ചിക്കാഗോയിലെ പ്രമുഖ DJ യായ iLLEST അവസാന ദിവസത്തെ ബാങ്ക്യുറ്റില് കണ്‍വെന്‍ഷനെ പ്രേത്യേകിച്ച് യുവജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുവാന്‍ പെര്ഫോംചെയ്യും. ‘വിശ്വാസം പാരമ്പര്യം, കുടുംബം’ എന്ന ക്നാനായ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ ഒരു കുടുംബസംഗമമായിരിക്കും ഇത്തവണത്തേതെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍, ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍, കണ്വെന്ഷന് ചെയര്‍പേഴ്സണ്‍ ജോബി ഊരാളില്‍ എന്നിവര്‍ അറിയിച്ചു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളുടെയും സാന്നിധ്യം കണ്‍വെന്‍ഷന്റെ മാറ്റുകൂട്ടും. KCCNAയുടെ പോഷകസംഘടനകളായ വിമന്‍സ് ഫോറം, KCYL, KYA, യുവജനവേദി എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കും അനുയോജ്യമായ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കണ്വെന്ഷന് വേദിയും അനുബന്ധ സൗകര്യങ്ങളും പൂര്‍ണസജ്ജമായ സാഹചര്യത്തില്‍ ഇനി ബാക്കിയുള്ളത് 30 ദിവസങ്ങളുടെ കൗണ്ട്ഡൗണ്‍ മാത്രം. വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം ഒന്നടങ്കം ഈ മഹാസംഗമത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആവേശത്തിലുമാണ്. KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസന് തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്ലാന്റ) എന്നിവരാണ്. ഇവര്‍ക്കൊപ്പം കണ്വെന്ഷന് ചെയര്‍പേഴ്സണ്‍ ജോബി ഊരാളില്‍, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനുള്ള ശക്തമായ അടിത്തറ. ഇനി വെറും 30 ദിവസങ്ങള്‍ക്കകം വടക്കേ അമേരിക്കന്‍ ക്നാനായ സമൂഹംh ചരിത്രത്തിലെ മറ്റൊരു മഹത്തായ കുടുംബസംഗമത്തിന് സാക്ഷ്യം വഹിക്കും.





