സംസ്ഥാനതല ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് രാജപുരം കോളേജില്‍

രാജപുരം സെന്റ് പയസ് X കോളേജില്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നാം തീയതി ആരംഭിക്കും. കോളേജ് പ്രൊ മാനേജര്‍ ഫാ. ജോയി കട്ടിയാങ്കല്‍, ലോക്കല്‍ മാനേജര്‍ ഫാ. ബേബി കട്ടിയാങ്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സീനിയര്‍ പ്രൊഫസര്‍ ഡോ. ബിജോയ് എസ് നന്ദന്‍ മാനേജ്‌മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ് എന്നീ പ്രധാന മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടക്കും . ഒരു സ്‌കൂളില്‍ നിന്നും 7 പ്രതിനിധികളുടെ ടീമിനെയാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രിന്‍സിപ്പാള്‍ ഡോ എം ഡി ദേവസ്യ അറിയിച്ചു. മികച്ച ക്യാഷ് പ്രൈസ് നല്‍കിക്കൊണ്ട് ഏറ്റവും മികച്ച മാനേജ്‌മെന്റ് കഴിവുകള്‍ ഉള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ബിജു ജോസഫ് അറിയിച്ചു . കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മികവിന്റെ കേന്ദ്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ ചരിത്രം രാജപുരം കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് . കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല്‍പ്പതിലധികം വിദ്യാര്‍ഥികള്‍ ഐഐടി, ഐ ഐ ഐ ടി, എം എന്‍ ഐ ടി , എന്‍ ഐ റ്റി തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടി. ഈ വര്‍ഷവും മികച്ച ഫലം പ്രതീക്ഷിക്കുന്നു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്) സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടങ്ങള്‍ കൈവരിക്കുന്നത്. ദേശീയതലത്തിലുള്ള മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതോടൊപ്പം ക്രിയാത്മകമായ മാനേജ്‌മെന്റ് പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ഫെസ്റ്റിലൂടെ നേടുവാന്‍ സാധിക്കും എന്നും നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അക്കാദമിക് വിനിമയം നടത്തണം എന്നുള്ള നിര്‍ദ്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് മാനേജ്‌മെന്റ് ഫെസ്റ്റ് നടത്തുന്നത് എന്നും സംഘാടകര്‍ അറിയിച്ചു. സമാപന സമ്മേളനത്തില്‍ പ്രധാന സ്‌പോണ്‍സര്‍ ആയ കാനറാ ബാങ്കിന്റെ ചുള്ളിക്കര ബ്രാഞ്ച് മാനേജര്‍ ശ്യാം സുധി ക്യാഷ് പ്രൈസ് വിതരണം ചെയ്യും .വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബിജു ജോസഫ്, ഡോ. ഷിനോ പി ജോസ്, ഡോ. സിജി സിറിയക്, ഡോ. അഖില്‍ തോമസ്, പി രാഗപ്രിയ, മുഹമ്മദ് റിനാസ്, ചഞ്ചല്‍ വര്‍ഗീസ്, പോള്‍സണ്‍ സജി എന്നിവര്‍ പങ്കെടുത്തു

 

Previous Post

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

Next Post

വിശ്വാസ പ്രഘോഷണത്തിന്‍െറ നേര്‍സാക്ഷ്യമായി പുറത്തുനമസ്ക്കാരം

Total
0
Share
error: Content is protected !!