നികുതിഭാരം താങ്ങാവുന്നതിലുമധികമോ!

കേരള സംസ്ഥാനത്തോടു കാര്യമായ പരിഗണനയൊന്നും കാട്ടിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്ന കേന്ദ്ര ബഡ്‌ജറ്റിനുശേഷം സമസ്‌ത മേഖലയിലും നികുതിഭാരം അടിച്ചേല്‌പിക്കുന്ന സംസ്ഥന ബഡ്‌ജറ്റു കൂടെ വന്നപ്പോള്‍, ഇനിയും മുണ്ടുമുറുക്കി ഉടുക്കേണ്ടുന്ന അവസ്ഥയിലാണ്‌. കേരളത്തില്‍ 60 ലക്ഷത്തോളം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ നല്‌കുന്ന ഗവണ്‍മെന്റിന്റെ നിലപാട്‌ അംഗീകരിക്കാതെയും ശ്ലാഘിക്കാതെയും തരമില്ല. എന്നാല്‍ അതൊക്കെ ഗവണ്‍മെന്റിന്റെ ഔദാര്യം കണക്കെ വ്യാഖ്യാനിക്കുന്നതും ശരിയല്ല. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള വസ്‌തുക്കള്‍ക്കും ഗവണ്‍മെന്റിന്റെ ഏതാണ്ടെല്ലാസേവനങ്ങള്‍ക്കും ജി.എസ്‌.റ്റി ഏര്‍പ്പെടുത്തിക്കൊണ്ട്‌ ജനങ്ങളില്‍ നിന്നു നികുതി പിരിക്കുന്ന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്‌ സമൂഹത്തില്‍ താഴെക്കിടയിലുള്ളവര്‍ക്ക്‌ ആശ്വാസം പകരുക എന്നത്‌. സാമൂഹ്യ സുരക്ഷാ പെന്‍ഷനുവേണ്ടിയാണ്‌ പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്കു ലിറ്ററിനു 2 രൂപ സെസ്സ്‌ ചുമത്തിയത്‌. കേന്ദ്രം പിരിക്കുന്ന നികുതിയില്‍ പലതിലും സംസ്ഥാനത്തിനും ഒരു വിഹിതമുണ്ടെന്ന കാര്യം മറക്കരുത്‌. ഒപ്പം തന്നെ ഇന്ധനവിലയിലെ വര്‍ദ്ധനവ്‌ ഉപഭോത്‌കൃത സംസ്ഥാനമായ കേരളത്തില്‍ ഇനിയും സര്‍വ്വവസ്‌തുക്കളുടെയും വിലവര്‍ദ്ധനവിനു കാരണമാകും. ഭക്ഷ്യ വിഭവങ്ങള്‍ക്കും ചരക്കു നീക്കത്തിനും ചെലവേറും. കേരളത്തില്‍ 73 ലക്ഷത്തോളം ആളുകള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരോ സ്ഥിര വരുമാനം ഇല്ലാത്തവരോ ആണെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇവരെ ആശ്രയിച്ചു കഴിയുന്നവര്‍ 2 പേരെങ്കിലും ഉണ്ടെന്നു കണക്കു കൂട്ടിയാല്‍ 2 കോടിയിലേറെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ടു വിഷമിക്കും. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കും.
നികുതി വര്‍ദ്ധനക്കുള്ള സകല സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ബഡ്‌ജറ്റാണ്‌ ധനമന്ത്രി അവതരിപ്പിച്ചത്‌. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ നികുതി പരിഷ്‌ക്കരണത്തിലൂടെ ഇത്രയും വലിയ വിഭവസമാഹരണത്തിനു കേരള സംസ്ഥാനം തുനിഞ്ഞിട്ടില്ല. വാഹനങ്ങളുടെയും ഫ്‌ളാറ്റിന്റെയും ഒക്കെ വില കൂട്ടുന്നത്‌ സാധാരണക്കാരുടെയും മധ്യവര്‍ഗത്തിന്റെയും സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങുവാന്‍ കാരണമാകും. വാഹന നികുതിയും റെജിസ്‌ട്രേഷന്‍ ചാര്‍ജ്ജുമൊക്കെ കൂടുന്നതും വാഹന വിപണിയെ ബാധിക്കും. ഭൂമിയുടെ ന്യായവില കഴിഞ്ഞ വര്‍ഷം 10 ശതമാനം കൂട്ടിയിരുന്നു. ഈ ബഡ്‌ജറ്റില്‍ വീണ്ടും 20 ശതമാനം കൂട്ടുന്നു. വിപണിമൂല്യം കൂടിയ ഇടങ്ങളില്‍ ഇതു 30 ശതമാനം വര്‍ദ്ധിപ്പിക്കുവാനുള്ള പഠനം നടത്തുന്നുമുണ്ട്‌. ഫ്‌ളാറ്റിന്റെ മുദ്രവിലയും കൂട്ടി. കോവിഡിനുശേഷം വളര്‍ച്ചയുടെ ലക്ഷണം കാണിച്ചു തുടങ്ങിയ റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ മാന്ദ്യത്തിനു ഇതൊക്കെ വഴി വെക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ ഒന്നിലധികം വീടുകള്‍ ഉണ്ടെങ്കില്‍ ആദ്യത്തേതിനു ഒഴിച്ചു പ്രത്യേക നികുതിയും ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കു പ്രത്യേക നികുതിയും കൊണ്ടു വരികയാണ്‌. വീടു നിര്‍മ്മിക്കുന്നവര്‍ നിര്‍മ്മാണ സാമഗ്രികളെല്ലാം നികുതി കൊടുത്താണു വാങ്ങുന്നതെന്ന കാര്യം ധനമന്ത്രി മറന്നു പോയോ ആവോ. നിര്‍മ്മാണ മേഖലയില്‍ പണം ഇറക്കുന്നതില്‍ നിന്നു ആളുകള്‍ പിന്‍മാറിയാല്‍ അതു സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുറവു വരുത്താം. പാലിനു വില കൂട്ടിയിട്ട്‌ അധികമായില്ല. വെള്ളത്തിനും ചെലവേറുന്നു. അടുത്ത കാലത്തു മദ്യത്തിനു വില കൂട്ടിയതിനുശേഷം ബഡ്‌ജറ്റില്‍ 20 രൂപ മുതല്‍ 40 രൂപ വരെ വിലവര്‍ദ്ധിപ്പിക്കുന്നത്‌ മദ്യപരുടെ ജീവിതത്തില്‍ മാത്രമല്ല അവരുടെ കുടുംബത്തിലും കൂടുതല്‍ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
മടങ്ങി വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി വകയിരുത്തിയതു അഭിനന്ദനം അര്‍ഹിക്കുന്നതോടൊപ്പം അത്‌ ഫലപ്രദമായി വിനിയോഗിക്കണം. വയോജനക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ, വയോമിത്രം പദ്ധതികള്‍ക്കായി തുക വകയിരുത്തിയതിലും, നേത്രാരോഗ്യ പദ്ധതിയിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിലുമൊക്കെയുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. കാന്‍സര്‍ രോഗം കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കാന്‍സര്‍ ചികിത്സാസൗകര്യങ്ങളുടെ വികസനത്തിന്‌ ഊന്നല്‍ നല്‍കുന്നത്‌ ഉചിതം തന്നെ. റബ്ബര്‍ വിലയിടിവ്‌ തടയുന്നതു 600 കോടി വകയിരുത്തിയതും, തേങ്ങായുടെ സംഭരണവില ഉയര്‍ത്തിയതും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു 50.58 കോടി വകയിരുത്തിയതുമൊക്കെ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെ. എന്നാല്‍ മൊത്തത്തില്‍ കാര്‍ഷിക കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌ ഒത്ത്‌ ബഡ്‌ജറ്റ്‌ ഉയര്‍ന്നിട്ടല്ലെന്ന്‌ നിരീക്ഷിക്കുന്നവരുണ്ട്‌. ലൈഫ്‌ പദ്ധതിയില്‍ 71861 വീടുകള്‍ പണിയുന്നത്‌ കേരളത്തിലെ ഭവനരഹിതരുടെ എണ്ണം കുറയ്‌ക്കും. വ്യവസായ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നതും വിസ്‌മരിക്കുന്നില്ല.
കേരളത്തിന്റെ കടമെടുപ്പിനുള്ള പരിധി ഉയര്‍ത്താതിരിക്കുന്നതും കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറയുന്നതും ഒക്കെ വിഭവസമാഹരണത്തിനു നികുതി വര്‍ദ്ധനവിനെ നിര്‍ബന്ധിക്കുന്നുണ്ട്‌. ഫെഡറിലസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു കേന്ദ്ര ഗവണ്‍മെന്റ്‌ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളോടും നീതിയുക്തമായ സമീപനം സ്വീകരിക്കണം. കേന്ദ്ര വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ്‌ ധനമന്ത്രി ചൂണ്ടികാണിക്കുക. എന്നാല്‍ ആ പേരും പറഞ്ഞ്‌ സാധാരണക്കാരന്റെ മുതുകില്‍ നികുതി ഭാരം അടിച്ചേല്‌പ്പിക്കുന്നത്‌ ഒരിക്കലും ഭൂഷണമല്ല. അനാവശ്യ ചെലവുകളും ധൂര്‍ത്തുകളും ഒഴിവാക്കിക്കൊണ്ടും നികുതി ചോര്‍ച്ച തടഞ്ഞുകൊണ്ടും നികുതി പിരിവ്‌ കാര്യക്ഷമമാക്കിക്കൊണ്ടും വിഭവ സമാഹരണം നടത്തുന്നതിന്‌ ഗവണ്‍മെന്റിനാകണം. സംഘടിത തൊഴില്‍ മേഖലകളിലും ഗവണ്‍മെന്റ്‌ സെക്‌റ്ററുകളിലും തൊഴിലെടുക്കുന്നവരെ അധിക നികുതി അമിതമായി ബാധിക്കില്ല. എന്നാല്‍ ചെറുകിടക്കാരും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരും, തൊഴില്‍ സ്ഥിരത ഇല്ലാത്തവരും ആയവര്‍ക്ക്‌ അമിത നികുതി ഭാരം നടുവൊടിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അവരെക്കുറിച്ചു അധികം പറയാനും കരയാനും ആളില്ലായെന്നതാണ്‌ നമ്മുടെ ഗതികേട്‌.

Previous Post

നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ പി.കെ ജോസഫ്

Next Post

രാജപുരം: അവനൂര്‍ ലീലാമ്മ മത്തായി

Total
0
Share
error: Content is protected !!