ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് (സി.എം.എല്‍) യൂണിറ്റിന്റെ നേതൃത്വത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള അംഗത്വ പ്രവേശന ചടങ്ങ് സെപ്റ്റംബര്‍ 13ന് കുട്ടികളുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായി നടന്നു. ഏകദേശം 30 വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്ത് സി.എം.എല്ലിന്റെ പുതിയ അംഗങ്ങളായി.
ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ ചടങ്ങിന് നേതൃത്വം നല്കി. പൂക്കളുമായി അള്‍ത്താരയ്ക്കു മുന്നിലെത്തിയ കുട്ടികള്‍ സി.എം.എല്ലിന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ ചിത്രത്തിനു മുന്നില്‍ പൂക്കള്‍ സമര്‍പ്പിച്ചു. ഈശോയുടെ സന്നിധിയില്‍ തങ്ങളുടെ ഹൃദയവും കഴിവുകളും ജീവിതവും സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണ് പൂക്കള്‍ സമര്‍പ്പിക്കുന്നതെന്ന് കുട്ടികളെ ഓര്‍മിപ്പിച്ചു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതൃകയില്‍ ചെറിയ കാര്യങ്ങള്‍ പോലും വലിയ സ്നേഹത്തോടെ ചെയ്യാനും പ്രാര്‍ഥനയിലൂടെയും സേവനത്തിലൂടെയും പങ്കുവെക്കലിലൂടെയും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരാനും കുട്ടികളെ ആഹ്വാനം ചെയ്തു. കുടുംബത്തിലും സ്കൂളിലും ഇടവകയിലും സമൂഹത്തിലും സ്നേഹവും കരുണയും സേവനമനോഭാവവും പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചടങ്ങില്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഫാ. സിജു മുടക്കോടിയില്‍ സി.എം.എല്‍ ബാഡ്ജുകള്‍ ആശീര്‍വദിച്ച് കുട്ടികള്‍ക്ക് നല്കി. ഈശോയെ പിന്തുടരാനും വിശ്വാസത്തില്‍ വളരാനും മറ്റുള്ളവരെ സന്തോഷത്തോടെ സേവിക്കാനുമുള്ള പ്രതിബദ്ധതയുടെ അടയാളമാണ് ബാഡ്ജെന്ന് പ്രാര്‍ഥനയില്‍ ഓര്‍മിപ്പിച്ചു. ‘Service, Sacrifice, Love and Suffering’ എന്ന സി.എം.എല്‍ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രതിജ്ഞയും കുട്ടികള്‍ നടത്തി.
ചടങ്ങിനു മുന്നോടിയായി സിസ്റ്റര്‍ അനിയയും ജെയിംസ് കുന്നശേരിയും ചേര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സി.എം.എല്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തി. സി.എം.എല്ലിന്റെ ലക്ഷ്യങ്ങളും ദൗത്യവും പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തിയതിനൊപ്പം വിശ്വാസം, സേവനം, സ്നേഹം, ത്യാഗം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗങ്ങളും കുട്ടികളുമായി പങ്കുവെച്ചു.
പുതിയ അംഗങ്ങളെ സി.എം.എല്ലിലേക്ക് സ്വാഗതം ചെയ്ത വികാരി അവരുടെ വിശ്വാസയാത്രയ്ക്ക് ദൈവത്തിന്റെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു. സി.എം.എല്‍ ഡയറക്ടര്‍ ജോജോ ആനാലില്‍ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ഡി.ആര്.ഇമാര്‍, സി.സി.ഡി അധ്യാപകര്‍, ട്രസ്റ്റിമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.



