കരുതലായി കാരിത്താസ്’ പ്രളയ ദുരിതാശ്വാസ പദ്ധതി: പ്രത്യേക മെഡിക്കല്‍ ടീമുകളെ നിയോഗിച്ചു

കോട്ടയം: കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രളയബാധിതര്‍ക്കായി കാരിത്താസ് ആശുപത്രി നടപ്പാക്കുന്ന ‘കരുതലായി കാരിത്താസ്’ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി പ്രത്യേക മെഡിക്കല്‍ ടീമുകളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇന്ന് രാവിലെ 8 മണിക്ക് കാരിത്താസ് ആശുപത്രിയില്‍ നടന്നു.

കാരിത്താസ് ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റവ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മോന്‍സ് ജോസഫ് മെഡിക്കല്‍ ടീമുകളെ ഫ്‌ലാഗ് ഓഫ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാട്ടകം സുരേഷ് എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, കെ. ബിനിമോന്‍ എം.എല്‍.എ, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടോമി കുരുവിള എന്നിവര്‍  ആശംസകള്‍ നേര്‍ന്നു.

കോട്ടയം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ആരോഗ്യസേവനങ്ങള്‍ എത്തിക്കുന്നതിനായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന 10 പ്രത്യേക മെഡിക്കല്‍ ടീമുകളെയാണ് കാരിത്താസ് ആശുപത്രി നിയോഗിച്ചിരിക്കുന്നത്. പുതുപ്പള്ളി, കുമരകം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, ചെങ്ങളം, മണ്ണാര്‍ക്കാട്, തെരുവത്തുകള്‍, കുമ്മനം, കടുത്തുരുത്തി എന്നിവിടങ്ങളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ മരുന്നുകളും അടിയന്തര ചികിത്സാ സേവനങ്ങളും ഈ ക്യാമ്പുകളിലൂടെ ലഭ്യമാക്കും.

പ്രളയദുരിതം നേരിടുന്ന ഓരോ കുടുംബത്തിനും സമയബന്ധിതമായ ചികിത്സയും ആവശ്യമായ മരുന്നുകളും കരുതലോടെയുള്ള പിന്തുണയും ഉറപ്പാക്കുകയെന്നതാണ് ‘കരുതലായി കാരിത്താസ്’ പദ്ധതിയുടെ ലക്ഷ്യമെന്ന് റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. സേവനം കാരിത്താസിന്റെ അടിസ്ഥാന ദൗത്യമാണെന്നും, ദുരന്തസമയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നേരിട്ട് നിന്ന് അവരുടെ വേദന പങ്കിടുകയും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കുകയും ചെയ്യുന്നത് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് പുറമേ ആവശ്യമായ മരുന്നുകളുടെ വിതരണവും രോഗികള്‍ക്ക് തുടര്‍പരിചരണവും വിവിധ മേഖലകളില്‍ ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കാരിത്താസ് ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, നഴ്‌സിങ് വിഭാഗം പ്രതിനിധികള്‍, ഫാര്‍മസി വിഭാഗം ജീവനക്കാര്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം അംഗങ്ങള്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Previous Post

ചരിത്രത്തില്‍ പി.എച്ച്.ഡി നേടി ആന്‍ മരിയ മാത്യു

Next Post

കുറുമുള്ളൂര്‍: കൊട്ടാരത്തില്‍ കെ.എം ഏബ്രാഹം

Total
0
Share
error: Content is protected !!