തെള്ളകം : കൂട്ടായ്മയിലൂടെയും സാഹോദര്യത്തിലൂടെയും ക്രൈസ്തവസാക്ഷ്യം നല്‍കുന്ന ക്നാനായ സമുദായ ത്തിന്റെ പ്രേഷിതസ്വഭാവം അഭംഗുരം തുടര്‍ന്നുകൊണ്ടുപോകുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 115-ാമത് അതിരൂപതാതല ആഘോഷങ്ങള്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടുള്ള വിശ്വസ്തതയും സഭയോടുള്ള പ്രതിബദ്ധതയും മുറുകെപ്പിടിക്കുവാന്‍ ശ്രദ്ധിക്കണമെന്നും ക്നാനായ പൈതൃകത്തെ മുറുകെപ്പിടിച്ചുകൊണ്ട് സുവിശേഷത്തിന് സാക്ഷ്യം നല്‍കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ പതാക ഉയര്‍ത്തിയതോടെയാണ് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ അതിരൂപതാദിനത്തിനു ശേഷമുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ ഹ്രസ്വവിവരണം പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അതിരൂപതാംഗങ്ങളില്‍ വിവിധ മേഖലകളില്‍ ദേശീയ-സംസ്ഥാന- യൂണിവേഴ്സിറ്റി തലങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ളവര്‍, സഭാതലത്തില്‍ മികവിന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചവര്‍ എന്നിവരെ ആദരിച്ചു.
ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ അവാര്‍ഡിനര്‍ഹരായവരെ പരിചയപ്പെടുത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍, സമര്‍പ്പിത സമൂഹ പ്രതിനിധി സിസ്റ്റര്‍ സൗമി എസ്.ജെ.സി, കെ.സി.സി വൈസ് പ്രസിഡന്റ് ടോം കരികുളം, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജാക്സണ്‍ മണപ്പാട്ട് എന്നിവര്‍ സംസാരിച്ചു. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. അബ്രാഹം പറമ്പേട്ട് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ച് സംസാരിച്ചു. അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, കൂരിയാ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ വൈദികര്‍, സമര്‍പ്പിത സമൂഹങ്ങളുടെ കൗണ്‍സില്‍ പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സമുദായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും കേന്ദ്ര-റീജിയണല്‍ ഭാരവാഹികള്‍, ഇടവകയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കിടങ്ങൂര്‍കെ.സി.വൈ.എല്‍ യൂണിറ്റ് സുറിയാനിപ്പാട്ടും പിറവം കെ.സി.ഡബ്ല്യു.എ യൂണിറ്റ് പുരാതനപ്പാട്ടും അവതരിപ്പിച്ചു.



