നിര്‍മിതബുദ്ധി: വര്‍ത്തമാനകാല നിര്‍മിതിയും ഭാവി പ്രതിസന്ധിയും

Fr Dr Thomas Kottoor
വേഗം കൂടുകയാണ്. എല്ലാറ്റിനും. എല്ലാ വിധത്തിലും. പക്ഷേ നാം എങ്ങോട്ടാണ് പോകുന്നത്? മനുഷ്യന്‍ തീ കണ്ടുപിടിച്ചപ്പോള്‍ അത് അത്ഭുതമായിരുന്നു. ഇരുട്ടിനെ അകറ്റാനും ഭക്ഷണം പാകം ചെയ്യാനും തണുപ്പില്‍നിന്ന് രക്ഷനേടാനും അഗ്‌നി മനുഷ്യനെ സഹായിച്ചു. എന്നാല്‍ അതേ അഗ്‌നി നിയന്ത്രണം വിട്ടപ്പോള്‍ നാശത്തിന്റെ ശക്തിയായി. നിര്‍മിതബുദ്ധിയുടെ കാര്യത്തിലും ഇതേ ചോദ്യം ഉയരുന്നു. ‘The Development of full artificial intelligence could spell the end of the human race’ എന്ന Stephen Hawking- ന്റെ AI -യെക്കുറിച്ചുള്ള പ്രവചനപരമായ പ്രസ്താവന മനുഷ്യകുലത്തെ മുഴുവന്‍ ബാധിക്കുന്ന പ്രതിസന്ധിയുടെ സൂചകമായി വായിക്കണം.

വര്‍ത്തമാനകാല നിര്‍മിതി

Artificial Intelligence അഥവാ AI, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. രോഗനിര്‍ണയം, വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, കൃഷി, വ്യവസായം, ആശയവിനിമയം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും AI- പുതിയ സാധ്യതകള്‍ തുറക്കുന്നു. മനുഷ്യന് സങ്കല്‍പിക്കാനാവാത്ത വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും അതിനു കഴിയുന്നു.

AI-യുടെ ഗുണഫലങ്ങള്‍ നമുക്ക് ആവശ്യമാണ്. വൈദ്യശാസ്ത്രത്തില്‍ പുതിയ മരുന്നുകള്‍ കണ്ടെത്താനും രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനും, കാലാവസ്ഥാവ്യതിയാനം പഠിക്കാനും, വിദ്യാഭ്യാസം കൂടുതല്‍ വ്യക്തിഗതമാക്കാനും തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും AI- വലിയ സഹായമാണ്.

AI- യില്‍ ലോകമെമ്പാടും കടുത്ത മത്സരം നടക്കുകയാണ്. കൂടുതല്‍ ശക്തമായ മോഡലുകള്‍, കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന AI Agents, കൂടുതല്‍ സങ്കീര്‍ണമായ ചിന്ത സംവിധാനങ്ങള്‍ എന്നിവ അതിവേഗം വികസിക്കുന്നു. സാങ്കേതികവിദ്യയുടെ ഈ കുതിപ്പിനൊപ്പം അതിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ശക്തമാകുന്നു. അതിനാല്‍ മനുഷ്യരാശിയെ മുഴുവന്‍ അസ്വസ്ഥമാക്കുന്ന യാഥാര്‍ത്ഥ്യം നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു: AI – യുടെ വളര്‍ച്ചയുടെ വേഗതയ്‌ക്കൊത്ത് മനുഷ്യന്റെ വിവേകവും ഉത്തരവാദിത്തവും വളരുന്നുണ്ടോ?

ഭാവി പ്രതിസന്ധി

AI- രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ഗവേഷകര്‍ നിര്‍മിത ബുദ്ധിയുടെ അതിവേഗത്തിലും വ്യത്യസ്ത തരങ്ങളിലും തലങ്ങളിലുമുള്ള മത്സരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ്, ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ് , ഐ .എം .എഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധരും, ശശി തരൂരിനെപ്പോലുള്ള ചിന്തകരും ജനപ്രതിനിധികളും AI- നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേവലം സാങ്കേതിക വിഷയം എന്നതിലുപരി, ഇത് ആത്യന്തികമായി മാനവികതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. AI-യുടെ വ്യവഹാര മേഖലകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അതിന്റെ ദുരുപയോഗത്തിനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്.

പുതിയ സൈബര്‍ ലോകം

നമ്മുടെ ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമാണോ? നമ്മുടെ പാസ്വേഡുകള്‍ സുരക്ഷിതമാണോ? നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാണോ?നമ്മുടെ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷിതമാണോ? ഇവ ഇനി വെറും സാങ്കല്‍പ്പിക ചോദ്യങ്ങളല്ല.

AI -ഉപയോഗിച്ച് കൂടുതല്‍ വിശ്വസനീയമായ വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കാം. ഒരാളുടെ ശബ്ദം അനുകരിച്ച് മറ്റൊരാളില്‍ നിന്ന് പണം തട്ടിയെടുക്കാം. വ്യാജവാര്‍ത്തകള്‍ വളരെ വേഗത്തില്‍ പ്രചരിപ്പിക്കാം. സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ കൃത്യവും ശക്തവുമാക്കാം.

ഭാവിയില്‍ AI-യും സൈബര്‍ ആക്രമണങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ സൈബര്‍ ഇടങ്ങളിലെല്ലാം അരക്ഷിതത്വവും അരാജകത്വവും നിറയാന്‍ സാധ്യത ഏറെയാണ് അതുകൊണ്ട് AI- യുടെ ഏറ്റവും വലിയ അപകടം ഒരു ദിവസം യന്ത്രം മനുഷ്യനെ വെറുക്കാന്‍ തുടങ്ങുന്നതല്ല. മറിച്ച്
മനുഷ്യനിര്‍മിത അതിശക്ത ഉപകരണം തെറ്റായ മനുഷ്യന്റെ കൈകളിലെത്തുന്നതാണ്. പ്രസ്തുത അപകടം മനുഷ്യ സങ്കല്‍പങ്ങളെതന്നെ പ്രശ്‌നവല്‍കരിക്കുന്നവയുമാകും.

ബുദ്ധിയും വിവേകവും

ബുദ്ധിയും വിവേകവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടതുണ്ട്. AI- യെ ‘നിര്‍മിതബുദ്ധി’ എന്നു വിളിക്കുന്നുണ്ടെങ്കിലും അത് മനുഷ്യബുദ്ധിയുടെ പൂര്‍ണ പകര്‍പ്പല്ല. മനുഷ്യന് അനുഭവമുണ്ട്. വേദന അറിയാം. സ്‌നേഹം അനുഭവിക്കാം. കുറ്റബോധം ഉണ്ടാകാം. കരുണ കാണിക്കാം. തെറ്റില്‍ നിന്ന് പഠിക്കാം.

AI- ക്ക് വന്‍തോതിലുള്ള വിവരങ്ങളില്‍നിന്ന് മാതൃകകള്‍ കണ്ടെത്താനും അതിശയകരമായ വേഗത്തില്‍ ഉത്തരങ്ങള്‍ നല്കാനും കഴിയും. പക്ഷേ,വേഗം ജ്ഞാനമല്ല.വിവരം വിവേകമല്ല.
കണക്കുകൂട്ടല്‍ എത്ര വേഗത്തില്‍ നടത്തിയാലും മനസ്സാക്ഷിയുടെ വിലയിരുത്തലിന് പകരമാകില്ല.
AI- എത്ര ബുദ്ധിമാനായാലും മനുഷ്യന്റെ ധാര്‍മിക ഉത്തരവാദിത്വം അതിന് സ്വായത്തമാക്കാന്‍ കഴിയില്ല.

വേഗത്തിന് ഒരു വേഗപ്പൂട്ട്

AI – യുടെ വളര്‍ച്ചയുടെ വേഗത അതിശയിപ്പിക്കുന്നതാണ്. പക്ഷേ വേഗതയ്ക്ക് പരിധി വേണം. വളരെ വേഗത്തില്‍ ഓടുന്ന കാറിന് ബ്രേക്ക് ആവശ്യമുള്ളതുപോലെ, അതിശക്തമായ സാങ്കേതികവിദ്യയ്ക്കും നിയന്ത്രണ സംവിധാനങ്ങള്‍ അനിവാര്യമാണ്. അതായത് ‘വേഗത്തിന് ഒരു വേഗപ്പൂട്ട്’ വേണം. അതിനാല്‍ AI-യുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച സാങ്കേതിക വിദഗ്ധരുടെ മുറികളില്‍ മാത്രം നടക്കേണ്ടതല്ല. മനഃശാസ്ത്രജ്ഞരും തത്ത്വചിന്തകരും നിയമവിദഗ്ധരും അധ്യാപകരും മതചിന്തകരും സാമൂഹ്യ പ്രവര്‍ത്തകരും സാധാരണ പൗരന്മാരും ഈ സംവാദത്തിന്റെ ഭാഗമാകണം.
കാരണം AI- കമ്പ്യൂട്ടര്‍ സയന്‍സ് വിഷയം മാത്രമല്ല. അത് മനുഷ്യരാശിയുടെ, മാനവികതയുടെ വിഷയമാണ്.

നിയമ സംവിധാനം

AI- യുടെ ശക്തി രാജ്യാതിര്‍ത്തികള്‍ക്കതീതമാണ്. ഒരു രാജ്യത്ത് നിര്‍മിച്ച സാങ്കേതികവിദ്യ മറ്റൊരു രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കാം. ഒരു രാജ്യത്ത് സൃഷ്ടിച്ച deepfake മറ്റൊരു രാജ്യത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. ചിലപ്പോള്‍ അട്ടിമറിച്ചേക്കാം. അതുകൊണ്ട് AI – ക്ക് ഓരോ രാജ്യത്തിന്റെയും നിയമങ്ങള്‍ മാത്രം മതിയാകില്ല. എലോണ്‍ മസ്‌കിന്റെ അഭിപ്രായം ശ്രദ്ധേയമാണ്: ‘I’m increasingly inclined to think that there should be some regulatory oversight, maybe at the national and international level, just to make sure that we don’t do something very foolish’.

യൂറോപ്യന്‍ യൂണിയന്റെ AI Act- പോലുള്ള നിയമനിര്‍മാണങ്ങള്‍ ഈ മേഖലയിലെ നിര്‍ണായക തുടക്കമാണ്. അപകടസാധ്യതയുള്ള AI- സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പരിശോധനയും സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന സമീപനമാണ് അവ സ്വീകരിക്കുന്നത്.
എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ അതിലും വലിയൊരു ചുവടുവെപ്പ് ആവശ്യമാണ്.

ആഗോള AI സുരക്ഷാഉടമ്പടി

ആണവായുധങ്ങള്‍ക്കും ജൈവായുധങ്ങള്‍ക്കും അന്താരാഷ്ട്ര നിയന്ത്രണങ്ങള്‍ ആവശ്യമാണെങ്കില്‍, മനുഷ്യരാശിയുടെ ഭാവിയെ സ്വാധീനിക്കാന്‍ കഴിയുന്ന അതിശക്തമായ AI- സംവിധാനങ്ങള്‍ക്കും ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ കാലത്തിന്റെ അനിവാര്യതയാണ്. AI, വികസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സുരക്ഷാപരിശോധനകള്‍ നിര്‍ബന്ധമാക്കണം. അപകടസാധ്യതകള്‍ തുറന്നുപറയണം. സ്വതന്ത്രവും സൂക്ഷ്മവുമായ പരിശോധനകള്‍ വേണം. വലിയ അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തം ആരുടേതാണെന്ന് വ്യക്തമായിരിക്കണം. ‘AI- തെറ്റ് ചെയ്തു’ എന്നത് ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മറുപടിയാകരുത്.

‘മഹത്തായ മാനവികത’

Pope Leo XIV മുന്നോട്ടുവയ്ക്കുന്ന Magnifica Humanitas- ‘മഹത്തായ മാനവികത’, എന്ന ദര്‍ശനം എന്നും പ്രസക്തമാണ്. AI, മനുഷ്യന്റെ കഴിവുകളെ വര്‍ധിപ്പിക്കുന്ന ഉപകരണമായിരിക്കണം. മനുഷ്യന്റെ അന്തസും സ്വാതന്ത്ര്യവും പൊതുനന്മയും ഹനിക്കുന്ന ശക്തിയായി അത് വളരരുത്.

AI-യുടെ കാലത്ത് നാം ചോദിക്കേണ്ട അടിസ്ഥാന ചോദ്യം ഇതാണ്:”AI, മനുഷ്യനെ കൂടുതല്‍ നന്മയുള്ള മനുഷ്യനാക്കുന്നുണ്ടോ?” AI, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അത് പുരോഗതിയല്ല.മനുഷ്യന്റെ ജീവിതം കൂടുതല്‍ സുരക്ഷിതവും സ്വതന്ത്രവും അര്‍ത്ഥപൂര്‍ണവും മാനുഷികവുമാകുമ്പോഴാണ് യഥാര്‍ത്ഥ പുരോഗതി സംജാതമാകുന്നത് .

ഭയമല്ല, ജാഗ്രതയുടെകരുതല്‍

AI-യെക്കുറിച്ച് അമിതമായ ഭയം പ്രചരിപ്പിക്കുന്നതും അതുപോലെ എല്ലാ അപകടസാധ്യതകളെയും നിഷേധിക്കുന്നതും ശരിയല്ല. ശാസ്ത്രം ഭയത്തിന്റെ ഭാഷയല്ല. തെളിവിന്റെ ഭാഷയാണ്. അതുകൊണ്ട് നമുക്ക് AI-യെ ഭയക്കേണ്ടതില്ല. പക്ഷേ ജാഗരൂകരാകണം.

AI literacy വളര്‍ത്തണം. കുട്ടികളെയും യുവാക്കളെയും മാതാപിതാക്കന്മാരെയും പൊതുസമൂഹത്തെയും AI-യുടെ സാധ്യതകള്‍ക്കൊപ്പം അതിന്റെ അപകടങ്ങളും പഠിപ്പിക്കണം. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കണം. ഭരണകൂടങ്ങള്‍ ശക്തമായ നിയമങ്ങള്‍ (guardrail) കൊണ്ടുവരണം . സാങ്കേതിക സ്ഥാപനങ്ങള്‍ സുരക്ഷയെ ലാഭത്തിനപ്പുറം പ്രാധാന്യമുള്ളതായി പരിഗണിക്കണം. എല്ലാറ്റിനുമുപരി, മനുഷ്യന്‍ തന്റെ സൃഷ്ടിയുടെമേല്‍ പൂര്‍ണ നിയന്ത്രണം നിലനിര്‍ത്തണം.

കടിഞ്ഞാണുള്ള കുതിര

AI-യെ ഒരു കുതിരയായി സങ്കല്‍പ്പിക്കാം. അത് അതിവേഗം ഓടുകയാണ്. അതിന്റെ ശക്തി അതിശയകരമാണ്. പക്ഷേ കടിഞ്ഞാണില്ലാത്ത കുതിരയുടെ വേഗം യാത്രയെ ലക്ഷ്യത്തിലെത്തിക്കണമെന്നില്ല. അത് അപകടത്തിലേക്കും നയിച്ചേക്കാം. കുതിരയ്ക്ക് കടിഞ്ഞാണിടുന്നത് അതിന്റെ വേഗത്തെ വെറുക്കുന്നതുകൊണ്ടല്ല. സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കാനാണ്. AI-യുടെ കാര്യത്തിലും സമീപനം അതുതന്നെയാകണം .

നമുക്ക് AI-യുടെ വേഗം വേണം. ശക്തി വേണം. സൃഷ്ടിപരത വേണം. മനുഷ്യനന്മയ്ക്കായി അതിന്റെ അതിരുകളില്ലാത്ത സാധ്യതകള്‍ വേണം.
പക്ഷേ അതിനൊപ്പം നിയമവും ഉത്തരവാദിത്തവും ധാര്‍മികതയും മനസ്സാക്ഷിയും വേണം. അല്ലെങ്കില്‍ മനുഷ്യന്‍തന്നെ സൃഷ്ടിച്ച ശക്തിയുടെ മുന്നില്‍ മനുഷ്യന്‍ ചെറുതായിപ്പോകും. നിസാരനുമാകും. അതുകൊണ്ട് AI- വിരുദ്ധ ലോകമല്ല നമുക്ക് വേണ്ടത്. മനുഷ്യകേന്ദ്രിതമായ AI-ലോകമാണ്.
സാങ്കേതികവിദ്യ വളരട്ടെ. ശാസ്ത്രം മുന്നേറട്ടെ. AI കൂടുതല്‍ ബുദ്ധിമാനാകട്ടെ.
പക്ഷേ അതിനേക്കാള്‍ വേഗത്തില്‍ വളരേണ്ടത് മനുഷ്യന്റെ വിവേകമാണ്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ പ്രസ്തുത അനിവാര്യതയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നു. കാരണം, ആത്യന്തികമായി മനുഷ്യരാശി അഭിമുഖീകരിക്കേണ്ട ചോദ്യം ‘ AI- എത്രമാത്രം ബുദ്ധിമാനായി’ എന്നതല്ല. ‘ AI- യുടെ കാലത്ത് മനുഷ്യന്‍ എത്രമാത്രം ബുദ്ധിയും വിവേകവും ധാര്‍മിക പ്രതിബദ്ധതയുമുള്ള മനുഷ്യനായി തുടരുന്നു’ എന്നതാണ്.

 

 

 

Previous Post

കോട്ടയം: തോമസ് കെ. എബ്രഹാം (കുടകശ്ശേരില്‍ , ലോഗോസ് കുഞ്ഞച്ചന്‍ )

Next Post

ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!