ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനോദ്ഘാടനം

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഒക്ടോബര്‍ 18 ഞായറാഴ്ച കുട്ടികളുടെ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായാണ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നീ മഹത്തായ മൂല്യങ്ങള്‍ ആലേഖനം ചെയ്ത ബാനറുകളും മിഷന്‍ ലീഗിന്റെ പതാകകളുമേന്തിയാണ് കുഞ്ഞുമിഷനറിമാര്‍ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചത്. തുടര്‍ന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിന് മുന്നില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് തങ്ങളുടെ പ്രേഷിതദൗത്യത്തോടുള്ള പ്രതിബദ്ധത കുഞ്ഞുമിഷനറിമാര്‍ പ്രകടിപ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറമുള്ള മിഷന്‍ പ്രദേശങ്ങളിലേക്കുപോലും സഹായഹസ്തം നീട്ടാന്‍ ബെന്‍സന്‍വില്ലിലെ കുഞ്ഞുമിഷനറിമാര്‍ക്ക് കഴിഞ്ഞതായി ഇടവക വികാരി ഫാ. എബ്രഹാം കളരിക്കല്‍ അഭിപ്രായപ്പെട്ടു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും നിസ്വാര്‍ഥമായ സേവനങ്ങളിലൂടെയും സഭയുടെ പ്രേഷിതചൈതന്യം വളര്‍ത്തുന്നതിന് കുട്ടികള്‍ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ സൗമി കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. മിഷന്‍ ചൈതന്യം കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും പ്രേഷിതപ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ ചെറുപ്പം മുതലേ പ്രചോദിപ്പിക്കണമെന്നും സിസ്റ്റര്‍ സൗമി ഉദ്‌ബോധിപ്പിച്ചു. അതോടൊപ്പം, ഓരോ രാജ്യത്തിന്റെയും സംസ്‌കാരവും ജീവിതരീതികളും അടുത്തറിയുന്ന വ്യക്തികള്‍ സന്യാസ, പൗരോഹിത്യ ദൈവവിളികള്‍ സ്വീകരിച്ച് പ്രേഷിതരംഗത്തേക്ക് കടന്നുവരുന്നത് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും സിസ്റ്റര്‍ ഓര്‍മിപ്പിച്ചു. കുഞ്ഞുമിഷനറിമാരില്‍ പ്രേഷിതചൈതന്യവും വിശ്വാസതീക്ഷ്ണതയും വളര്‍ത്തുന്നതിനുള്ള ആഹ്വാനമായി പ്രവര്‍ത്തനോദ്ഘാടന ചടങ്ങുകള്‍ മാറി. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ ഇഷാന പുതുശ്ശേരില്‍, ഏയ്ഡന്‍ വഞ്ചിപ്പുരയ്ക്കല്‍, ക്ലയോണ്‍ നാരമംഗലത്ത്, സാമുവേല്‍ തേവര്‍മറ്റത്തില്‍, നെവിന്‍ പണിക്കശ്ശേരിയില്‍ എന്നിവരോടൊപ്പം കൊളീന്‍ കീഴങ്ങാട്ട്, ആന്‍സി സഖറിയ ചേലയ്ക്കല്‍, ജൂബിന്‍ പണിക്കശ്ശേരില്‍ എന്നിവര്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലിന്‍സ് താന്നിച്ചുവട്ടില്‍. RRO

 

Previous Post

നിര്‍മിതബുദ്ധി: വര്‍ത്തമാനകാല നിര്‍മിതിയും ഭാവി പ്രതിസന്ധിയും

Next Post

Little Flower Mission League Inaugurated at Sacred Heart Forane Church in Bensenville

Total
0
Share
error: Content is protected !!