അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടയം: വേനല്‍ അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളും മിഠായികളും മധുര പലഹാരങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിസ്റ്റര്‍ സാലി എസ്.വി.എം, സിസ്റ്റര്‍ അജോ ഡി.സി.പി.ബി എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്സ് സെന്റര്‍, അഗാപ്പെ ഭവന്‍ എന്നീ അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായുള്ള ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പരിശീലകരും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി കുടകളും ലഭ്യമാക്കി. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കുമരകത്ത് പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവേശനോത്സവവും സ്‌കൂള്‍ വര്‍ഷാരംഭത്തിനോടനുബന്ധിച്ച് നടത്തപ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനങ്ങളും തൊഴില്‍ സംരംഭക സാധ്യതകളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്.

Previous Post

ഡോ. പ്രശാന്ത് മാത്യു മടമ്പം പി.കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്

Next Post

സതീര്‍ഥ്യര്‍ പടിയിറങ്ങുന്നു.

Total
0
Share
error: Content is protected !!