സതീര്‍ഥ്യര്‍ പടിയിറങ്ങുന്നു.

ഒരേ സ്‌കൂളില്‍ പഠിച്ച് , അതേ സ്‌കൂളില്‍ പഠിപ്പിച്ച് , ആ സ്‌കൂളില്‍ നിന്ന് തന്നെ വിരമിക്കുന്ന
മൂന്ന് അധ്യാപകരുടെ അതുല്യമായ ജീവിതയാത്രയ്ക്ക് സ്‌നേഹ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വിദ്യാര്‍ത്ഥി ലോകം.

ഇടുക്കി ജില്ലയിലെ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഈ അപൂര്‍വ്വ വിരമിക്കല്‍.

Dr: നിമ്മിച്ചന്‍ ജേക്കബ്, സോയി തോമസ്, സൈജു മാണി എന്നിവരാണ് ആ ഗുരുശ്രേഷ്ഠന്മാര്‍.
ഇത് ഒരു അപൂര്‍വ്വ സംഭവമാണ്. ഒരേ വിദ്യാലയത്തില്‍ ഒരേ ക്ലാസ്സില്‍ പഠിച്ച് അതേ സ്ഥാപനത്തില്‍ തന്നെ കാല്‍ നൂറ്റാണ്ട് സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിക്കുന്നത് ഭാഗ്യമാണ്.

നിമ്മിച്ചന്‍ സാര്‍ നല്ലൊരു കെമിസ്ട്രി അധ്യാപകന്‍ എന്ന നിലയിലും സൃഷ്ടിയുടെ പിന്നിലെ കെമിസ്ട്രി എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ഗ്രന്ഥ രചയിതാവ് എന്ന നിലയിലും പ്രശസ്തനാണ്. കുട്ടികളില്‍ ഗവേഷണ മനോഭാവം വളര്‍ത്തുവാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.
സോയി സാര്‍ കൃത്യതയും ശാസനയും ചേര്‍ന്ന അധ്യാപന രീതിയിലൂടെ വിദ്യാര്‍ഥികളെ മാനസികമായി കരുത്തുറ്റ വരാക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാദമിക് വിജയങ്ങള്‍ക്കൊപ്പം നല്ല മനുഷ്യരായി വളരണമെന്ന് അദ്ദേഹം സ്ഥിരമായി കുട്ടികളെ ഓര്‍മിപ്പിച്ചിരുന്നു.
നല്ലൊരു ഗായകന്‍ കൂടിയായ സൈജു സാര്‍ സ്‌നേഹ- സൗഹൃദപരമായ സമീപനം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്‍ മാത്രമല്ല, നല്ല ഒരു സുഹൃത്തു കൂടിയായിരുന്നു. വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരുവാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ നല്‍കി.
ഈ മൂന്ന് അധ്യാപകരും അവരുടെ കുടുംബത്തിനും സമൂഹത്തിനും അഭിമാനമാണ്.
വിദ്യാഭ്യാസരംഗത്ത് അവരുടെ സംഭാവനകള്‍ ഭാവി തലമുറകള്‍ക്ക് പ്രചോദനമാകും.

വിരമിക്കല്‍ ഒരു അവസാനമല്ല പുതിയൊരു തുടക്കമാണ്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോള്‍ ഇവരുടെ അനുഭവവും ജ്ഞാനവും സമൂഹത്തിന് കൂടുതല്‍ ഗുണം ചെയ്യും. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ നഷ്ടമാകുന്നതിന്റെ വിഷമത്തിലാണ് സ്‌കൂളും വിദ്യാര്‍ത്ഥികളും.

 

Previous Post

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

Next Post

വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡിക്കസ്റ്ററിക്ക് അല്മായ വനിതാ പ്രീഫക്ട്

Total
0
Share
error: Content is protected !!