ശിശുദിനത്തില്‍ ഓട്ടിസത്തെ നീന്തിത്തോല്‍പ്പിച്ച് റെക്കോര്‍ഡ് കരസ്ഥമാക്കിയ കുരുന്നുകള്‍ക്ക് ബി.സി.എം കോളേജിന്റെ ആദരവ്

കോട്ടയം: ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അതിജീവിച്ച് മാതൃകയായ ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളുള്ള കുട്ടികള്‍ക്ക് ശിശുദിനത്തില്‍ ബിസിഎം കോളേജിന്റെ ആദരവ്. വേമ്പനാട്ടുകായലില്‍ അഞ്ചു കിലോമീറ്റര്‍ നീന്തി റെക്കോര്‍ഡ് കരസ്ഥമാക്കിയ ഡാനിയേല്‍ പ്രഭുല്‍, ദയ മേരി അജി, ആദിത്യ സേതുരതി എന്നിവര്‍ക്കും മീനച്ചിലാറ്റില്‍ രണ്ടു കിലോമീറ്റര്‍ നീന്തി സൂപ്പര്‍ സ്വിമ്മര്‍ പുരസ്‌കാരം നേടിയ നഖക്കുട്ടന്‍, ഇബ്രാഹിം ജെഡ്ഡി എന്നിവര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

ഈ വിഭാഗത്തില്‍ ദീര്‍ഘദൂര നീന്തല്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഡാനിയേല്‍. ജീവന്‍രക്ഷ സ്വിമ്മിങ് അക്കാദമിയിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ അബ്ദുല്‍ കലാം ആസാദാണ് കുട്ടികളുടെ പരിശീലകന്‍.

ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളുള്ള ഈ കുട്ടികളുടെ നേട്ടങ്ങള്‍ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഉജ്ജ്വല മാതൃകയാണ്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിന്റെ തെളിവുകൂടിയാണ് ഇവരുടെ വിജയം.

ബിസിഎം കോളേജില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് കെ.വി. തുടങ്ങിയവര്‍ സംസാരിച്ചു.

 

Previous Post

ഓട്ടിസം സ്‌പെക്ട്രം അവസ്ഥകളെക്കുറിച്ച് ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ബിസിഎം കോളേജില്‍ സംഘടിപ്പിച്ചു

Next Post

സംക്രാന്തി: പുതുപ്പള്ളിയില്‍ പി.ടി തോമസ്

Total
0
Share
error: Content is protected !!