ആലീസ് സ്പ്രിംഗ്‌സിന്റെ മണ്ണിലേക്ക് ആദ്യമായി ക്‌നാനായ മെത്രാന്‍

ആലീസ് സ്പ്രിംഗ്‌സ്, ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സെന്‍ട്രല്‍ ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗ്‌സിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ക്‌നാനായ മെത്രാന്‍ എത്തിച്ചേരുന്നു. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ പ്രഥമ സന്ദര്‍ശനത്തെ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആലീസ് സ്പ്രിംഗ്‌സ് ക്‌നാനായ സമൂഹം. നവംബര്‍ 18 ബുധനാഴ്ച ആലീസ് സ്പ്രിംഗ്‌സില്‍ എത്തിച്ചേരുന്ന പിതാവ് അന്നേദിവസം വൈകുന്നേരം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

നവംബര്‍ 19 വ്യാഴാഴ്ച, ഓഷ്യാനിയയിലെ ഏറ്റവും ചെറിയ ക്‌നാനായ കൂട്ടായ്മകളിലൊന്നായ ആലീസ് സ്പ്രിംഗ്‌സ് ക്‌നാനായ സമൂഹത്തിലെ കുടുംബാംഗങ്ങളോടൊപ്പം പിതാവ് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കും. കുടുംബസന്ദര്‍ശനങ്ങള്‍, സൗഹൃദസംഗമങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവയിലൂടെ പിതാവിനൊപ്പം സമയം ചെലവഴിക്കാനുള്ള അപൂര്‍വ അവസരമാണ് ഇവിടുത്തെ ക്‌നാനായ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. നവംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം പിതാവ് ആലീസ് സ്പ്രിംഗ്‌സില്‍നിന്ന് മടങ്ങും. ആലീസ് സ്പ്രിംഗ്‌സിലെ 23 ക്‌നാനായ കുടുംബങ്ങള്‍ ഒറ്റക്കെട്ടായി ചേര്‍ന്നാണ് ഈ ചരിത്രസന്ദര്‍ശനത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിവരുന്നത്. ആലീസ് സ്പ്രിംഗ്‌സ് ക്‌നാനായ അസോസിയേഷന്റെ (ASKA) നേതൃത്വത്തില്‍ പിതാവിന് ഹൃദ്യവും സ്‌നേഹനിര്‍ഭരവുമായ സ്വീകരണം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. സ്വന്തം നാട്ടില്‍നിന്നും സമുദായത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ, ഓസ്‌ട്രേലിയയുടെ ഹൃദയഭാഗത്ത് ജീവിക്കുന്ന ഈ ചെറിയ ക്‌നാനായ സമൂഹത്തിന് പിതാവിന്റെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്വാസത്തിലും പാരമ്പര്യത്തിലും സമുദായസ്‌നേഹത്തിലും ഒരുമിച്ച് മുന്നേറുന്ന ആലീസ് സ്പ്രിംഗ്‌സ് ക്‌നാനായ കുടുംബങ്ങള്‍ക്ക് പിതാവിന്റെ പ്രഥമ സന്ദര്‍ശനം ചരിത്രനിമിഷവും അഭിമാനകരമായ അനുഭവവുമാണ്.

 

Previous Post

KCC Western Ontario Elects New Leadership

Total
0
Share
error: Content is protected !!