കോട്ടയം: കോട്ടയം അതിരൂപതയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഫാ. ജോസഫ് മേലേടം (85) നിര്യാതനായി. കരിങ്കുന്നം ഇടവക മേലേടത്ത് ചാണ്ടിയുടെയും മറിയത്തിന്റെയും ആറു മക്കളില്‍ മൂന്നാമനായി 1941 ജൂലൈ 3-നാണ് ജനിച്ചത്.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രാഥമിക, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1959 ജൂണില്‍ കോട്ടയം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. മംഗലപുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് ഫിലോസഫി, തിയോളജി പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 18-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍വച്ച് മാര്‍ തോമസ് തറയില്‍ പിതാവിന്റെ കൈവയ്പുവഴി കോട്ടയം രൂപതയ്ക്കുവേണ്ടി വൈദികനായി അഭിഷിക്തനായി.
കറ്റോട്, ഇരവിപേരൂര്‍ ഇടവകകളില്‍ വികാരിയായി ഒരു വര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ഫിസിക്‌സ് ഐച്ഛിക വിഷയമായി ബി.എസ്സി. ബിരുദം നേടി. 1976 വരെ ഉഴവൂര്‍ കോളജ് ബോയ്‌സ് ഹോസ്റ്റലിന്റെ വാര്‍ഡനായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1981 വരെ റാണിപുരം കോളനിയില്‍ വികാരിയായി സേവനം ചെയ്യുകയും കോളനിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. തിരുവനന്തപുരത്തെ ലയോള കോളജില്‍നിന്ന് എം.എസ്.ഡബ്ല്യു. ബിരുദവും നേടി.
1983 ഒക്ടോബറില്‍ മെഴ്‌സി ആശുപത്രി ഡയറക്ടറായും അലക്‌സ് നഗര്‍ ഇടവകയുടെ അഡ്മിനിസ്‌ട്രേറ്ററായും നിയമിതനായി. തുടര്‍ന്ന് കോട്ടയം രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തു.
ഈ കാലയളവില്‍ വിവിധ ദേശീയ, അന്തര്‍ദേശീയ ധനസഹായ ഏജന്‍സികളുടെ സഹകരണത്തോടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മിസെറിയോര്‍, കാരിത്താസ് ഇന്ത്യ, ഇന്‍ഡോ-ജര്‍മന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മാനോസ് യുണിഡാസ്, കാപാര്‍ട്ട്, അഫ്‌പ്രോ, കുപ്‌സി, സേവ് എ ഫാമിലി, അന്ധേരി ഹെല്‍പ്പ് തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കിയത്. കാരിത്താസ് ഇന്ത്യ പ്രോജക്ട് സെക്ഷന്‍ കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ക്രെഡിറ്റ് യൂണിയന്‍ പ്രമോഷന്‍ കമ്മിറ്റി അംഗം, കുപ്‌സി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1992-ല്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന സൗത്ത് ഏഷ്യന്‍ ക്രെഡിറ്റ് യൂണിയന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തുരുത്തിക്കാട്, ഇരവിപേരൂര്‍, ഒളശ്ശ, കിഴക്കേനട്ടാശ്ശേരി ഇടവകകളിലും വികാരിയായി സേവനം ചെയ്തു. കിഴക്കേനട്ടാശ്ശേരി ഇടവക വികാരിയായിരിക്കെ നിലവിലുള്ള ദേവാലയത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. 1994 ജൂണില്‍ പേരൂര്‍ പള്ളി വികാരിയായി നിയമിതനായി.
1994 നവംബറില്‍ ക്‌നാനായ കാത്തലിക് ഹൂസ്റ്റണ്‍, ഡാളസ് മിഷനുകളുടെ ഡയറക്ടറായി അമേരിക്കയിലെ ടെക്‌സസിലേക്ക് പോയി. മൂന്നു വര്‍ഷംകൊണ്ട് രണ്ടു മിഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയശേഷം ഉപരിപഠനത്തിനായി ഡെന്റണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെനിന്ന് ജെറോന്റോളജിയില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് കോട്ടയം രൂപതാധ്യക്ഷന്റെ അനുവാദത്തോടെ അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്ത് രൂപതയില്‍ ചേര്‍ന്ന് ലത്തീന്‍ ആരാധനാക്രമത്തിലും പ്രാവീണ്യം നേടി. ആ രൂപതയില്‍ അസിസ്റ്റന്റ് വികാരിയായും വികാരിയായും വിവിധ ഇടവകകളില്‍ പത്തുവര്‍ഷം സേവനം ചെയ്തു.
എര്‍ലി റിട്ടയര്‍മെന്റ് സ്വീകരിച്ച് 2013-ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കോട്ടയം രൂപതയുടെ വൈദിക വിശ്രമകേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. സ്വന്തം ഇടവകയിലെ ശുശ്രൂഷകള്‍ക്കൊപ്പം വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാരുടെ ശാരീരിക, മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘സാഗ’ (SAGA – Senior Assistance for Graceful Ageing) പദ്ധതിയിലും സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: പരേതനായ ചാക്കോ മേലേടം (രാജപുരം), മത്തായി മേലേടം (കരിങ്കുന്നം), അന്നക്കുട്ടി പാട്ടപ്പൊതിയില്‍ (കരിങ്കുന്നം), തോമസ് മേലേടം (കരിങ്കുന്നം), മേരി ചാണ്ടി (എറണാകുളം).
സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ ഏഴിന് വിയാനി ഹോമില്‍ ആരംഭിക്കും. ഒന്‍പതിന് മൃതദേഹം കരിങ്കുന്നത്തെ സ്വഭവനത്തില്‍ എത്തിക്കും. 11-ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും മറ്റു പിതാക്കന്മാരുടെയും വൈദികരുടെയും സാന്നിധ്യത്തിലും സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.




