നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം; കെ.സി.എസ്. ചിക്കാഗോയുടെ ‘കാരുണ്യ സ്പര്‍ശം’ പദ്ധതിക്ക് തുടക്കമായി

ചിക്കാഗോ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും വൃക്കരോഗങ്ങള്‍ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനുമായി കെ.സി.എസ്. ചിക്കാഗോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘കാരുണ്യ സ്പര്‍ശം’ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. ഡെസ് പ്ലെയിന്‍സിലെ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.സി.എസ്. പ്രസിഡന്റ് ജോസ് ആനമല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോജക്ട് ചെയര്‍മാന്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേലും വൈസ് ചെയര്‍മാന്‍ ജോസ് ജോര്‍ജ് മേലാണ്ടശ്ശേരിയും പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഡയാലിസിസ് ചികിത്സ തുടരാന്‍ കഴിയാത്ത അര്‍ഹരായ വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സാസഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനുപുറമേ വൃക്കരോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിനായി ആധുനിക പരിശോധനാ സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ലബോറട്ടറിയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയക്രമമനുസരിച്ച് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തുന്ന മൊബൈല്‍ ലബോറട്ടറിയിലൂടെ രക്തം, മൂത്രം പരിശോധനകള്‍ നടത്തും. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പരിശോധനകള്‍. മൊബൈല്‍ ലബോറട്ടറിക്കു പുറമേ സ്ഥിരം ലബോറട്ടറി സൗകര്യവും ലഭ്യമാണ്.

പരിശോധനകളിലൂടെ രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ആവശ്യമായ വൈദ്യോപദേശവും തുടര്‍ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനായി ഇതിനകം ആറോളം അന്വേഷണങ്ങള്‍ ലഭിച്ചതായി പ്രോജക്ട് ചെയര്‍മാന്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ അറിയിച്ചു. കൂടുതല്‍ അര്‍ഹരായ രോഗികളിലേക്ക് പദ്ധതിയുടെ സേവനം വ്യാപിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെയും സുമനസ്സുകളുടെയും സാമ്പത്തിക സഹകരണം ആവശ്യമാണെന്ന് വൈസ് ചെയര്‍മാന്‍ ജോസ് ജോര്‍ജ് മേലാണ്ടശ്ശേരി പറഞ്ഞു.

ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന ജോയല്‍ എലക്കാട്ട്, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കെ.സി.എസ്. ചിക്കാഗോയെ അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് മാറ്റ് വിലങ്ങാട്ടുശ്ശേരില്‍, ട്രഷറര്‍ ടീന നെടുവാമ്പുഴ എന്നിവരും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഭാരവാഹികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ കെ.സി.എസ്. അംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും സ്‌പോണ്‍സര്‍മാരോടും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ഡയാലിസിസ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യമുള്ള നിര്‍ധനരായ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ കെ.സി.എസ്. ഭാരവാഹികളെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഷാജി കുര്യന്‍
കെ.സി.എസ്. ജനറല്‍ സെക്രട്ടറി

 

Previous Post

റോമിലെ ക്നാനായ കത്തോലിക്കാ മിഷന്‍ സന്ദര്‍ശിച്ച് റോമാ രൂപതയുടെ ഇമിഗ്രന്റ്‌സ് ഓഫീസ് ഡയറക്ടര്‍

Total
0
Share
error: Content is protected !!