കിടങ്ങൂര്‍: ചെറുപുഷ്പ മിഷന് ലീഗ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ മിഷന് വാരാചരണ സമാപനദിനമായ ഒക്ടോബര്‍ 18 ഞായറാഴ്ച വൈകുന്നേരം ഓണ്‍ലൈനായി മിഷന് സെമിനാര്‍ നടത്തി.
പഞ്ചാബ് മിഷനില്‍ സേവനം ചെയ്യുന്ന ഫാ. അരുണ്‍ പുറത്തേട്ട് OSH കത്തോലിക്കാ സഭയുടെ പഞ്ചാബിലെ മിഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വൈദികരും വിസിറ്റേഷന്‍ സന്യാസസമൂഹത്തിലെ സിസ്റ്റേഴ്സും പഞ്ചാബില്‍ നടത്തുന്ന വിദ്യാഭ്യാസ, ആതുരസേവന പ്രവര്‍ത്തനങ്ങള്‍ വീഡിയോയിലൂടെ പങ്കുവച്ചത് മിഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിച്ചു.
കിടങ്ങൂര്‍ മേഖലയിലെ എട്ട് ശാഖകളില്‍നിന്ന് കുട്ടികളും മുതിര്‍ന്നവരും സെമിനാറില്‍ പങ്കെടുത്തു. ചെറുപുഷ്പ മിഷന് ലീഗ് കിടങ്ങൂര്‍ മേഖല ഡയറക്ടര്‍ ഫാ. ഷിജു അവണ്ണൂര്, മേഖല പ്രസിഡന്റ് എല്വിന് ഷിജു, മേഖല വൈസ് ഡയറക്ടര്‍ സി. ഇവാഞ്ചലിന് SVM, കോട്ടയം അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ ഷിജു മണ്ണൂക്കുനേല് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.



