ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 27-ന് സെന്റ് വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യകാര്‍മ്മികനായിരുന്നു. ലദീഞ്ഞോടെയാണ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശത്തില്‍ ഫാ. എബ്രഹാം മുത്തോലത്ത് സെന്റ് വിന്‍സെന്റ് ഡി പോളിന്റെ ജീവിതവും ദരിദ്രര്‍, രോഗികള്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ദുരിതമനുഭവിക്കുന്നവര്‍ എന്നിവര്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ കാരുണ്യശുശ്രൂഷകളും വിശദീകരിച്ചു.
ദൈവസ്‌നേഹം സഹോദരസ്‌നേഹത്തിലൂടെയും ദരിദ്രസേവനത്തിലൂടെയും പ്രകടമാകേണ്ടതിന്റെ ഉത്തമ മാതൃകയാണ് സെന്റ് വിന്‍സെന്റ് ഡി പോളിന്റെ ജീവിതമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തെ ഫാ. എബ്രഹാം അഭിനന്ദിക്കുകയും ആവശ്യക്കാരായ കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും സഹായം എത്തിക്കുന്ന അവരുടെ ശുശ്രൂഷയെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇടവകാംഗങ്ങള്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഭാവനകള്‍ സമര്‍പ്പിച്ചു. ലഭിക്കുന്ന സഹായം അര്‍ഹരായവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.
സെന്റ് വിന്‍സെന്റ് ഡി പോളിന്റെ മാതൃകയില്‍ ദരിദ്രരിലും ദുരിതമനുഭവിക്കുന്നവരിലും ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെയും പങ്കുവെക്കലോടെയും ജീവിക്കുവാന്‍ തിരുനാള്‍ ആഘോഷം വിശ്വാസികള്‍ക്കു പ്രചോദനമേകി.
ബിബി തെക്കനാട്ട്




