കോട്ടയം അതിരൂപതക്കു മൂന്നാമതൊരു സഹായ മെത്രാനെക്കൂടി ലഭിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് അതിരൂപത മുഴുവനും. പയ്യാവൂര്‍ സെന്റ് ആന്‍സ് ഇടവകാംഗമായ മാര്‍ തോമസ് ആനിമൂട്ടിലാണ് അതിരൂപതയുടെ മൂന്നാമത്തെ സഹായ മെത്രാനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. വൈദികനായി 37 വര്‍ഷത്തെ അജപാല-ഭരണ പരിചയത്തിന്റെ പിന്‍ബലം പുതിയ പിതാവിനുണ്ട്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ പേഴ്‌സണല്‍ സെക്രട്ടറി, കത്തീഡ്രല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍, അതിരൂപത ചാന്‍സിലര്‍, കോട്ടയം കാരിത്താസ് ആശുപത്രിയുടെ ഡയറക്‌ടര്‍, ഉഴവൂര്‍, കടുത്തുരുത്തി ഫൊറോനാ പള്ളികളുടെ വികാരി തുടങ്ങിയ നിലകളില്‍ നാട്ടിലും മിഷന്‍ ഡയറക്‌ടര്‍ കെ.സി.സി.എന്‍.എ സ്‌പിരിച്വല്‍ അഡൈ്വസര്‍ എന്ന നിലയില്‍ അമേരിക്കയിലും ശുശ്രൂഷ ചെയ്‌തതിന്റെ പ്രവര്‍ത്തന പരിചയം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള മെത്രാനടുത്ത ശുശ്രൂഷയില്‍ ഉപകാരപ്പെടും. കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ആയി പ്രവര്‍ത്തിച്ചു വരവെയാണ് മേല്‌പട്ട ശുശ്രൂഷയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടത്. മികച്ച ഭരണനൈപുണ്യമുള്ള അഡ്‌മിനിസ്‌ട്രേറ്റര്‍, ആളുകളുടെ ആവശ്യങ്ങളും അവരുടെ വിചാര വികാരങ്ങളും മനസിലാക്കിയുള്ള അജപാലനശൈലി, സഭയോടും ക്‌നാനായ സമുദായത്തോടുമുള്ള കൂറും താല്‌പര്യവുമെല്ലാം അദ്ദേഹത്തെ എല്ലാവര്‍ക്കും സ്വീകാര്യനാക്കുന്നു. കൃത്യമായ സമയത്തു ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവ്, സുചിന്തിതമായി എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‌ക്കാനുള്ള ആര്‍ജ്ജവം, തീരുമാനം എടുക്കുന്നതിനുമുന്‍പ് അതുമായി ബന്ധപ്പെട്ടവരെ കേള്‍ക്കാനും അവരുടെ അഭിപ്രായങ്ങള്‍ ആരായാനുമുള്ള മനസ്, എടുക്കുന്ന തീരുമാനങ്ങള്‍ സയമബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള കഠിനാദ്ധ്വാനം, കാര്‍ക്കശ്യം ഇതൊക്കെ ആനിമൂട്ടില്‍ പിതാവില്‍ കാണാനാകും. മലബാറിലെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററിന്റെ ഡയറക്‌ടറായി സേവനം ചെയ്‌ത കാലഘട്ടത്തില്‍ മലബാറിലെ പള്ളികളെയും സ്ഥാപനങ്ങളെയും ആളുകളെയും ഒക്കെ അടുത്തറിയാനും ഇടപെടാനും അദ്ദേഹത്തിനു സാധിച്ചു എന്നതും അദ്ദേഹത്തിന്റെ മെത്രാനടുത്ത ശുശ്രൂഷ ചെയ്യുവാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദൈവത്തിന്റെ ജനത്തെ നയിക്കുക, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക എന്ന ഉത്തരവാദിത്വമാണ് മെത്രാനെന്ന നിലയില്‍ പിതാവ് ഏറ്റെടുക്കുക. ഭാഗ്യസ്‌മരണാര്‍ഹനായ പോപ്പ് ഫ്രാന്‍സിസ് പ്രബോധിപ്പിച്ചതുപോലെ 21-ാം നൂറ്റാണ്ടില്‍ ആളുകളുടെ ചൂരുള്ള ഇടയനായി, അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവസരമാണ് അദ്ദേഹത്തിനു വന്നിരിക്കുന്നത്. സംസാരത്തില്‍ കുലീനത്വം, നോക്കിലും വാക്കിലും ആഢ്യത്വവും, ബന്ധങ്ങളില്‍ ആത്മാര്‍ ത്ഥയും, പ്രവര്‍ത്തനങ്ങളില്‍ കൂടെയുള്ളവരെ ചേര്‍ത്തുനിര്‍ത്തി ഏകോപിപ്പിക്കുവാനുള്ള നേതൃത്വവാസനയും അദ്ദേഹത്തിന്റെ സവിശേഷതകളാണ്. അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, അതിരൂപതയുടെ പ്രിസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ ത്തനം അദ്ദേഹത്തെ അതിരൂപതയിലെ വൈദികരോടും സമര്‍പ്പിതരോടും അല്‌മായരോടും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാനും അവസരം നല്‌കി. അതൊക്കെ സഹായ മെത്രാനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷക്കു തുണയാകും.
കോട്ടയം അതിരൂപതയെ സംബന്ധിച്ചിടത്തോളം അതിരൂപതക്കു മൂന്നു സഹായ മെത്രാന്മാരെ ലഭിച്ചത് നമ്മുടെ തനിമയും പാരമ്പര്യവും ആചാരവും അനുഷ്‌ഠാനവും അഭംഗുരം പാലിച്ച് വളരുന്നതിനാവശ്യമായ അജപാലന സംവിധാനങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു കുടിയേറുന്നവര്‍ക്കു ലഭ്യമാക്കണമെന്ന അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെയും അജപാലന തീക്ഷ്‌ണ തയുടെയും ബാക്കി പത്രമായി കൂടി കാണാവുന്നതാണ്. പുതിയ സഹായ മെത്രാന്റെ നിയമനം ക്‌നാനായ സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും അജപാലനപരമായ ആവശ്യങ്ങളും, സ്വവംശവിവാഹനിഷ്‌ഠ പാലിക്കുന്ന ഈ സമുദായ അംഗങ്ങളെ അവരായിരിക്കുന്ന ഇടങ്ങളില്‍ അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധമുള്ള മൂലക്കാട്ട് പിതാവിനു അക്കാര്യങ്ങള്‍ സീറോമലബാര്‍ സിനഡിനെയും പരിശുദ്ധ സിംഹാസനത്തെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. സീറോ മലബാര്‍ സഭ അതു മനസിലാക്കുകയും പരി. സിംഹാസനം അതംഗീകരിക്കുകയും ചെയ്‌തു എന്ന കാര്യമാണ് പുതിയ സഹായ മെത്രാന്റെ നിയമനത്തിലൂടെ വെളിപ്പെടുന്നത്. കോട്ടയം അതിരൂപതയെ സംബന്ധിച്ചിടത്തോളം കേരളത്തിലും കേരളത്തിനു പുറത്തും അമേരിക്ക, യു.കെ, ആസ്‌ട്രേലിയ, ഇറ്റലി, ബല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലൊക്കെ ആളുകള്‍ കുടിയേറുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നതുകൊണ്ട് അവരെ അനുധാവനം ചെയ്യേണ്ടതു അനുപേക്ഷണീയമായി വരുന്നുണ്ട്. കോട്ടയം അതിരൂപതയിലെ മലബാര്‍ പ്രദേശങ്ങളിലെ അജപാലന ആവശ്യങ്ങള്‍, കോട്ടയം അതിരൂപതയിലെ മലങ്കര സഭാ പൈത്യകത്തിലുള്ളവരുടെ അജപാലന ആവശ്യങ്ങള്‍, അതിരൂപതാംഗങ്ങളായ വിദേശത്തു താമസിക്കുന്നവരുടെ അജപാലന ആവശ്യങ്ങള്‍ ഇവയൊക്കെ കുറവു കൂടാതെയും ഉത്തരവാദിത്വ പൂര്‍വ്വകമായും നിര്‍വഹിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നു ലഭ്യമായിരിക്കുന്നത്. 1911 മുതല്‍ നമ്മള്‍ കോട്ടയം വികാരിയത്തായും പിന്നീട് രൂപത, അതിരൂപത തുടങ്ങിയ ഹയരാര്‍ക്കിലായ വലിയ വളര്‍ച്ചയും ഉയര്‍ച്ചയും സ്വന്തമാക്കി. അത്തരത്തിലുള്ള വളര്‍ച്ചക്കാവശ്യമായ സംവിധാനമാണ് പുതിയ സഹായ മെത്രാന്‍ നിയമനത്തിലൂടെ ഉറപ്പു വരുത്തിയിരിക്കുന്നത്. ക്‌നാനായ സമുദായത്തിന്റെ തനതായ പാരമ്പര്യങ്ങളും സ്വവംശ വിവാഹത്തിലടിസ്ഥാനമിട്ട അതിന്റെ നിലനില്‌പും സഭാത്മകമായ അതിന്റെ സാക്ഷ്യവും എല്ലാം അഭംഗുരം തുടരാന്‍ പുതിയ സഹായ മെത്രാന്റെ നിയമനം സഹായിക്കട്ടെ എന്നാശംസിക്കുന്നു. അഭിവന്ദ്യ ആനിമൂട്ടില്‍ പിതാവിനു ക്‌നാനായ മക്കളുടെയും അപ്‌നേദേശ് കുടുംബത്തിന്റെയും ആശംസകള്‍.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
മാര്‍ ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാന്‍




