ചിക്കാഗോ: ”വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതിലാണ് അനുഗ്രഹം” (അപ്പൊസ്തലപ്രവൃത്തികള്‍ 20:35) എന്ന ബൈബിള്‍ വചനത്തെ ആധാരമാക്കി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് (CML) യൂണിറ്റ് ഒരു വര്‍ഷമായി നടപ്പാക്കിവരുന്ന ‘Share with Joy – Prayer with Care’ ജന്മദിന ചാരിറ്റി പദ്ധതിക്ക് സെപ്റ്റംബര്‍ 20ന് പുന്നത്തറ മാര്‍ മാക്കില്‍ ബാലികാഭവനില്‍ സമാപനം.
അന്നേദിവസം ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന പ്രതിമാസ ജന്മദിന ആശീര്‍വാദ ശുശ്രൂഷയ്ക്കും സമാപനമാകും. ജന്മദിനങ്ങളെ വ്യക്തിഗത ആഘോഷങ്ങളില്‍ ഒതുക്കാതെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും അവസരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ആഘോഷങ്ങളുടെ സന്തോഷവും മധുരവും ലഭിക്കാതെ കഴിയുന്ന അനാഥരും അഗതികളുമായ കുട്ടികളിലേക്കും ആ സന്തോഷം എത്തിക്കുകയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2025 ഒക്ടോബറില്‍ ആരംഭിച്ച് 2026 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. 2025 സെപ്റ്റംബറില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന CML വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ക്നാനായ റീജിയണ്‍ വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. CML യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലില്‍ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് വിശദീകരിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം CML വൈസ് പ്രസിഡന്റ് അബിഗയില്‍ കണ്ണച്ചാംപറമ്പില്‍ പദ്ധതി ഇടവക സമൂഹത്തിന് പരിചയപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ജന്മദിനം ആഘോഷിക്കുന്നവര്‍ക്കായി വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക ആശീര്‍വാദ പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചു. അതോടൊപ്പം ജന്മദിനാഘോഷങ്ങള്‍ക്ക് അവസരം ലഭിക്കാത്ത അനാഥരും അഗതികളുമായ കുട്ടികളെ പ്രാര്‍ഥനയില്‍ അനുസ്മരിക്കുകയും അവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്നതിനായി സഹായങ്ങള്‍ എത്തിക്കുകയും ചെയ്തു.
ഓരോ മാസവും ഒരു അനാഥാലയമോ അര്‍ഹമായ സ്ഥാപനമോ തിരഞ്ഞെടുത്ത് അവിടെയുള്ള കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ പങ്കുവെക്കല്‍, സദ്യ, കേക്ക് മുറിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ജന്മദിനാഘോഷങ്ങളും CML യൂണിറ്റ് സംഘടിപ്പിച്ചു. ഒരു വര്‍ഷത്തിനിടെ 12 സ്ഥാപനങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ച് നിരവധി കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിയിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞു.
ഇടവക സമൂഹത്തിലെ എല്ലാവര്ക്കും പദ്ധതിയുടെ ഭാഗമാകാനുള്ള അവസരവും ഒരുക്കിയിരുന്നു. ദേവാലയ ഹാളില്‍ സംഭാവനാ പെട്ടി സ്ഥാപിക്കുകയും ഇടവകാംഗങ്ങള്‍ക്കും CML അംഗങ്ങള്‍ക്കും സ്വന്തം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സ്വന്തം ജന്മദിനാഘോഷത്തോടൊപ്പം മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷം പകരുക എന്ന സന്ദേശമാണ് പദ്ധതിയിലൂടെ കുട്ടികളിലും ഇടവക സമൂഹത്തിലും വളര്‍ത്തിയെടുക്കാന്‍ CML ലക്ഷ്യമിട്ടത്.
ഒരു വര്‍ഷം നീണ്ടുനിന്ന സ്നേഹത്തിന്റെയും പ്രാര്‍ഥനയുടെയും പങ്കുവെക്കലിന്റെയും യാത്രയുടെ സമാപനമായി സെപ്റ്റംബര്‍ 20ന് പുന്നത്തറ മാര്‍ മാക്കില്‍ ബാലികാഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബാലികാഭവനിലെ കുട്ടികളോടൊപ്പം സന്തോഷം പങ്കുവെച്ചും വിവിധ പരിപാടികളില്‍ പങ്കെടുത്തും പദ്ധതി സമാപിക്കും.
ചടങ്ങില്‍ പുന്നത്തറ സെന്റ് തോമസ് പള്ളി വികാരി ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് വികാരി ഫാ. മോസസ് സ്റ്റീഫന്‍ പുതുപ്പള്ളിമ്യാലില്‍ എന്നിവര്‍ സന്നിഹിതരാകും. വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാകുലേറ്റ്, സെന്റ് മേരീസ് പള്ളി മുന്‍ പാരിഷ് സെക്രട്ടറി സിസ്റ്റര്‍ സില്‍വേറിയസ്, ചിക്കാഗോ സെന്റ് മേരീസ് പള്ളിയുടെ പ്രതിനിധികള്‍ എന്നിവരും ബാലികാഭവന്‍ കുട്ടികളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കും.
ഇടവക വികാരി ഫാ. സിജു മുടക്കോടിയിലിന്റെയും CML ആത്മീയ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപ്പുത്തന്പുരയിലിന്റെയും ആത്മീയ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും CML ഡയറക്ടര്‍ ജോജോ ആനാലില്‍ ബാലികാഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ റോസ്മിയുമായി ആശയവിനിമയം നടത്തി സമാപന പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചുവരുന്നു.
CML കുട്ടികളുടെ സ്നേഹപൂര്‍ണമായ സംരംഭത്തിന് പിന്തുണ നല്‍കുകയും വിവിധ ഘട്ടങ്ങളില്‍ പങ്കാളികളാവുകയും ചെയ്ത എല്ലാവര്ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഈ ദൗത്യം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ ആഹ്വാനം ചെയ്തു.
സെന്റ് മേരീസ് മിഷന് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഐസക് മറ്റത്തില്‍, വൈസ് പ്രസിഡന്റ് അബിഗയില്‍ കണ്ണച്ചാംപറമ്പില്‍, സെക്രട്ടറി ഷോബിന്‍ കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി എലിസബത്ത് ഷിബു പണിക്കപ്പറമ്പില്‍, ട്രഷറര്‍ ജോഷ്വ കിഴവള്ളില്‍, ജോയിന്റ് ട്രഷറര്‍ ഡേവിഡ് കളപ്പുരയ്ക്കല്‍ എന്നിവരുടെ പ്രവര്‍ത്തനവര്‍ഷത്തെ പ്രധാന കര്മപദ്ധതികളിലൊന്നാണ് ‘Share with Joy – Prayer with Care’ ജന്മദിന ചാരിറ്റി പദ്ധതി.



