ലിവര്‍പൂള്‍: യു.കെയിലെ ക്നാനായ കത്തോലിക്കര്‍ക്കായി പുതിയ 5 മിഷനുകള്‍ കൂടി അനുവദിച്ചു. ഇതോടെ മിഷനുകളുടെ എണ്ണം 15ല്‍ നിന്ന് 20 ആയി ഉയര്‍ന്നു. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് പുതിയ മിഷനുകള്‍ അനുവദിച്ച് ഉത്തരവിറക്കിയത്.
സെന്റ് ആന്‍സ് ക്നാനായ കാത്തലിക് മിഷന്, സൗത്ത് വെയില്‍സ് , സെന്റ് മൈക്കിള്‍സ് ക്നാനായ കാത്തലിക് മിഷന്, നോട്ടിംഗ്ഹാം, സെന്റ് ആന്‍സ് ക്നാനായ കാത്തലിക് മിഷന്, ഷെഫീല്‍ഡ്, സെന്റ് കുര്യാക്കോസ് ക്നാനായ കാത്തലിക് മിഷന് സ്റ്റോക്ക്-ഓണ്‍-ട്രെന്റ് ,ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് ത്രീ കൗണ്ടീസ് , സെന്റ് ജോര്‍ജ് ക്നാനായ കാത്തലിക് മിഷന് ബ്രിസ്റ്റോള്‍ എന്നി മിഷനുകളും സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷന്, കെറ്ററിംഗ് , സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷന് ലെസ്റ്റര്‍ , ഇന്‍ഫന്റ് ജീസസ് ക്നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷന് ബ്ളാക്ക്പൂള്‍ എന്നി പ്രപ്പോസ്ഡ് മിഷനുകളുമാണ് പുതുതായി അനുവദിച്ചിരിക്കുന്നതെന്ന് യു.കെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികളുടെ എപ്പാര്‍ക്കിയല്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു.
2025 സെപ്റ്റംബര്‍ 20ന് ലിവര്‍പൂളില്‍ ക്നാനായ കത്തോലിക്കര്‍ക്കായി ഒരു ദേവാലയം ലിവര്‍പൂള്‍ രൂപതയില്‍ നിന്ന് സൗജന്യമായി ലഭിച്ചതും യു.കെയിലെ ക്നാനായ സമൂഹത്തിന് ശ്രദ്ധേയമായ നേട്ടമായി. 2014ല്‍ ഷൂസ്ബറി രൂപതയില്‍ ക്നാനായ കത്തോലിക്കര്‍ക്കായി സെന്റ് മേരീസ് ക്നാനായ ചാപ്ളന്സി അനുവദിച്ചിരുന്നു. 2016ല്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത നിലവില്‍ വന്നതോടെ ക്നാനായ കത്തോലിക്കര്‍ക്കായി കൂടുതല്‍ മിഷനുകള്‍ അനുവദിക്കപ്പെട്ടു. 15 മിഷനുകളില്‍ നിന്ന് 20 മിഷനുകളിലേക്കുള്ള വളര്‍ച്ച യുകെയിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ വളര്‍ച്ചയുടെ പ്രതിഫലനമാണ്. നിലവില്‍ 11 ക്നാനായ വൈദികര്‍ വിവിധ മിഷനുകളില്‍ ശുശ്രൂഷ നിര്‍വഹിച്ചുവരുന്നു. പുതിയ മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനം കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അടുത്ത ദിവസങ്ങളില്‍ നടത്തും.



