ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ തിളങ്ങി ക്‌നാനായ ബാലന്‍

ടൗണ്‍സ്വില്‍: ടൗണ്‍സ്വില്ലിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ നിന്ന് ഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ശ്രദ്ധേയമായ ചുവടുവെപ്പുമായി ക്‌നാനായ ബാലന്‍ ക്രിസ്റ്റന്‍ കുര്യാക്കോസ്. 12 വയസ്സുകാരനായ ഈ യുവതാരം വേഗതയാര്‍ന്ന ബൗളിങ്ങിനൊപ്പം കൃത്യതയാര്‍ന്ന യോര്‍ക്കറുകളും മികച്ച ഇന്‍സ്വിംഗറുകളും എറിഞ്ഞ് ജൂനിയര്‍ സര്‍ക്യൂട്ടില്‍ ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. കഴിഞ്ഞ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡ് ക്രിക്കറ്റ് കാര്‍ണിവലില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ക്രിസ്റ്റന്‍, ഫൈനലില്‍ മാത്രം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം എന്നതിനൊപ്പം മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരവും ക്രിസ്റ്റന്‍ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് സീസണുകളിലും ടൗണ്‍സ്വില്ലിലെ ഏജ്-ഗ്രൂപ്പ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഈ മലയാളി പ്രതിഭയായിരുന്നു. ഈ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ ‘നോര്‍ത്തേണ്‍ സ്‌കൂള്‍ബോയ്‌സ്’ ടീമിലേക്കും ക്രിസ്റ്റന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിസ്ബേനിലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡിനെ പ്രതിനിധീകരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജോ സ്‌കാറ്റേരി, മുന്‍ ശ്രീലങ്കന്‍ നാഷണല്‍ ജൂനിയര്‍ ടീം പരിശീലകന്‍ സമിത് ധനുഷ്‌ക എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്രിസ്റ്റന്‍ പരിശീലനം നേടുന്നത്. ബ്രെറ്റ് ലീ, ഗ്ലെന്‍ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസ പേസര്‍മാരെ മാതൃകയാക്കുന്ന ക്രിസ്റ്റന് മാതാപിതാക്കളായ കുര്യാക്കോസ് തോപ്പില്‍, സ്റ്റിനി കുര്യാക്കോസ്, സഹോദരിമാരായ മെല്‍റോസ്, ഇസബെല്ല എന്നിവരും ടൗണ്‍സ്വില്ലിലെ ക്‌നാനായ സമൂഹവും പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ട്.

 

Previous Post

പയ്യാവൂര്‍ :പൂപറമ്പില്‍ വെളിയംകുളത്തേല്‍ ജോസഫ്

Next Post

Knanaya Boy Shines in Australian Cricket

Total
0
Share
error: Content is protected !!