മടമ്പം: പി.കെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷമായ ‘ ഒപ്പം ഒരോണം’ പയ്യാവൂര്‍ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിലെ അന്തേവാസികള്‍ക്കൊപ്പം കൊണ്ടാടി. മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നൂറിലധികം അന്തവാസികള്‍ക്ക് വേണ്ടി കോളജിലെ അധ്യാപകവിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അന്തേവാസികളോടൊപ്പം പങ്കെടുത്ത ഓണക്കളികളും ഓണസദ്യയും അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ അനുഭവമായി.
തെരേസ ഭവന്‍ ഡയറക്ടര്‍ ബ്രദര്‍ സജി അധ്യാപക വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു, നാച്ചുറല്‍ സയന്‍സ് വിഭാഗം അധ്യാപിക ജോമോള്‍ ജോസ്, മലയാള വിഭാഗം അധ്യാപിക കെ. ശ്രീധന്യ എന്നിവര്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. കോളജിലെ ഐക്യുഎസി വിഭാഗവും, എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. സിനോജ് ജോസഫ് നേതൃത്വം നല്‍കി.




