മടമ്പം: 51- മത് സംസ്ഥാന സബ്ജൂനിയര് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കോട്ടയം ജില്ലാ ടീം അംഗവും ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെടുകയും ചെയ്ത ഫിലിപ്സണ്‍ മനീഷ് പഴയമ്പള്ളിയെ അനുമോദിച്ചു. 2026 സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ വച്ച് നടക്കുന്ന നാഷണല്‍ സബ്ജൂനിയര് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കേരള ടീമിലേക്ക് ഫിലിപ്സണ്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മടമ്പം ലൂര്‍ദ് ഫൊറോന പള്ളി വികാരി ഫാ ഷാജി വടക്കേത്തൊട്ടി മികച്ച താരങ്ങളെ ആദരിച്ചു. മടമ്പം ഇടവക, പഴയമ്പള്ളില് മനീഷ്- രമ്യ ദമ്പതികളുടെ മകനായ ഫിലിപ്സണ്‍ മടമ്പത്തുള്ള ബാസ്ക്കറ്റ്ബോള്‍ അക്കാദമിയിലാണ് പരിശീലനം ആരംഭിച്ചത്. റോജ ടോമി ആദോപ്പിള്ളില്‍, മനോജ് കുഴിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കുന്ന മടമ്പത്തെ ബാസ്ക്കറ്റ്ബോള്‍ അക്കാദമിയില്‍ നിന്നും നിരവധി കായിക പ്രതിഭകളാണ് ചുരുങ്ങിയ കാലം കൊണ്ട് നിരവധി സംസ്ഥാന- ദേശീയ താരങ്ങളായി ഉയര്‍ന്നു വന്നിട്ടുള്ളത്. മുന്‍ ദേശീയ കായികതാരങ്ങളും മടമ്പം ഇടവകാംഗങ്ങളുമായ ഇവരുടെ സമര്‍പ്പണവും കഠിനാധ്വാനവും ഒപ്പം അക്കാദമിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ നല്കുന്ന പിന്തുണയുമാണ് പരിശീലന പരിപാടിയെ മുന്നോട്ടു കൊണ്ടുപോകുന്നത്. തുടര്‍ന്നും നാടിന് അഭിമാനമാകുന്ന കായിക പ്രതിഭകളെ കണ്ടെത്തി വാര്‍ത്തെടുക്കുന്നതിനുള്ള കഠിനപ്രയത്നത്തിലാണ് ഈ ബാസ്കറ്റ് ബോള്‍ താരങ്ങള്‍.



