ചിക്കാഗോ: ജന്മദിനം കേക്കും മെഴുകുതിരിയും ആശംസകളും മാത്രമായി ആഘോഷിക്കാതെ, ലോകത്തിന്റെ മറുഭാഗത്ത് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന കാരുണ്യദൗത്യമായി മാറ്റുകയാണ് ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ സി.എം.എല്‍ (ചൈല്‍ഡ് മിഷന്‍ ലീഗ്) യൂണിറ്റ്. ‘Share with Joy, Prayer with Care’ Birthday Charity Project-ന്റെ ഭാഗമായി ജൂലൈ മാസത്തില്‍ ജന്മദിനം ആഘോഷിച്ച അംഗങ്ങളുടെ സ്‌നേഹസമര്‍പ്പണം ഇത്തവണ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ എംഗൊലൊലെ അനാഥാലയത്തിലെ കുഞ്ഞുങ്ങള്‍ക്കാണ് കൈമാറിയത്.
1937-ല്‍ ടാന്‍സാനിയയിലെ മൊറോഗോറോയില്‍ സ്ഥാപിതമായ എംഗൊലൊലെ അനാഥാലയം രാജ്യത്തെ ഏറ്റവും പഴക്കമേറിയ ശിശുസംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (CICM) സിസ്റ്റേഴ്‌സ് നേതൃത്വം നല്‍കുന്ന ഈ സ്ഥാപനത്തില്‍ നൂറിലധികം അനാഥരും നിരാലംബരുമായ കുട്ടികള്‍ക്ക് സുരക്ഷിതമായ താമസവും പോഷകസമൃദ്ധമായ ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും വസ്ത്രവും മാനസിക പിന്തുണയും ലഭ്യമാക്കി അവരുടെ ജീവിതത്തിന് പുതിയ പ്രത്യാശയും ഭാവിയും സമ്മാനിച്ചുവരികയാണ്.
ഈ വര്‍ഷത്തെ ജൂലൈ മാസത്തെ കാരുണ്യസമര്‍പ്പണത്തിന്റെ ഭാഗമായി, ജൂലൈ 14-ന് എംഗൊലൊലെ അനാഥാലയത്തില്‍ പ്രത്യേക ജന്മദിനാഘോഷവും പ്രാര്‍ത്ഥനാസമ്മേളനവും സംഘടിപ്പിച്ചു. സി.എം.എല്‍ യൂണിറ്റിന്റെ അഭ്യുദയകാംക്ഷകനും പദ്ധതിയുടെ പിന്തുണക്കാരനുമായ ഫാ. ഫില്‍ബര്‍ട്ട് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചിക്കാഗോയിലെ സൈനിക ആശുപത്രിയില്‍ ചാപ്ലിനായി സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം തന്റെ മിഷന്‍ സന്ദര്‍ശനത്തിനിടെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തെ പ്രതിനിധീകരിച്ചാണ് അനാഥാലയം സന്ദര്‍ശിച്ചത്.
അനാഥാലയത്തിലെ കുഞ്ഞുങ്ങളോടൊപ്പം ജന്മദിനാഘോഷം പങ്കുവെച്ച ഫാ. ഫില്‍ബര്‍ട്ട്, അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം കൈമാറുകയും ചെയ്തു. തുടര്‍ന്ന് എല്ലാ കുട്ടികള്‍ക്കും ജന്മദിനസമ്മാനങ്ങളും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളും കൈമാറി. ചിക്കാഗോയിലെ സി.എം.എല്‍ അംഗങ്ങള്‍ പങ്കുവെച്ച ജന്മദിനസമര്‍പ്പണമാണ് ഈ കാരുണ്യദൗത്യത്തിന് പിന്നിലെ പ്രചോദനമായത്.
ജൂലൈ മാസത്തില്‍ ജന്മദിനം ആഘോഷിച്ച എല്ലാ അംഗങ്ങളുടെയും ഉദാരമായ പങ്കാളിത്തവും പ്രാര്‍ത്ഥനയും പദ്ധതിയുടെ വിജയത്തിന് കരുത്തേകി. ഇതിന്റെ ഭാഗമായി ജൂലൈ 19-ന് ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജൂലൈ മാസത്തിലെ ജന്മദിനാഘോഷക്കാര്‍ക്കായി പ്രത്യേക അനുഗ്രഹശുശ്രൂഷയും നടത്തി.
2025 ഒക്ടോബറില്‍ ആരംഭിച്ച ‘Share with Joy, Prayer with Care’ Birthday Charity Project 2026 സെപ്റ്റംബര്‍ അവസാനത്തോടെ പുന്നത്തറയിലെ മാര്‍ മാക്കില്‍ ബാലികാഭവനില്‍ സമാപിക്കും. ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെയും സി.എം.എല്‍ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപുത്തന്‍പുരയുടെയും മാര്‍ഗനിര്‍ദേശത്തില്‍, സി.എം.എല്‍ യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലിലാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിച്ചുവരുന്നത്.





