കരിങ്കുന്നം :സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി.നാടന്‍ ഭക്ഷ്യവിഭവങ്ങളും, കുട്ടികളുടെ നാടന്‍ കളിപ്പാട്ടങ്ങളും, പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസുകാരായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള ഒരുക്കിയത്.
വിദ്യാര്‍ത്ഥികള്‍ തന്നെ വീട്ടില്‍ തയ്യാറാക്കിയ വിഭവങ്ങളാണ് ഭക്ഷ്യ മേളയില്‍ ഉള്‍പ്പെടുത്തിയത്.
ചക്കയുടെ ആരോഗ്യപരമായ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് വിവിധ തരം ചക്ക വിഭവങ്ങള്‍,
ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ ആഹാരസാധനങ്ങളോടൊപ്പം, നാടന്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കി.
മുണ്ടന്‍ കപ്പയും മുളകുപൊട്ടിച്ചതും ആദ്യമായി കഴിച്ചതിന്റെ എരിവ് മാറ്റുവാനായി അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയ കോഴിക്കോട്ട കഴിക്കുന്നതു ഉള്‍പ്പെടെയുള്ള കൗതുകകരമായ പല കാഴ്ചകളും പരിപാടിയുടെ ഭാഗമായിരുന്നു.
പ്ലാവിലയും ഓലയും ഉപയോഗിച്ചുകൊണ്ടുള്ള ഓലപ്പന്തും, പ്ലാവില തൊപ്പിയും ഉള്‍പ്പെടെയുള്ള വിവിധങ്ങളായ നാടന്‍ കളിപ്പാട്ടങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിച്ചു കൊണ്ടു വന്ന് പ്രദര്‍ശിപ്പിച്ചതും പരിപാടിയുടെ ഭാഗമായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജിനോ തോമസ്, സോഷ്യല്‍ സയന്‍സ് അധ്യാപകരായ അനു അല്‍ഫോന്‍സാ, സിനി ജേക്കബ്, മരിയ തോമസ്, നിതിന്‍ ജോസ്, ജോബിനമോള്‍, അഗസ്റ്റിന്‍ ജോസ്, റിജോ ജോസ്, ആര്യമോള്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



