ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഫൊറോനയുടെ കീഴിലുള്ള മതബോധന (Catechism) വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു. 2026 മെയ് 22, 23, 24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ വച്ചാണ് ക്യാമ്പ് നടന്നത്. സെന്റ് എഫ്രേം ക്നാനായ സെന്റര്‍ , സേക്രഡ് ഹാര്‍ട്ട് ക്നാനായ പള്ളി കെ.ആര്. പുരം, സ്വര്‍ഗ്ഗറാണി ക്നാനായ പള്ളി എന്നിവിടങ്ങളില്‍ നിന്നായി 67 വിദ്യാര്‍ത്ഥികള്‍ ഈ സമ്മര്‍ ക്യാമ്പില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. ക്യാമ്പിന് എം.എസ്.പി സെമിനാരി ബ്രദേഴ്സ് നേതൃത്വം നല്കി. ബഹുമാനപ്പെട്ട ഫാ. ഷിനോജ് വെള്ളായിക്കല്‍, ഫാ. ജിസ്മോന് മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളിലെ മതബോധന അധ്യാപകരുടെയും ഇടവകാംഗങ്ങളുടെയും കൈക്കാരന്മാരുടെയും സജീവമായ സഹകരണവും പങ്കാളിത്തവുമാണ് ക്യാമ്പ് വന്‍ വിജയമാക്കാന്‍ സഹായിച്ചത്. ‘ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍’ (മത്തായി 19:14) എന്ന ബൈബിള്‍ വചനത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ക്യാമ്പില്‍ ‘വിശ്വാസം, സൗഹൃദം, വിനോദം’ (Faith. Friendship. Fun.) എന്നിവയ്ക്ക് മുന്‍തൂക്കം നല്കി. കുട്ടികളുടെ ആത്മീയവും വ്യക്തിപരവുമായ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ക്യാമ്പ് സമാപിച്ചത്.




