698 ഗ്രാം ഭാരത്തോടെ ആറാം മാസം ജനിച്ച കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രി

കിടങ്ങൂര്‍: വളരെ കുറഞ്ഞ ഭാരത്തോടെ (Extreme Premature) ആറാം മാസത്തില്‍ ജനിച്ച കുഞ്ഞിനെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ആശുപത്രി. തിടനാട് സ്വദേശികളായ ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞാണ്, രണ്ടു മാസത്തെ തീവ്രപരിചരണത്തിനൊടുവില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ അമ്മയോടൊപ്പം ആശുപത്രി വിട്ടത്. ഗര്‍ഭകാലത്തിന്റെ ആറാം മാസത്തില്‍ വെറും 698 ഗ്രാം മാത്രം ഭാരവുമായാണ് കുഞ്ഞ് ജനിച്ചത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും നേരിട്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെ അത്യാധുനിക നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ (NICU) പ്രവേശിപ്പിക്കുകയായിരുന്നു. ചീഫ് പീഡിയാട്രീഷ്യനും നിയോനാറ്റോളജിസ്റ്റുമായ ഡോ. സിസ്റ്റര്‍ ലത SVM, ഡോ. രാജേഷ് എസ്. നായര്‍, ഡോ. മെല്‍ബ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് കുഞ്ഞിന് തണലായത്. പ്രസവസംബന്ധമായ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി. ശാന്തി, ഡോ. എയ്ഞ്ചല ബാബു, ഡോ. അനിത ഫ്രാന്‍സിസ് എന്നിവരും നിര്‍ണായക പങ്കുവഹിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് NICU സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ സമര്‍പ്പിത സേവനവും ആശുപത്രി മാനേജ്മെന്റിന്റെ മികച്ച പിന്തുണയും കുഞ്ഞിന്റെ ആരോഗ്യ പുരോഗതി വേഗത്തിലാക്കി. ഏകദേശം രണ്ടു മാസത്തെ തുടര്‍ച്ചയായ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ കുഞ്ഞിന്റെ ഭാരം 1 കിലോ 554 ഗ്രാമിലേക്ക് ഉയരുകയും ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാകുകയും ചെയ്തു. തുടര്‍ന്നാണ് അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാര്‍ജ് നല്‍കിയത്. വളരെ കുറഞ്ഞ ഭാരവുമായി ജനിക്കുന്ന പ്രീമേച്വര്‍ കുഞ്ഞുങ്ങളുടെ ചികിത്സയിലും പരിചരണത്തിലും ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയിലെ നവജാതശിശു വിഭാഗം ഏറ്റവും മികച്ച നിലവാരത്തിലുള്ള സേവനമാണ് നല്‍കിവരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Previous Post

ഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണവും നാലാം ചരമവാര്‍ഷികവും നടത്തപ്പെട്ടു

Next Post

പിറവം :കക്കയം കിഴക്കനടിയില്‍ നയിത്തോ

Total
0
Share
error: Content is protected !!