ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ സി.എം.എല്‍ (CML) യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നേതൃത്വ പരിശീലന വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. സി.എം.എല്‍ എക്സിക്യൂട്ടീവുകള്‍, ഗ്രൂപ്പ് ലീഡേഴ്സ്, അസിസ്റ്റന്റ് ലീഡേഴ്സ് എന്നിവര്‍ക്ക് വേണ്ടി നടത്തിയ പരിപാടി പങ്കെടുത്ത കുട്ടികള്‍ക്ക് പ്രചോദനകരമായ അനുഭവമായി മാറി. അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ഡല്‍ഹി-ആഗ്ര രൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാദര്‍ സുനില്‍ കുഴിപ്പറമ്പില്‍ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിക്കുകയും തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സി.എം.എല്‍ ജോയിന്റ് ട്രഷറര്‍ ഡേവിഡ് കളപ്പുരക്കല്‍ സെമിനാര്‍ നയിക്കുന്നവരെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപനത്തില്‍ സെന്‍മേരിസ് സിഎംഎല്‍ യൂണിറ്റ് പ്രസിഡന്റ് ഐസക് മറ്റത്തില്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. വര്‍ക്ക്ഷോപ്പിന്റെ ഏകോപനം മിഷന് ലീഗ് യൂണിറ്റ് ഡയറക്ടേഴ്സ് ആയ ജോജോ ആനാലില്‍ ,ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍, സൂര്യ കരിക്കുളം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് മിസ്റ്റര്‍ ടെഡി ജോണ്‍ മുഴയന്‍ മാക്കിലും , മിസ്റ്റര്‍ ജെയിംസ് കുന്നാശ്ശേരിയും ആയിരുന്നു. 30 വര്‍ഷത്തിലേറെ പരിചയമുള്ള ടെക്നോളജി വിദഗ്ധനും ഗ്ലോബല്‍ ടീമുകളുടെ ടെക്നിക്കല്‍ ലീഡുമായ ടെഡി ജോണ്‍ ആദ്യ പകുതിയിലെ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഹൈസ്കൂള്‍ സീനിയറും സെന്‍മേരിസ് ഇടവകയിലെ സി.എം.എല്‍ യൂണിറ്റിന്റെ ആദ്യ പ്രസിഡന്റുമായ ജെയിംസ് കുന്നാശ്ശേരി ഹാന്‍ഡ്സ്-ഓണ്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. കുട്ടികളില്‍ നേതൃത്വഗുണങ്ങളും ആത്മവിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയില്‍ സിദ്ധാന്തപരമായ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തി. ആശയവിനിമയ കഴിവുകള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍, നേതൃത്വപരമായ തീരുമാനമെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ഉത്സാഹഭരിതമാക്കി. നേതൃത്വ ശേഷി വികസിപ്പിക്കുന്നതിനൊപ്പം കൂട്ടായ്മയും ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതില്‍ ഈ വര്‍ക്ക്ഷോപ്പ് ഏറെ സഹായകമായതായി സംഘാടകര്‍ അറിയിച്ചു. ഭാവിയില്‍ മികച്ച നേതാക്കളായി കുട്ടികളെ വളര്‍ത്തുന്നതിനുള്ള പ്രചോദനമായി ഈ സംരംഭം മാറട്ടെ എന്ന് ഫാദര്‍ സുനില്‍ കുഴിപ്പറമ്പില്‍ ആശംസിച്ചു. സെന്‍മേരിസ് മിഷന് ലീഗ് യൂണിറ്റ് സ്പിരിച്വല്‍ ഡിറക്ടര്‍ ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുരയില്‍ പങ്കെടുത്ത കുട്ടികളെ പ്രത്യേകം അനുമോദിച്ചു.






