നിതിന്‍ രാജിന്റെ ആത്മഹത്യ: നാടിനാകെ നാണക്കേട്‌

തിരുവനന്തപുരം നെടുമങ്ങാട്‌ ഉഴമലക്കല്‍ സ്വദേശിയും കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്‌ വിദ്യാര്‍ത്ഥിയുമായ നിതിന്‍ രാജിന്റെ ആത്മഹത്യ കേരളത്തിനാകെ അപമാനമാണ്‌. പഠിക്കാന്‍ മിടുക്കനായിരുന്ന നിതിന്‍രാജ്‌ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മെറിറ്റിലൂടെയാണ്‌ അഡ്‌മിഷന്‍ നേടിയത്‌. ഡോക്‌ടറാകണമെന്ന സ്വപ്‌നത്തെ താലോലിച്ച ആ യുവാവിനു ജീവനൊടുക്കേണ്ടിവന്നതിന്റെ കാരണങ്ങളായി പറഞ്ഞുകേള്‍ക്കുന്നത്‌ കോളജിലെ തന്നെ ഏതാനം അദ്ധ്യാപകരില്‍നിന്നുണ്ടായ അങ്ങേയറ്റം മോശമായ പെരുമാറ്റമാണ്‌. ജാതി പറഞ്ഞ്‌ ആക്ഷേപിക്കുന്നതും മറ്റുള്ളവരുടെ മുന്‍പില്‍ വച്ചു ആക്ഷേപിക്കുന്നതും മാതാവിന്റെ രോഗത്തെപോലും നിതിന്‍ രാജിനെ കളിയാക്കാനുള്ള കാരണങ്ങളായി ഉപയോഗിക്കുന്നതുമൊക്കെ ആ കോളജിലെ അദ്ധ്യാപകനായിരുന്ന ഡോ. എം.കെ. റാമിന്റെ വിനോദമായിരുന്നു. തനിക്കര്‍ഹതപ്പെട്ട മാര്‍ക്ക്‌ പരീക്ഷയ്‌ക്കു നല്‍കാതെ, കുറച്ച മാര്‍ക്ക്‌, നിതിന്‍ രാജിന്റെ മാതാപിതാക്കള്‍ക്കുള്ള സര്‍പ്രൈസ്‌ ഗിഫ്‌റ്റാണെന്നുവരെ പറഞ്ഞുവയ്‌ക്കുവാന്‍ ആ അദ്ധ്യാപകന്‍ തുനിഞ്ഞുവെന്നാണ്‌ ആക്ഷേപം. പഠിപ്പിക്കാന്‍ എത്തുന്ന ഈ അദ്ധ്യാപകന്‍ കുട്ടികളുടെ ജാതി ചോദിക്കുന്നതും ബോഡി ഷെയിമിംഗ്‌ നടത്തുന്നതുമൊക്കെ വിദ്യാര്‍ത്ഥികള്‍ പരാതികളായി പറഞ്ഞിട്ടുണ്ട്‌. കെട്ടിടത്തില്‍നിന്നു താഴെ ചാടി മരിക്കുന്നതിനു മുന്‍പ്‌ കോളജ്‌ പ്രിന്‍സിപ്പലിന്റെ മുറിയില്‍നിന്നു കരഞ്ഞുകൊണ്ടുപോകുന്ന നിതിന്‍ രാജിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്‌. സംഭവത്തില്‍ ആത്മഹത്യപ്രേരണകുറ്റുത്തിനാണ്‌ കോളജ്‌ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനും അസോസിയേറ്റ്‌ പ്രൊഫസര്‍ കെ.ടി. സംഗീത നമ്പ്യാര്‍ക്കുമെതിരെ പോലീസ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. നിതിന്‍ രാജിന്റെ ആത്മഹത്യയെതുടര്‍ന്ന്‌ ഡോ. എം.കെ. റാമിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചുകൊണ്ട്‌ പ്രതികരണം നടത്തുകയുണ്ടായി. ഒളിവില്‍ കഴിയുന്ന ഡോ. എം.കെ. റാമിനെ കോളജില്‍നിന്നു പുറത്താക്കുമെന്ന്‌ കോളജ്‌ മാനേജ്‌മെന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേവലം കോളജില്‍നിന്നു പുറത്താക്കിയതുകൊണ്ട്‌ തീരുന്നതല്ല നിതിന്‍ രാജിന്റെ മരണംമൂലം ആ വ്യക്തിക്കും കുടുംബത്തിനും ഉണ്ടായ നഷ്‌ടം. ജാതി അധിഷേപത്തിനും മാനസിക പീഡനത്തിനും ഇരയായ ഈ വിദ്യാര്‍ത്ഥിയുടെ മരണത്തിന്റെ പിന്നില്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയാണെന്നും ഒരു ആരോപണം പുറത്തുവന്നിട്ടുണ്ട്‌. എന്നാല്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ രാജ്‌ മരിച്ചതെന്നാണ്‌ അദ്ദേഹത്തിന്റെ സഹോദരി നിഖിത രാജ്‌ പറഞ്ഞത്‌. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണെന്നും പേയ്‌മെന്റ്‌ അടച്ചതാണെന്നും റഫറന്‍സ്‌ ആയി നല്‌കിയിരിക്കുന്നത്‌ ചേച്ചിയുടെയും തന്റെയും അച്ചന്റെയും അമ്മയുടെയും ഫോണ്‍ നമ്പറുകളാണെന്നുമാണ്‌ അവരുടെ നിലപാട്‌. ലോണ്‍ ആപ്പിന്റെ ഭീഷണി പെട്ടെന്നുള്ള മരണത്തിലേക്കു തള്ളിവിടാന്‍ കാരണമായോ എന്ന്‌ പോലീസ്‌ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. അപ്പോഴും കോളജില്‍ വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞും നിറം നോക്കിയും, ശാരീരിക പ്രത്യേകതകളുടെ പേരിലുമൊക്കെ ബോഡി ഷെയ്‌മിംഗ്‌ നടത്തുന്ന അദ്ധ്യാപകര്‍ പ്രബുദ്ധ കേരളത്തിനാകെ അപമാനകരമാണ്‌. ഡോക്‌ടര്‍ പഠനത്തിന്റെ ഒന്നാം വര്‍ഷംതന്നെ ജാതി വെറിയുടെയും മാനസിക പീഡനത്തിന്റെയും പേരില്‍ ജീവനൊടുക്കിയ ആ വിദ്യാര്‍ത്ഥിയെ ആ സാഹചര്യത്തിലേക്കു എത്തിച്ചവരുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ശിക്ഷിക്കപ്പെടണം. പട്ടിക ജാതിയില്‍പെട്ട നിതിന്റെ അച്ഛന്റെയും അമ്മയുടെയും തൊഴിലിന്റെ പേരില്‍ പോലും അവന്‍ ആക്ഷേപിക്കപ്പെട്ടു. പുഴുത്ത പട്ടിയെന്ന്‌ അദ്ധ്യാപകര്‍ തന്റെ മകനെ വിളിച്ചുവെന്ന്‌ ആരോപിക്കുന്നത്‌ ആത്മഹത്യ ചെയ്‌ത നിതിന്‍ രാജിന്റെ പിതാവ്‌ രാജനാണ്‌. അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിരന്തരം അപമാനിക്കുകയും പരീക്ഷകളില്‍ മാര്‍ക്കുകള്‍ കുറക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നെന്ന നിതിന്റെ ശബ്‌ദശന്ദേശവും പുറത്തു വന്നു. ക്രൂരമായ റാഗിംഗിനും നിതിന്‍ വിധേയമായിട്ടുണ്ട്‌. പട്ടിക ജാതിയില്‍പെട്ട മിടുക്കനായ ഈ വിദ്യാര്‍ത്ഥി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയില്‍, പ്രത്യേകിച്ചു പ്രബുദ്ധതയില്‍ മുന്നിലെന്നു അവകാശപ്പെടുന്ന കേരളത്തില്‍, നവോത്ഥാനമൂല്യങ്ങളെ ഊട്ടി ഉറപ്പിക്കേണ്ട അദ്ധ്യാപകരില്‍ നിന്നുള്ള തെറ്റായ പെരുമാറ്റത്തിന്റെ പേരില്‍, ആത്മഹത്യക്കു കീഴടങ്ങേണ്ടി വന്നുവെങ്കില്‍, നാം അഭിമാനിക്കുകയും ഊതി പെരുപ്പിക്കുകയും ചെയ്‌ത നവോത്ഥാന സങ്കല്‌പം, ഇന്നും എത്രയോ അകലെയാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും ഒരു കാമ്പസിലും ഇനിയുണ്ടാകരുത്‌. ഒരു വിദ്യാര്‍ത്ഥിയുടെയും സ്വപ്‌നങ്ങളില്‍ ഒരദ്ധ്യാപകനും കണ്ണീര്‍ വീഴ്‌ത്തരുത്‌. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവാന്‍ ശക്തമായ സംവിധാനങ്ങള്‍ കാമ്പസുകളില്‍ ഉണ്ടാകണം. അതിനുള്ള സാഹചര്യങ്ങളും കാമ്പസുകളില്‍ ഒരുക്കണം. ജാതി വിവേചനം ഒരു കാരണവശാലും അനുവദിച്ചുകൂടാ. കാമ്പസുകളില്‍ പേടി കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കു മനസു തുറക്കാനും പരാതി പറയാനുമുള്ള സാഹചര്യം സംജാതമാകണം. സ്വതന്ത്രമായ ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കുമുള്ള അന്തരീക്ഷം കാമ്പസുകളില്‍ ഉണ്ടാകണം. സംഭവത്തില്‍ കുറ്റക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങളെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി കാണുന്ന ഒരു സാഹചര്യം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടാകണം, അതു ഭരണഘടനയില്‍ ഉറപ്പു വരുത്തണം എന്നു കൃത്യമായി നിലപാട്‌ എടുത്ത സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന ശില്‌പി ഡോ. അംബേദ്‌കറുടെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ തന്നെ (ഏപ്രില്‍ 14) അദ്ദേഹം വിഭാവനം ചെയ്‌ത തുല്യതയില്‍ അധിഷിഠിതമായ മനുഷ്യന്റെ അന്തസിനെ, അസ്ഥിരപ്പെടുത്തുന്ന സംഭവമാണ്‌ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കോളജില്‍ നിന്നും പുറത്തു വന്നത്‌. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കനുള്ള കര്‍ക്കശമായ നടപടികളും അതിനാവശ്യമായ നിലപാടുകളുമാണ്‌ നാമെല്ലാവരും പ്രതീക്ഷിക്കുന്നത്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌..

Previous Post

അതിഥി അദ്ധ്യാപക ഒഴിവ്

Next Post

പയസ് മൗണ്ട് സണ്‍ഡേ സ്കൂളിന് എ പ്ളസ്

Total
0
Share
error: Content is protected !!