കരിങ്കുന്നം: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍.പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനം ആചരിച്ചു.പ്രശസ്ത എഴുത്തുകാരന്‍ അജയ് വേണു പെരിങ്ങാശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
വായന ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നോവല്‍ ദൃശ്യാനുഭവമത്സരം ഏറെ ശ്രദ്ധേയമായി. മഞ്ഞ് ,അഗ്‌നിസാക്ഷി, പാത്തുമ്മയുടെ ആട്,ബാല്യകാലസഖി എന്നീ നോവലുകളിലെ കഥാപാത്രങ്ങള്‍ വേദിയില്‍ പുനര്‍ജനിച്ചു.കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ കൃതികളില്‍ നിന്നൊ പ്പിയെടുത്ത കുട്ടികള്‍ കഥയും കാഴ്ചയും കൈകോര്‍ക്കുന്ന വിസ്മയം തീര്‍ത്തു.പോസ്റ്റര്‍ പ്രദര്‍ശനം, മലയാള സാഹിത്യ ക്വിസ് മത്സരം, പുസ്തക പ്രദര്‍ശനവും വില്‍പ്പനയും, ഇംഗ്ലീഷ്- ഹിന്ദി-മലയാളം ഭാഷകളില്‍ നടത്തുന്ന വായന മത്സരം എന്നിവയിലൂടെ വായനയുടെ വാതില്‍ തുറക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ലിന്‍സി അലക്‌സ് പറഞ്ഞു. മലയാളം അധ്യാപികയായ ശ്രീമതി സിജി ജോണ്‍ ചടങ്ങില്‍ ‘പി. എന്‍. പണിക്കര്‍ സ്മരണാഞ്ജലി’ നിര്‍വഹിച്ചു. ശ്രീ വിജയ് മാത്യു ,ശ്രീ ജോണ്‍സണ്‍ കെ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ പുസ്തകപ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.
നോവല്‍ ദൃശ്യാനുഭവവുമായി വായനാദിനം




