കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജനുവരി 24 രാവിലെ 10 മണിക്കാണ് അനുമോദനയോഗം സംഘടിപ്പിക്കുന്നത്. യോഗത്തില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിക്കും. അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പങ്കെടുക്കും. അതിരൂപതാംഗങ്ങളായ 82 പേരാണ് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്തു പ്രസിഡന്റ്, പഞ്ചായത്തു പ്രസിഡന്റ് തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. യോഗത്തില്‍ കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. കോട്ടയം അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ കൃതജ്ഞത അര്‍പ്പിക്കും. കെ. സ്മാര്‍ട്ട് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്മോന്‍ ജോയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പര്‍മാരുടെ ഉത്തരവാദിത്വങ്ങളും കടമകളും പ്രവര്‍ത്തനമേഖലകളും സാധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിക്കും. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് അനുമോദനയോഗം ക്രമീകരിച്ചിരിക്കുന്നത്.





