ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വി. കുര്‍ബാനക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തില്‍ നേടും തൂണുകളായി നിന്നതു ഗ്രാന്‍ഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകള്‍ക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തില്‍ പ്രസ്താവിച്ചു. തുടര്‍ന്ന് എല്ലാ ഗ്രാന്‍ഡ് പേരെന്സിനും വേണ്ടി പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥന നടത്തി. കൊച്ചുമക്കളെ പ്രാതിനിധീകരിച്ച് ഇവാന മണ്ണൂക്കുന്നേല്‍ ആശംസാ പ്രസംഗം നടത്തി. എല്ലാ ഗ്രാന്‍ഡ് പേരെന്സിനും ഇടവകയുടെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട വൈദികര്‍ സമ്മാനിച്ചു. തദവസരത്തില്‍ കുട്ടികള്‍ മംഗളഗാനം ആലപിച്ചു.
രാവിലെ 8 മണിക്കും വൈകുന്നേരം 5:30 നും നടന്ന വി. കുര്ബാനക്കും ആശീര്‍വാദ പ്രാര്‍ഥനക്കും സമ്മാന വിതരണത്തിനും ഫാ. സിജു മുടക്കോടില്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുര, ഫാ. തോമസ് താഴപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. രാവിലെ 10 മണിക്കത്തെ വി. കുര്‍ബാനക്ക് ശേഷം സീനിയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ് പേരെന്റ്സിനായി നിരവധി വിനോദപരിപാടികള്‍ നടത്തപ്പെട്ടു. ജെയിംസ് ആന്‍ഡ് മന്നു തിരുനല്ലിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഗ്രാന്ഡ്പേരെന്റ്സിനായി നടത്തിയ ആക്ടിവിറ്റി ട്രെയിനിങ് ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. ഈ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍. മജോ കുന്നശ്ശേരി, ഫെലിക്സ് പാലകന് എന്നിവരും നിരവധി വോളന്റീയേഴ്സും നേതൃത്വം നല്കി.
റോയി ചേലമലയില്‍




