കോട്ടയം: വിവിധങ്ങളായ സാമൂഹ്യ ശുശ്രൂഷ മേഖലകളില്‍ സുത്യര്‍ഹമായ സേവനം അനുഷഠിച്ചു കൊണ്ടിരിക്കുന്ന സന്ന്യാസിനികളെ ആദരിക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പിരീയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടും പീഡിയാട്രിക് ആന്റ് നിയോനാറ്റോളജി കണ്‍സള്‍ട്ടന്റുമായ സിസ്റ്റര്‍ ഡോ. ലത എസ്.വി.എം, ഇടുക്കി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോമില്‍ഡ, ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ദി മോസ്റ്റ് പ്രേഷ്യസ് ബ്ലെഡ് കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റിന്‍സി കോയിക്കര എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. 5001 രൂപായും മൊമന്റോയും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബര്‍ 12-ാം തീയതി ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് എസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു





