വി. പത്രോസിന്റെ കബറിടം

മോളമ്മ മാത്യു ,അമ്പലപ്പറമ്പില്‍, എസ്.എച്ച് മൗണ്ട്

‘പത്രോസേ, നീ പാറയാകുന്നു, ആ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും.. സ്വര്‍ഗത്തിന്റെ താക്കോല്‍ നിനക്ക് ഞാന്‍ നല്‍കും. നരക കവാടങ്ങള്‍ നിനക്കെതിരെ ബലപ്പെടുകയില്ല..’
സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിവരണം മാത്രം മതിയാകും ഈ അപ്പസ്‌തോലിക പ്രാമുഖ്യം മനസ്സിലാക്കുവാന്‍. അതേ, കത്തോലിക്കാ സഭയില്‍ വിശുദ്ധ പത്രോസിന്റെ, ആദ്യത്തെ മാര്‍പാപ്പയുടെ പ്രാതിനിധ്യം ഇന്നും അനിഷേധ്യമായി നില നില്‍ക്കുന്നു. ഈ വിശുദ്ധന്റെ ശവകുടീരത്തിന് മുമ്പില്‍ മുട്ട് മടക്കാനായത് ഒരു മഹാ ഭാഗ്യമായി ഞാന്‍ കരുതുന്നു.
ഇറ്റലി സന്ദര്‍ശനം ആസൂത്രണം ചെയ്തപ്പോള്‍ തന്നെ പട്ടികയുടെ മുകള്‍ നിരയില്‍ സ്ഥാനം പിടിച്ച ഒന്നായിരുന്നു വത്തിക്കാന്‍ നെക്രോപോളിസ്. ഇവിടെയാണ് വിശുദ്ധന്റെത് എന്ന് വിശ്വസിക്ക പ്പെടുന്ന ശവകുടീരം .ഈ ശവകുടീരത്തിന് മീതെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക നിര്‍മിക്ക പ്പെട്ടിരിക്കുന്നത്.

ഗൂഗിള്‍ മാഷിന്റെ നിര്‍ദേശാനുസരണം വത്തിക്കാന്‍ നെക്രോപോളിസ് ടിക്കറ്റ്, യാത്രക്ക് രണ്ട് മാസം മുമ്പ് തന്നെ ബുക്ക് ചെയ്തിരുന്നു. ഉഫിച്ചിയോ സ്‌കാവി (എക്‌സ്‌കവേഷന്‍ ഓഫീസ്) മായി നടത്തിയ ഇമെയില്‍ സന്ദേശങ്ങളിലൂടെയാണ് സന്ദര്‍ശന പാസുകള്‍ ഞങ്ങള്‍ക്ക് ലഭ്യമായത്. പതിനഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രവേശനം അനുവദനീയമല്ലാത്തതു കൊണ്ട് ഞാനും ഭര്‍ത്താവും വ്യതസ്ഥ സമയങ്ങളില്‍ ആണ് ഈ സന്ദര്‍ശനം ബുക്ക് ചെയ്തത്. സന്ദര്‍ശന സമയത്ത് പാലിക്കേണ്ട മര്യാദകള്‍ എല്ലാം തന്നെ ഈ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 90 മിനിറ്റ് ആണ് സ്‌കാവി ടൂര്‍. 12പേര്‍ മാത്രമുള്ള ഒരു ഗ്രൂപ്പ് ആണ് അനുവദനീയം. ഫോട്ടോസ് എടുക്കുന്നത് നിരോധിച്ചിരിക്കുന്നു. 40-42 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഉണ്ടായിരുന്നതിനാല്‍ വെള്ളം എടുക്കുവാന്‍ അനുമതി ഉണ്ടായിരുന്നു. ടിക്കറ്റില്‍ ആവശ്യപ്പെട്ടത് പോലെ 15 മിനിറ്റ് മുമ്പ് തന്നെ സ്‌കാവി ഓഫീസിന്റെ മുമ്പില്‍ എത്തി.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഇടത് വശത്തുള്ള വലിയ സ്തംഭനിരകള്‍ക്കിടയിലൂടെ വത്തിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ പിന്നിലായാണ് സ്‌കാവി ഓഫീസ്. സുരക്ഷ പരിശോധനക്ക് ശേഷമേ പ്രവേശന അനുമതി ലഭിക്കൂ. വാതിലിന് മുമ്പില്‍ വര്‍ണശബളമായ യൂണിഫോം ധരിച്ച ചെറുപ്പക്കാരനായ പൊന്തിഫിക്കല്‍ സ്വിസ് ഗാര്‍ഡ് , അനുമതി പത്രം പരിശോധിച്ച് അകത്തേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. (നീല, ചുവപ്പ്,മഞ്ഞ നിറങ്ങളിലുള്ള ഒരു പ്രത്യേക തരം വേഷവിധാന മാണ് സ്വിസ് ഗാര്‍ഡ്മാരുടേത്. കൂടാതെ കറുത്ത തൊപ്പിയും അരയില്‍ തൂങ്ങി കിടക്കുന്ന വാളും, എല്ലാം കൂടി നയനാനന്ദകരമായ ഒരു കാഴ്ചയാണ്.) ഓഫീസിന് മുന്നില്‍ ബാക്കിയുള്ള 11 പേര്‍ക്കൊപ്പം ടൂര്‍ ഗൈഡിന്റെ വരവിനായി ഞാനും കാത്തുനിന്നു.

അഞ്ച് മിനിറ്റ് കഴിഞ്ഞ് ഞങ്ങളുടെ ഗൈഡ് പ്രത്യക്ഷനായി. ഏകദേശം അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള അദ്ദേഹം ആംഗലേയ ഭാഷയില്‍ ഞങ്ങളോട് സംസാരിച്ചുതുടങ്ങി. നിയമ വശങ്ങള്‍ എല്ലാം ആവര്‍ത്തിച്ചു പറഞ്ഞുതന്നു.

സ്‌കാവി പര്യടനം ആരംഭിക്കുന്നത്, ഈ ഓഫീസിന്റെ മുന്നില്‍ നിന്നു തന്നെ ആണ്. അതായത് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെയും സങ്കിര്‍ത്തിയുടെയും മധ്യത്തില്‍ നിന്ന്. ഇവ രണ്ടും ബന്ധിക്കുന്ന ചെറിയ പാലത്തിന് താഴെ ചാര നിറമോ അല്ലെങ്കില്‍ ഇളം നീല നിറമുള്ളതോ ആയ ഫലകത്തില്‍ എന്തോ ആലേഖനം ചെയ്തിരിക്കുന്നത് കാണാം. ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ നടുക്കളത്തില്‍ കാണുന്ന സ്തൂപം (വത്തിക്കാന്‍ ഒബലിസ്‌ക്) കോണ്‍സ്റ്റന്‍ന്റെയിന്‍ ചക്രവര്‍ത്തി നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആദ്യ ബസിലിക്കായുടെ സൃഷ്ടിയില്‍ ഇവിടെയാണ് ഉണ്ടായിരുന്നത്. വിശുദ്ധ പത്രോസിന്റെ കുരിശു മരണം നീറോ സര്‍ക്കസിന്റെ ഈ ഭാഗത്തായിരുന്നു എന്ന് കരുതപ്പെടുന്നു.

റോമിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സ്തൂപങ്ങള്‍ കാണപ്പെടുന്നുണ്ട്. റോമക്കാര്‍, ഈജിപ്റ്റ് കീഴടക്കിയപ്പോള്‍ അവിടെനിന്ന് കടത്തിക്കൊണ്ടു വന്നതാണ് ഈ സ്തൂപങ്ങളും. ഗയുസ് കാലിഗുല റോമന്‍ ഭരണാധികാരി ആയിരുന്നപ്പോള്‍ ക്രിസ്തു വര്‍ഷം 37 ലാണ് ഈ സ്തൂപം കൊണ്ട് വന്നത്. 25മീറ്റര്‍ നീളവും 326 ടണ്‍ ഭാരവും ഏകദേശം 4000 വര്‍ഷത്തോളം പഴക്കവുമുള്ളതാണ് ഈ സ്തൂപം.

പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ പത്രോസിന്റെ ദേവാലയം പുതുക്കി പണിതപ്പോഴാണ് ഈ സ്തൂപം ഇന്ന് കാണപ്പെടുന്ന സ്ഥാനത്തെക്ക് മാറ്റി സ്ഥാപിച്ചത്. പോപ്പ് സിക്സ്റ്റ്‌സിന്റെ നിര്‍ദേശ പ്രകാരം, ഡൊമിനിക്കൊ ഫോന്റാന എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍, ഏകദേശം അഞ്ച് മാസം നീണ്ട അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഈ സംരഭം പൂര്‍ത്തിയായത്. അത് അവിടെ നിന്ന് മാറ്റി ഇന്നുള്ള സ്ഥലത്ത് സ്ഥാപിച്ചത് ആയിരക്കണക്കിന് ആള്‍ക്കാരും നൂറുകണക്കിന് കുതിരകളും ഓരോ പ്രത്യേക സ്ഥാനങ്ങളില്‍ നിര്‍ത്തി, വലിയ വടങ്ങളും ഇരുമ്പ് കമ്പികളും കെട്ടി വലിച്ചാണത്രെ. വളരെ കൃത്യതയോടെ, ആരുടെയും ശ്രദ്ധ തിരിയാതെ, ഏകാഗ്ര മായിരിക്കാന്‍, അന്യോന്യം സംസാരിക്കാന്‍പോലും സാധിക്കാത്ത കടുത്ത നിയമങ്ങളും ഉണ്ടായിരുന്നു. എന്തെങ്കിലും ചെറിയ വ്യതിയാനം പോലും ആ സ്തൂപം ഉടയാന്‍ കാരണമായേക്കാം. ‘ബാഹുബലി’ സിനിമയില്‍ ബല്ലാല്‍ദേവിന്റെ ഒരു വലിയ പ്രതിമ പ്രതിഷ്ഠിക്കുന്ന ദൃശ്യം ഉണ്ട്. ഏതാണ്ട് അത് പോലെ തന്നെ..മനോഹരമായ പല സൃഷ്ടികളുടെയും പിന്നിലുള്ള വ്യഥകള്‍ അറിയുമ്പോള്‍ മാത്രമേ അതിന്റെ മനോഹാരിത ഏറെ ആസ്വാദ്യമാവൂ..

ഒബ്ലിസ്‌ക് കഥ കുറച്ച് ദീര്‍ഘമായി എന്ന് തോന്നുന്നു. ഞങ്ങള്‍ ഗൈഡിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ അനുഗമിച്ചു.. റോമിലെ ആദ്യകാല ശവകുടീരങ്ങള്‍ കാണാന്‍.

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് 1940കളുടെ ആരംഭത്തില്‍ ‘അപ്പോസ്‌തോല പ്രോജക്ട്’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പുരാവസ്തു ഗവേഷണം ആരംഭിച്ചത്. വത്തിക്കാന്‍ ഗ്രോട്ടോസ് ( സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിത്തറയില്‍ മാര്‍പാപ്പമാരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം) പുതുക്കി പണിയുവാന്‍ വേണ്ടി തറ പൊളിച്ചു വന്നപ്പോ പുരാതനകാലത്തെ ചുടു കട്ടകളും ഏതോ ഭിത്തിയുടെ ഭാഗങ്ങളും അവിചാരിതമായി കാണപ്പെടുകയും അത് പാപ്പയെ അറിയിക്കുകയും ചെയ്തു.

പാപ്പാ, അദ്ദേഹത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ ഈ പുരാവസ്തു ഗവേഷണം ഏല്‍പ്പിച്ചു. പോപ്പിന്റെ വിശ്വസ്തനായിരുന്ന മോണ്‍സിഞ്ഞോര്‍ ലുഡ്വിഗ് കാസ് ആയിരുന്നു ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. വളരെ രഹസ്യമായിരുന്നു ആസൂത്രണവും കൃത്യ നിര്‍വഹണവും. ബസിലിക്കയില്‍ പകല്‍ സമയം എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നത് തടയാനും പദ്ധതിയുടെ രഹസ്യ സ്വഭാവം മാനിച്ചും രാത്രികാലങ്ങളില്‍ ആണ് ഈ ഖനനം നടത്തിയിരുന്നത്.

ഏകദേശം അഞ്ച് മുതല്‍ പന്ത്രണ്ട് മീറ്റര്‍ ദൂരം ഭൂമിക്കടിയിലേക്ക് പോകേണ്ടിയിരിക്കുന്നു ഈ ശ്മശാനത്തി ലേക്ക്. വളരെ ഇടുങ്ങിയതും ഇരുണ്ടതുമാണ് വത്തിക്കാന്‍ നെക്രോപൊളിസ്. റോമില്‍ ഇതിന് മുമ്പ് കണ്ട ഭൂഗര്‍ഭ ശവകുടീരങ്ങളെക്കാള്‍ പഴക്കമേറിയതാണിത്. ഈര്‍പ്പവും ചെളിയുമോക്കെ നിറഞ്ഞ് നില്‍ക്കുന്ന നേരിയ പാതകള്‍. ഓരോരുത്തര്‍ക്കു മാത്രം , ഇറങ്ങാന്‍ കഴിയുന്ന പടികള്‍.

പടികള്‍ ഇറങ്ങി ചെല്ലുന്നത് പല നിലകളില്‍ ഉള്ള ശവക്കല്ലറ കളിലേക്കാണ്. ഈ കല്ലറകള്‍ ഭിത്തികള്‍ക്കിടയില്‍ ആണുള്ളത്. ഓരോ വീടുകള്‍പോലെ തോന്നുമാറുള്ള ഭിത്തികളുടെ അറകളില്‍. എനിക്ക് നമ്മുടെയൊക്കെ ചില പള്ളികളില്‍ കാണുന്ന വോള്‍ട്ട് (ശവക്കല്ലറകള്‍) ഓര്‍മ വന്നു. ആദ്യ നിലയിലെ ഈജിപ്ഷ്യന്‍ ശവകുടീരങ്ങള്‍ ആണെന്ന് പറയപ്പെടുന്നു. Z  റ്റോംബ്.

ഈജിപ്ഷ്യന്‍ ആരാധന മൂര്‍ത്തി ആയിരുന്ന ‘റ’ യുടെ(സൂര്യ ഭഗവാന്‍) ചിത്രം അവിടെ കോറിയിട്ടിരിക്കുന്നു. മറ്റൊരു സാക്രോഫഗസില്‍ റോമന്‍ ആരാധന മൂര്‍ത്തി ആയിരുന്ന ബാക്കസ് തേരില്‍ വരുന്ന ഒരു ചിത്രമാണ് പതിച്ചിരിക്കുന്നത്. (ചുണ്ണാമ്പ് കല്ലുകള്‍കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന,ശില്പമോ ലിഖിതമോകൊണ്ട് അലങ്കരിച്ചിരിക്കുന്ന ശവപ്പെട്ടിയാണ് സക്രോ ഫാഗസ്. ഈ വാക്കിന്റെ ഉത്ഭവം ഗ്രീക്ക് ഭാഷയില്‍ നിന്നാണത്രെ. ജഡം ഭക്ഷിക്കുക എന്നാണ് അതിന്റെ വാച്യാര്‍ത്ഥം. ഈ പ്രത്യേക തരം കല്ലുകളുടെ രാസ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അകത്ത് വച്ചിരിക്കുന്ന ജഡം പെട്ടെന്ന് തന്നെ ജീര്‍ണിക്കപ്പെടുന്നു.) അതൊരു റോമന്‍ ശവക്കല്ലറ തന്നെ എന്ന് ഈ കല്ലുകളില്‍ പതിച്ചി രിക്കുന്ന ആലേഖനങ്ങളും ചിത്രങ്ങളും വ്യക്തമാക്കുന്നു. പഴയ റോമിലെ ഒരു റോഡ് ഇതിന്റെ മുന്നിലൂടെ കടന്ന് പോകുന്നത് കാണാം. ഇത് റ്റൂംമ്പ് A എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. റ്റൂംമ്പ് A ആ ദിശയിലേ അവസാനത്തേതാണ്. നേക്രോപോളിസ് (മരിച്ചവരുടെ നഗരം)എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്നതാണ് ഈ ശവകുടീരങ്ങള്‍.

ഇതിന്റെ എതിര്‍ ദിശയിലേക്ക് സഞ്ചരിക്കു മ്പോള്‍ F ടോമ്പ് കാണാം. ഇതിലെ ആദ്യത്തേത് കറ്റെയ്‌നി കുടുംബത്തിന്റേതാണ്. ഇതിന്റെ ഒരു പ്രത്യേകത, രണ്ടു നിലകള്‍ ഉണ്ടെന്നുള്ളതാണ്. ഒരു വലിയ കുടുംബം ആയിരുന്നിരിക്കണം അവരുടേത്. അതുകൊണ്ടാവാം രണ്ട് നിലകളില്‍ കല്ലറ പണി കഴിപ്പിച്ചത്. മുകളിലേക്ക് പോകുവാനുള്ള കോണിപ്പടികളും പ്രവേശന കവാടത്തിന്റെ ഒരു വശത്ത് കാണപ്പെടുന്നു. മറ്റൊരു പ്രത്യേകത, ഇതിന് മുകളില്‍ പല ചെറിയ ദ്വാരങ്ങള്‍ കാണാം. ഈ സുഷിരങ്ങളിലൂടെ വീഞ്ഞ് പോലെയുള്ള പാനീയങ്ങളും, ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും മരണത്തിലൂടെ അകന്ന് പോയ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കാഴ്ച്ചയര്‍പ്പിച്ചിരുന്നു. ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ എന്നിങ്ങനെയുള്ള പുരാതന നാഗരികതകളില്‍ എല്ലാംതന്നെ ഈ വിശ്വാസം നില നിന്നിരുന്നു.. ഹൈന്ദവ ആചാരപ്രകാരം പിതൃക്കള്‍ക്ക് നടത്തുന്ന ബലിതര്‍പ്പണം ആണ് ഇത് കേട്ടപ്പോള്‍ എന്റെ ചിന്തയില്‍ തെളിഞ്ഞത്. ഇഴചേര്‍ന്ന് കിടക്കുന്ന മാനവ സംസ്‌കാരത്തിന് ഇത് ഒരു ഉദാഹരണം മാത്രം..

ഇതേ നിരയില്‍ തന്നെയുള്ള മറ്റൊന്ന്, റ്റൂംമ്പ് H, വലേരി കുടുംബത്തിന്റെതാണ്. ഇവിടെയുള്ളതില്‍ ഏറ്റവും വലുതും ശ്രേഷ്ഠവും സമ്പന്നവുമായ ഒന്നാണിത്. പക്ഷേ കല്‍ക്കരി കൊണ്ട് എഴുതപ്പെട്ട ഇതിലെ ലിഖിതങ്ങള്‍ കാലാന്തരത്തില്‍ നിറം മങ്ങി അവ്യക്തമായിരുന്നു. ഈ ഊരാക്കുടുക്കിന് പരിഹാരം നിര്‍ദേശിക്കാന്‍ പുരാവസ്തു ഗവേഷകയും ശിലാ ശാസനങ്ങളില്‍ അതീവ നിപുണയുമായ ഡോക്റ്റര്‍ മര്‍ഗേരീത്ത ഗ്വാര്‍ഡോചി ക്ഷണിക്കപ്പെട്ടു. ഏകദേശം രണ്ട് ദശാബ്ദത്തനിപ്പുറം അവര്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം ആയിരുന്നു. ‘പീറ്റര്‍ , നിന്റെ അടുത്ത് സംസ്‌കരിക്ക പ്പെട്ട ക്രിസ്ത്യന്‍ സ്ത്രീ പുരുഷന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ’. വിശുദ്ധ പത്രോസ് അടക്കപ്പെട്ടത് വത്തിക്കാന്‍ നെക്രോപോളിസില് തന്നെ ആയിരുന്നു എന്നതിന് ആദ്യം കിട്ടിയ തെളിവ് ഇതായിരുന്നു. പക്ഷേ, ഇത്രയും സമ്പന്ന റോമന്‍ കുടുംബത്തിന്റെ കല്ലറയില്‍ ഇപ്രകാരം ഒരു ചുവരെഴുത്ത് എല്ലാവരെയും അമ്പരപ്പിച്ചു.

വലേരി കുടുംബത്തിന്റെ സമ്പന്നത ആ കല്ലറയില്‍ തന്നെ വ്യക്തമാണ്. അതിന്റെ ഭിത്തികള്‍ ചുടുകട്ടകള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ചത് ആയിരുന്നു. (സാധാരണമായി കട്ടകള്‍ കുറച്ച് ഉപയോഗിച്ച്, കുമ്മായകൂട്ട് കൂടുതലായി കട്ടകള്‍ക്കിടയില്‍ തിരുകിയാണ് കെട്ടിടങ്ങള്‍ പണിതിരുന്നത്. കാരണം റോമന്‍ ചുടുകട്ടകളുടെ നിര്‍മാണ ശാലകള്‍ ചക്രവര്‍ത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നു. തന്മൂലം, ഈ കട്ടകള്‍ പൊതുവേ വില കൂടിയ ഒന്നായിട്ടാണ് കരുതപ്പെട്ടിരുന്നത്.) അത് മാത്രവുമല്ല , വലേരി കുടുംബത്തിന്റെ കല്ലറയില്‍ ജല ലഭ്യതക്ക് വേണ്ടി പ്രത്യേകം നിര്‍മിച്ച ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. കൂടാതെ, കല്ലറയുടെ പിറകിലെ ഭിത്തിയില്‍ അവരുടെ സേവകരുടെ കല്ലറയും ചെറിയ അറകള്‍ പോലെ കാണപ്പെടുന്നു.

ഉദ്യോഗ സംഘം വീണ്ടും നടത്തിയ പുരാവസ്തു ഗവേഷണത്തില്‍, വേറെയും റോമന്‍ ശവകുടീരങ്ങള്‍ കണ്ടെടുത്തു. അവയിലും വിചിത്രമായി തോന്നിയ ഒരു വസ്തുത എന്തെന്നാല്‍ അതില്‍ കൊത്തിവച്ചിരിക്കുന്ന ആളുകളുടെ മുഖം വിരൂപമാക്കി അല്ലെങ്കില്‍ മറച്ച് വച്ചിരുന്നു. (സാധാരണമായി കല്ലറയില്‍ ആരാണോ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് അവരുടെ രൂപമാണ് ഈ ശിലകളില്‍ കൊത്തിവക്കുന്നത്). ഈ കല്ലറകളും ലിഖിതങ്ങളും മറ്റും ഗൈഡ് വളരെ കൃത്യതയോടെ ഞങ്ങള്‍ക്ക് കാട്ടി തന്നു. അങ്ങിനെ കണ്ടെടുക്കപ്പെട്ട മറ്റൊരു കല്ലറയുടെ മൂലക്കല്ല് അടര്‍ത്തി മാറ്റി അതിന്റെ പിന്‍ഭാഗത്ത് വ്യക്തമായി രേഖപ്പെടുത്തിയത് ഇങ്ങിനെ ആയിരുന്നു. ഫ്‌ലേവിയസ് ഒളിമ്പിയസ്, 35 വയസ്സ്, അദ്ദേഹത്തെ പറ്റിയുള്ള വര്‍ണനകളും, കൂടാതെ ChiRho എന്ന ഗ്രീക്ക് ചിഹ്നവും. (PX, രണ്ട് ഗ്രീക്ക് അക്ഷരങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ഈ അടയാളം നമുക്ക് ദേവാലയങ്ങളില്‍ കാണാന്‍ കഴിയാറുണ്ട്. ജീസസ് ക്രൈസ്റ്റ് എന്നതിന്റെ ചുരുക്കെഴുത്ത്.)

ഇതെല്ലാം കൂട്ടിവായിച്ച് ഗവേഷകസംഘം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. കോണ്‍സ്റ്റന്‍ന്റെയിന്‍ ചക്രവര്‍ത്തി ബസിലിക്ക പണിയുന്നത് റോമന്‍ നെക്രോപോളിസ് തച്ചുടച്ചു കൊണ്ടാണ്. റോമക്കാര്‍ അവരുടെ പ്രിയപ്പെട്ടവരുടെ കല്ലറകള്‍ സംരക്ഷിച്ച് കൊണ്ട് പോയപ്പോള്‍ ആദിമ ക്രൈസ്തവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ അവിടെ ഉണ്ടായിരുന്ന പഴയ റോമന്‍ കല്ലറകളില്‍ അടക്കം ചെയ്തു. അതുകൊണ്ട് തന്നെയാണ് അവര്‍ ആ ശിലകളിലെ ആള്‍രൂപങ്ങളുടെ മുഖം വിരൂപമാക്കി യതും ആധാര ശിലകള്‍ അടര്‍ത്തി മാറ്റി അതിന്റെ പിന്നില്‍ അവരുടേതായ അടയാളങ്ങള്‍ കോറിയിട്ടതും. പീറ്ററുടെ ശവകുടീരം ഈ നെക്രോപോളിസില്‍ തന്നെ ആണെന്ന് അക്കാലത്ത് ഒരു വിശ്വാസം നിലനിന്നിരുന്നു.
ഗവേഷകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയത് അടുത്ത ശവകുടീരം M റ്റൂംമ്പ് കണ്ടപ്പോഴാണ്. വളരെ ഇടുങ്ങിയ ആ സ്ഥലത്തേക്ക് ഓരോരുത്തരായി മാത്രമേ പോകാന്‍ കഴിയൂ. പ്രകാശം ഇല്ല തന്നെ. ഞങ്ങളുടെ ഗൈഡ് അദ്ദേഹത്തിന്റെ ചെറിയ ടോര്‍ച്ച് തെളിച്ച് അതിലെ കൊത്തുപണികള്‍ ഓരോരു ത്തര്‍ക്കുമായി കാണിച്ച് തന്നു.

മൊസൈകില്‍ ചെയ്തിരിക്കുന്ന ആ ചിത്രങ്ങളില്‍ ഒന്ന് ഒരു മുക്കുവന്‍ മീന്‍ പിടിക്കുന്നതാണ്. യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതാണ് പ്രതീകാത്മകമായ ആ ചിത്രം.

മറ്റൊരു ചിത്രം വലിയ ഒരു മത്സ്യം ഒരു മനുഷ്യനെ വിഴുങ്ങന്നതാണ്. മൂന്നു ദിവസം മത്സ്യത്തിനുള്ളില്‍ കഴിഞ്ഞ യോനാ പ്രവാചകനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രം. അതിലുപരി, ലിഖിതങ്ങളുടെ പൂര്‍ത്തീകരണമായ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെ തന്നെ. പുനരുത്ഥാനത്തിന് അടയാളം ചോദിച്ച ശിഷ്യഗണത്തോട് യോനയുടെ അടയാളമല്ലാതെ മറ്റൊന്നില്ല എന്ന് യേശു പറഞ്ഞതായി സുവിശേഷത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

വേറോരു ചിത്രം റോമന്‍, ഗ്രീക്ക് സൂര്യ ദേവന്റെതാണ്. (Sol Invictus). പക്ഷേ, ചിത്രത്തിലെ അസാധാരണത്വം എന്തെന്നാല്‍ ദേവന്റെ ഒരു കയ്യില്‍ ഒരു ഗ്ലോബ് പോലെ വൃത്താകാരമായ എന്തോ ഒന്ന് കാണാം എന്നതാണ്. കൂടാതെ, ശിരസ്സിനു ചുറ്റുമുള്ള പ്രഭാവലയത്തിലെ കിരണങ്ങളില്‍ നെടുകെയും കുറുകെയും ഉള്ള രണ്ട് രശ്മികള്‍ക്ക് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നു. ഒരു കുരിശ് എന്ന് തോന്നിക്കും പോലെ. ഈ പ്രതീകങ്ങള്‍ ലോകത്തിന്റെ പ്രകാശമായ, മാനവ രക്ഷക്കായി ക്രൂശിലേറിയ ദൈവ പുത്രനായ യേശുവിന്റെ തന്നെയായിരുന്നു.

കോണ്‍സ്റ്റന്‍ന്റെയിന്‍ ചക്രവര്‍ത്തിക്ക് മുമ്പ് ഉണ്ടായിരുന്ന ഏതോ സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ ശവകുടീരം ആയിരുന്നു അത്. റോമന്‍ ജനതയേ തെറ്റിദ്ധരിപ്പിക്കാനാവാം യേശുവിനെ സൂര്യഭഗവാനായി ചിത്രീകരിച്ചത്. പത്രോസിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും കിട്ടിയില്ല എങ്കിലും ഗവേഷകര്‍ക്ക് ഒരു പ്രതീക്ഷ കൈവന്നു, ഈ ശവ കുടീരങ്ങള്‍ക്കിടയില്‍ എവിടെങ്കിലും വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് കാണാന്‍ സാധിക്കുമെന്ന്.
അടുത്ത സ്ഥലം S  റ്റൂംമ്പ് ആയിരുന്നു. മുഖ്യ ധാരയില്‍ നിന്ന് വലത് മാറി കുറച്ചധികം താഴേക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദരിദ്രന്റെ ശ്മശാനവും (പുരാതന റോമില്‍, ദരിദ്രരുടെ ശവസംസ്‌കാരം പൊതുവായ ഒരു ശവപ്പറമ്പിലാണു നടത്തപ്പെട്ടിരുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉളളവര്‍ മാത്രമാണ് കല്ലറകള്‍ ഉപയോഗിച്ചിരുന്നത്.) ഗയുസിന്റെ (ഗയൂസ്- മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനായ എഴുത്തുകാരന്‍ ആയിരുന്നു.) സ്മാരകവും അവിടെയാണ് എന്നാണ് കരുതപ്പെട്ടിരുന്നത്. കോണ്‍സ്റ്റന്‍ന്റെയിന്‍ ചക്രവര്‍ത്തി നിര്‍മിച്ച ആദ്യ ബസിലിക്കയില്‍ ഈ സ്മാരകം ഒരു മാര്‍ബിള്‍ രൂപകൂട്ടില്‍ സംരക്ഷിച്ചിരുന്നു. ഈ സ്മാരകം ഒരു ചുവന്ന ഭിത്തിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ സ്മാരകത്തിന്റെ സുരക്ഷാര്‍ത്ഥം ഗവേഷകസംഘം കുറച്ചുകൂടി താഴേക്ക് കുഴിച്ച് വന്നപ്പോള്‍, ഈ മാര്‍ബിള്‍ പെട്ടിയുടെ ഇടയിലായി പാവപ്പെട്ടവന്റെ ശ്മശാനത്തില്‍ നിന്ന് കുറച്ച് അസ്ഥികള്‍ കണ്ടെടുത്തു.

ഭക്ത്യാദരപൂര്‍വം അവര്‍ ആ ഭൗതികാവശിഷ്ടങ്ങള്‍ ഒരു പെട്ടിയിലാക്കി മാര്‍പാപ്പയ്ക്ക് കൈമാറി. വിദഗ്ദ്ധ പരിശോധനകളില്‍ ആ അവശിഷ്ടങ്ങള്‍ രണ്ട് സ്ത്രീകളുടെയും 30 വയസോളം പ്രായം മാത്രമുള്ള ഒരു പുരുഷന്റേയും ആണെന്ന് വ്യക്തമായി. അങ്ങിനെ അത് വിശുദ്ധ പത്രോസിന്റെതല്ല എന്ന് സ്ഥിരീകരിച്ചു. വിശുദ്ധന്റെ മരണസമയത്ത് അദ്ദേഹത്തിന് പ്രായം ഏകദേശം അറുപതിനുമുകളില്‍ ആയിരുന്നു എന്ന് കരുതപ്പെടുന്നു.

നിരാശരായ ഗവേഷകര്‍ ചുവന്ന ഭിത്തിയും ഗയുസ്സിന്റെ സ്മാരകവും വീണ്ടും പരിശോധിച്ചതില്‍ ഈ ഭിത്തിയോട് ചേര്‍ന്ന് ചുവരെഴുത്തുകള്‍ ഉള്ള മറ്റൊരു ഭിത്തി (ഗ്രഫിറ്റി ഭിത്തി) കാണപ്പെട്ടു. പക്ഷേ, ആ ചുവരുകളിലും വിശുദ്ധ പത്രോസിനേകുറിച്ച് പ്രത്യേകമായി ഒന്നും തന്നെ പ്രതിപാദിച്ചിരിന്നില്ല. ഗ്രഫിറ്റി ഭിത്തിക്ക് പുറകിലായി ചുവന്ന ഭിത്തിയോട് ചേര്‍ന്ന് ഒരു സുഷിരം അവരുടെ ശ്രദ്ധയില്‍ പെട്ടു. അതിനുള്ളിലൂടെ ചുവന്ന ഭിത്തി കാണാനാവും. വളരെ ശ്രദ്ധയോടെ അവര്‍ അവിടെല്ലാം സൂക്ഷ്മ പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരാശരായ ഗവേഷകര്‍ അവരുടെ ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

എങ്കിലും ഡോക്റ്റര്‍ മര്‍ഗേരീത്ത ഗ്വാര്‍ഡോചി തന്റെ പഠനങ്ങള്‍ തുടരാന്‍ തന്നെ തീരുമാനിച്ചു. ആ ചുവരെഴുത്തുകള്‍ വീണ്ടും പരിശോധിച്ച മര്‍ഗേരീത്ത Chi Rho (PX) എന്ന ചിഹ്നത്തില്‍ P യുടെ തുടര്‍ച്ചയായി താഴേക്ക് E എന്ന അക്ഷരം കണ്ടൂ.. PE  എന്നത് പീറ്ററിന്റെ(ലത്തീന്‍ ഭാഷയില്‍ പെട്രൂസ്) ആദ്യ രണ്ടക്ഷരം സൂചിപ്പിക്കുന്നത് ആയിരുന്നു. തന്നെയുമല്ല, PE  ഒന്നിച്ച് വരുമ്പോള്‍ ഒരു താക്കോലിന്റെ ചിത്രം പോലെ തോന്നി. സ്വര്‍ഗത്തിന്റെ താക്കോല്‍ കൈവശമുള്ള പത്രോസിന്റെ ഒരു പ്രതിരൂപം ആണ് താക്കോല്‍. (പോപ്പിന്റെ അധികാര മുദ്രയിലും രണ്ട് താക്കോലുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.) ഭിത്തിയില്‍ കണ്ട ചെറിയ സുഷിരത്തിലെ ചുവന്ന ഭിത്തിയില്‍ കോറിയിട്ടിരുന്ന ഗ്രീക്ക് വാക്കുകള്‍ പീറ്റര്‍ ഇവിടെയുണ്ട് എന്ന് അര്‍ത്ഥം വരുന്നതായിരുന്നൂ എങ്കിലും അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.
ഗവേഷകര്‍ ചുവന്ന ഭിത്തിയോട് ചേര്‍ന്ന് കിടന്ന ചുവരെഴുത്ത് ഭിത്തിയിലെ നിഗൂഢ സുഷിരം കണ്ടെത്തിയ പ്പോള്‍ മോണ്‍സിഞ്ഞോര്‍ ലുഡ്വിഗ് കാസും അദ്ദേഹത്തിന്റെ സഹായിയും അതീവ രഹസ്യമായി അവിടെ നിന്ന് ചില ഭൗതിക അവശിഷ്ടങ്ങള്‍ കണ്ടെത്തി രഹസ്യമായി സൂക്ഷിച്ചു. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ, എന്തെങ്കിലും തരത്തിലുള്ള മാനുഷിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ബഹുമാന പുരസ്സരം കണ്ടെത്തി ശേഖരിക്കണമെന്ന മാര്‍പാപ്പയുടെ ശാസനം ഗവേഷക സംഘം പാലിക്കുന്നില്ല എന്ന സംശയ ത്താലാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. ഗവേഷക സഘമറിയാതെയാണ്, അദ്ദേഹവും സഹായിയും ജോലി ഇല്ലാത്ത സമയങ്ങളില്‍പോയി അവശിഷ്ടങ്ങള്‍ കണ്ടെത്തി യിരുന്നത്. ഇവിടെ നിന്നു കണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ വീണ്ടും ആദരപൂര്‍വം അടക്കം ചെയ്യാനുള്ള നിയമങ്ങളും ഉണ്ടായിരുന്നു. പക്ഷേ, നിയമത്തിന്റെ നൂലാമാലകളില്‍പെട്ട് ആ അവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ മോണ്‍സിഞ്ഞോര്‍ ലുഡ്വിഗിന്റെ അന്ത്യത്തോളം കഴിഞ്ഞില്ല. അദ്ദേഹം ഈ അവശിഷ്ടങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത് വത്തിക്കാന്‍ ഗ്രോട്ടോസില് ആയിരുന്നു.

ഡോക്ടര്‍ മാര്‍ഗരീത്തയ്യുടെ ദീര്‍ഘമായ അന്വേഷണ ഫലമായി ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തി മാര്‍പാപ്പയ്ക്ക് കൈമാറി. വര്‍ഷങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷം ആ അവശിഷ്ടങ്ങള്‍ 60നും 70നും മധ്യത്തില്‍ പ്രായമുള്ള, ഒരു പുരുഷന്റെതാണ് എന്നും 2000 വര്‍ഷത്തോളം പഴക്കമുണ്ട് എന്നും കണ്ടെത്തി. മറ്റൊന്ന് അതില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പ്രത്യേകതരം തുണിയുടെ ഭാഗങ്ങളാണ്. വളരെ വിലപിടിപ്പുള്ള ഈ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ചതായിരിക്കും ആ തിരുശേഷിപ്പ്. അതിനുള്ളില്‍ കണ്ടിരുന്ന ചെളിയുടെ അംശങ്ങളും ഗ്രഫിറ്റി ഭിത്തിയുടെതുമായി സാമ്യമുളളത് ആയിരുന്നു. കൂടാതെ, കാല്‍പ്പാദങ്ങളിലെ അസ്ഥികള്‍ അതില്‍ കാണപ്പെട്ടില്ല. വിശുദ്ധ പത്രോസ് തലകീഴായി ക്രൂശിക്കപ്പെട്ട പ്പോള്‍, ശരീരം താഴെ ഇറക്കാന്‍, കാല്‍പ്പാദങ്ങളിലെ ആണികള്‍ ഇളക്കി മാറ്റുന്നതിന് പകരം കാല്‍പ്പാദങ്ങള്‍ മുറിച്ചു മാറ്റുക ആയിരുന്നിരിക്കാം ചെയ്തത്. ഇങ്ങനെയുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ ഭൗതിക അവശിഷ്ടങ്ങള്‍ വിശുദ്ധന്റേത് തന്നെയെന്ന് കരുതപ്പെടുന്നു. അങ്ങിനെ, വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ 1968 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ഗ്രാഫിറ്റി ഭിത്തിയിലെ ചെറിയ അറയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞങ്ങളേവരും ഭക്തിപൂര്‍വ്വം നോക്കി കണ്ടു. ഗൈഡ് എല്ലാവര്‍ക്കും രണ്ടു മിനിറ്റ് മൗനമായി പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കി. ജീവിത ക്ലേശങ്ങളില്‍ നട്ടം തിരിഞ്ഞു ദൈവത്തെ തള്ളിപ്പറയാന്‍ ഇടയായാല്‍ വിശുദ്ധ പത്രോസിനെപോലെ കണ്ണീരോടെ തിരികെ വരുവാനും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവെന്ന് ലോകത്തിന് മുന്നില്‍ ഏറ്റു പറയുവാനുമുള്ള കൃപ എല്ലാ ക്രിസ്തു വിശ്വാസികള്‍ക്കും ഉണ്ടാകട്ടെ എന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്.അങ്ങിനെ ഞങ്ങള്‍ ടൂറിന്റെ അന്ത്യഘട്ടത്തിലേക്കു കടന്നു. ഈ കല്ലറ ചെന്നവസാനിക്കുന്നത് ബസിലിക്കയിലെ അതി പുരാതനമായ ക്ലമന്റിന്‍ ചാപ്പലിലേക്കാണ്. വിശുദ്ധ പത്രോസിന്റെ ചാപ്പല്‍ എന്നും ഇത് അറിയപ്പെടുന്നു.

നാലാം നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ട ഈ ചാപ്പല്‍ തലകീഴായി നില്‍ക്കുന്ന ഒരു കുരിശിന്റെ ആകൃതിയിലാണുള്ളത്. ചാപ്പലിന്റെ അള്‍ത്താരയില്‍ ആദ്യത്തെ ബസിലിക്കയുടെ ഭാഗമായിരുന്ന കോണ്‍സ്റ്റന്‍ന്റെയിന്‍ മാര്‍ബിള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അതിന്റെ താഴെയാണ് വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍. ഇതിന്റെ നേരെ മുകളിലായാണ്, സെന്റ് പീറ്റേഴ്‌സ് ബസിലക്കയുടെ പ്രധാന അള്‍ത്താര (Baldachin) സ്ഥിതിചെയ്യുന്നത്. അതായത്, ബസിലിക്കയുടെ ഏറ്റം ഉയര്‍ന്ന ഭാഗമായ, മൈക്കിള്‍ ആഞ്ചലോയാല്‍ നിര്‍മിതിയായ താഴികക്കുടത്തിന്റെ മധ്യത്തില്‍നിന്ന് ഒരു നേര്‍രേഖ താഴേക്ക് വരച്ചാല്‍, അത് പ്രധാന അള്‍ത്താരയിലുടെ കടന്ന്, കോണ്‍സ്റ്റാന്റിന്‍ സ്മാരകത്തിലൂടെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയ അറയില്‍ എത്തി നില്‍ക്കും.അവര്‍ണ്ണനീയമായ വാസ്തു വിദ്യ!!
വത്തിക്കാന്‍ ഗ്രോട്ടോസിലൂടെ ബസിലിക്കയുടെ ഉള്ളില്‍ കടന്ന് മുട്ടുകുത്തി കുമ്പിട്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭൂതി. മുകളിലേക്ക് നോക്കിയപ്പോള്‍ മകുടത്തില്‍ സുവര്‍ണ ലിപികളില്‍ തിളങ്ങുന്ന ആ വാക്കുകള്‍ ‘പത്രോസ്, നീ പാറയാകുന്നു ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും’. പുറത്തേക്ക് ഇറങ്ങുമ്പോഴും ഈ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു (തുടരും)

 

 

Previous Post

കോട്ടയം അതിരൂപതയ്‌ക്കെതിരെ നവീകരണ സമിതി ഫയല്‍ ചെയ്ത കേസിന്റെ നിജസ്ഥിതി

Next Post

പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍

Total
0
Share
error: Content is protected !!