പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍

ആഗതമാകുന്ന ക്രിസ്തുമസിന്റെ അനുഗ്രഹങ്ങളും മംഗളങ്ങളും എല്ലാവര്‍ക്കും സ്‌നേഹപൂര്‍വ്വം നേരുന്നു. പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മദ്ധ്യത്തിലും കരുതലോടെ ദൈവഹിതാനുസാരം പ്രവര്‍ത്തിച്ച പരിശുദ്ധ അമ്മയുടെയും വി. യൗസേപ്പിതാവിന്റെയും മാതൃക ഈ കാലഘട്ടത്തില്‍ നമുക്കു പ്രചോദനമാകട്ടെ.
2021 ഡിസംബര്‍ 18 നു ചൈതന്യയില്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലില്‍ ചേരുകയുണ്ടായി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍ എന്നിവരെ തെരഞ്ഞെടുത്തു. പ്രസ്തുത പാസ്റ്ററല്‍ കൗണ്‍സിലിലു ണ്ടായ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് താഴെപ്പറയുന്ന തീരുമാനങ്ങള്‍ അറിയിക്കുകയാണ്.
നവീകരണസമിതി കേസില്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും നാളിതുവരെയും ജാഗ്രതയോടെ നടത്തിയിട്ടുള്ള നടപടികള്‍ യോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു. ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും തുടര്‍ന്നും കലര്‍പ്പില്ലാതെ കാത്തുസൂക്ഷിക്കുവാനുതകുന്ന കോടതിവിധി നവീകരണ സമിതി കേസില്‍ ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി സൂക്ഷ്മതയോടെ അപ്പീല്‍ കോടതിയില്‍ ശ്രമിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നും അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഡിസംബര്‍ 20-ാം തീയതി ഞായറാഴ്ച അതിരൂപതാ നിയമസഹായസെല്‍ വിളിച്ചു ചേര്‍ത്ത് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
2023 ലെ മെത്രാന്മാരുടെ സിനഡിന്റെ പ്രമേയമായ, ‘സിനഡല്‍ സഭ: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നതുകൂടി ഉള്‍പ്പെടുത്തി 2022 ലെ അതിരൂപതാ അസംബ്ലിയുടെ വിഷയങ്ങള്‍ ദൈവജനം മുഴുവനുമായി ചര്‍ച്ച ചെയ്യുവാനുതകുന്ന രീതിയില്‍ വേണ്ടത്ര ഒരുക്കത്തോടുകൂടി നടത്തുന്നതിന് തുടര്‍ ക്രമീകരണങ്ങളൊരുക്കുവാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രക മ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം അതിരൂപതയില്‍ ക്‌നായി തോമയുടെ പ്രതിമ സ്ഥാപിക്കണമെന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും കുടിയേറ്റ പിതാക്കന്മാരായ ക്‌നായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ ഒരുമിച്ചു സ്ഥാപിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇക്കാര്യം നടപ്പിലാക്കുവാന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ നേതൃത്വത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എ.ഡി. 345 മാര്‍ച്ച് 7 നാണു ക്‌നാനായ പ്രേഷിത കുടിയേറ്റം കൊടുങ്ങല്ലൂരില്‍ നടന്നതെന്ന് മോണ്‍. ജേക്കബ്ബ് കൊല്ലാപറമ്പില്‍ ചരിത്രരേഖകളുടെ പിന്‍ബലത്തോടെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ 2021 മാര്‍ച്ച് 7 ന് ക്‌നായി തോമാദിനാചരണവും ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണദിനാഘോഷങ്ങളും കെ.സി.സിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുകയുണ്ടായല്ലോ. പ്രസ്തുത ദിനം അതിരൂപതയുടെ നേതൃത്വത്തില്‍ വരുംവര്‍ഷങ്ങളില്‍ അനുസ്മരിക്ക ണമെന്ന പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം അംഗീകരിക്കുന്നു.
ദൈവപരിപാലനയില്‍ ശരണംവച്ച് 2022 നെ തികഞ്ഞ പ്രതീക്ഷയോടെ നമുക്കു വരവേല്‍ക്കാം. എല്ലാവര്‍ക്കും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞുനില്‍ക്കുന്ന പുതുവത്സരം ആശംസിക്കുന്നു.
സ്‌നേപൂര്‍വ്വം,

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

Previous Post

വി. പത്രോസിന്റെ കബറിടം

Next Post

അമ്പതു നോമ്പാചരണം

Total
0
Share
error: Content is protected !!