കെ.സി.സി വെസ്റ്റേണ്‍ ഒന്റാറിയോയ്ക്ക് പുതിയ നേതൃത്വം; മനു കോറപ്പിള്ളില്‍ പ്രസിഡന്റ്, ആഷ്‌ലി ആഴക്കുളം സെക്രട്ടറി

ലണ്ടന്‍ (ഒന്റാറിയോ): കാനഡയിലെ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ (KCCWO) 2026-2028 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബര്‍ 7-ന് ലണ്ടനിലെ ക്‌നായി തൊമ്മന്‍ പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. 2024-2026 കാലയളവിലെ പ്രസിഡന്റ് ഫെബി തൈക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കഴിഞ്ഞ രണ്ടു വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മുന്‍ ഭരണസമിതിയുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികളായി മനു കോറപ്പിള്ളില്‍ (പ്രസിഡന്റ്), മെല്‍വിന്‍ കൊച്ചനയില്‍ (വൈസ് പ്രസിഡന്റ്), ആഷ്‌ലി ആഴക്കുളം (സെക്രട്ടറി), അരുണ്‍ പ്രാലയില്‍ പുത്തന്‍പുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ജിതിന്‍ ചേരോലിക്കല്‍ (ട്രഷറര്‍), ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായി ജോജോ നെടിയകാലായില്‍, ജെബിന്‍ ചെറുകാട്ടൂര്‍ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജോ കുര്യന്‍, നിഖില്‍ പുലിവേലില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

സംഘടനയുടെ ഉന്നമനത്തിനും ക്‌നാനായ സമുദായത്തിന്റെ ഐക്യത്തിനും മുന്‍ഗണന നല്‍കുമെന്ന് പുതിയ പ്രസിഡന്റ് മനു കോറപ്പിള്ളില്‍ അറിയിച്ചു. ലണ്ടനിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ക്‌നാനായ കുടുംബങ്ങളുടെ സമുദായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരസ്പരസ്‌നേഹത്തിലും ഐക്യത്തിലും അവരെ ഒരുമിപ്പിക്കുന്നതിനും പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്‌നാനായ സമുദായത്തിന്റെ സാംസ്‌കാരികവും വിശ്വാസപരവുമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സമുദായബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സമുദായാംഗങ്ങളെ യാഥാര്‍ഥ്യബോധത്തോടെയും പരസ്പരബഹുമാനത്തോടെയും സമുദായസ്‌നേഹത്തിലും വിശ്വാസത്തിലും വളര്‍ത്തിയെടുക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സെക്രട്ടറി ആഷ്‌ലി ആഴക്കുളം വ്യക്തമാക്കി. സമുദായത്തിന്റെ യഥാര്‍ഥ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും കത്തോലിക്കാ വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും അധിഷ്ഠിതമായ വിശ്വാസപരിശീലനം, കുടുംബബന്ധങ്ങള്‍, യുവജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷം സംഘടനയെ നയിച്ച പ്രസിഡന്റ് ഫെബി തൈക്കാട്ട്, വൈസ് പ്രസിഡന്റ് സിബി ജോണ്‍ മുളയിങ്കല്‍, സെക്രട്ടറി മജീഷ് മാത്യു കീഴേടത്തുമലയില്‍, ട്രഷറര്‍ ഷിജോ തോമസ് മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി ജോസ്‌മോന്‍ ലൂക്കോസ് തെക്കിലക്കാട്ടില്‍, ജോയിന്റ് ട്രഷറര്‍ ജിബിന്‍ എബ്രഹാം പുരത്തേച്ചിറ എന്നിവര്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും പൊതുയോഗത്തിന്റെ നടത്തിപ്പിനും നേതൃത്വം നല്‍കി.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഷെല്ലി ജോയ് പുത്തന്‍പുരയില്‍, റിജോ ജോണ്‍ മങ്ങാട്ട്, കമ്മിറ്റി അംഗങ്ങളായ വിനു ജോസ് വടക്കേമണിയംകുന്നേല്‍, അജോ കുര്യന്‍ കൈതക്കല്‍ നിരപ്പേല്‍ എന്നിവരും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി.

മുന്‍ ഭരണസമിതിയുടെ നേതൃത്വത്തിനും സേവനങ്ങള്‍ക്കും പൊതുയോഗം നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. പുതിയ ഭരണസമിതിക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

ചങ്ങലീരി ഫൊറോനയില്‍ മാര്‍ തോമസ് ആനിമൂട്ടിലിന് സ്വീകരണം നല്‍കി

Total
0
Share
error: Content is protected !!