അവകാശങ്ങള്‍ അനുഭവിക്കുന്നവരും ചുമതലകള്‍ നിര്‍വഹിക്കുന്നവരുമാകാം

2025 നവംബര്‍ 26-ാം തീയതി രാജ്യം 76-ാം ഭരണഘടനാദിനം ആചരിച്ചു. പഴയ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു അംഗങ്ങള്‍ ഭരണഘടനാതത്വങ്ങള്‍ മുറുകെ പിടിക്കുമെന്ന, പിടിക്കണമെന്ന സന്ദേശം കൈമാറി. ലോകത്തിലെ തന്നെ ഏറ്റവും വലുതും ഉത്‌കൃഷ്‌ടവുമായ ഭരണഘടനകളിലൊന്നായ ഭാരതത്തിന്റെ ഭരണഘടനയാണ്‌ നാം ഇന്ത്യക്കാരാണ്‌, ഇന്ത്യയെന്റെ രാജ്യമാണ്‌ എന്ന സങ്കല്‌പത്തില്‍ ഊന്നി നിന്നു ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും നമുക്ക്‌ പ്രേരണ നല്‌കുന്നത്‌. എന്തൊക്കെ പരിമിതികള്‍ ആരെങ്കിലുമൊക്കെ ചൂണ്ടിക്കാണിച്ചാലും കഴിഞ്ഞ 75 വര്‍ഷമായി നിലകൊള്ളുന്ന ഈ ഭരണഘടനയാണ്‌ നമ്മെ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ എന്ന നിലയില്‍ നാളിതുവരെ നിലനിര്‍ത്തിയത്‌. ഇന്നുവരെ നമ്മെ സംരക്ഷിച്ചു നിര്‍ത്തിയ ഭരണഘടന, നമ്മള്‍ സംരക്ഷിച്ചു നിര്‍ത്തിയ ഭരണഘടന, തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ, നല്ല അവധാനതയോടെ നാളെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലാണ്‌ രാജ്യത്തെ പൗരജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുക. തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റുകള്‍ ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും അതിന്റെ അന്തഃസത്തക്കു കുറവൊന്നും വരാതെ ഉയര്‍ത്തി പിടിക്കുവാന്‍ പ്രതിജ്ഞാബദ്ധരാവണം. രാജ്യം റിപ്പബ്ലിക്കായതിന്റെ 75-ാം വാര്‍ഷികം പിന്നിടുമ്പോള്‍ നമ്മുടെ രാജ്യത്തു ഭരണഘടന അതിന്റെ ഔന്നത്യം നിലനിര്‍ത്തി പൗരജനങ്ങള്‍ക്കു സംരക്ഷണ കവചമൊരുക്കി എന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ അതിന്റെ ശോഭക്കു മങ്ങലേറ്റു എന്നത്‌ മറക്കാനാവില്ല. ഇന്ന്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലുകള്‍ ഭരണഘടനയുടെ മേല്‍ നിഴലിക്കുന്ന സാഹചര്യമുണ്ടെന്നു സംശയിക്കുന്ന പൗരജനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും നമ്മുടെ രാജ്യത്തുണ്ട്‌ എന്നതു വാസ്‌തവമാണ്‌. ഭരണഘടന എത്ര നല്ലതാണെങ്കിലും അതിലെ തത്വങ്ങളും മൂല്യങ്ങളും വിട്ടുവീഴ്‌ച കൂടാതെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍, ഭരണഘടന വിഭാവന ചെയ്യുന്ന നന്മകള്‍ അനുഭവിക്കാന്‍ രാഷ്‌ട്രത്തിനാവില്ലെന്നതാണ്‌ സത്യം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ എഴുതി ചേര്‍ത്ത ഭരണഘടനാ നിര്‍മ്മാതാക്കള്‍ അതു യാദൃശ്ചികമായി ചെയ്‌തതല്ല; പ്രത്യുത ബോധപൂര്‍വ്വം ഉത്തരവാദിത്വത്തോടെ ഗൗരവമായി ചിന്തിച്ചു രൂപകല്‌പന ചെയ്‌തതാണ്‌. മത സ്വാതന്ത്ര്യത്തെയും മതേതരത്വത്തെയും സംബന്ധിച്ചു വ്യക്തമായ നിലപാടു സ്വീകരിച്ച ഭരണഘടനയുടെ ദര്‍ശനങ്ങള്‍ വളഞ്ഞ വഴിയിലൂടെ തമസ്‌ക്കരിക്കപ്പെടുന്ന സാഹചര്യം ഇന്ത്യയിലുണ്ടോ എന്നു സംശയിക്കേണ്ട സാഹചര്യങ്ങളുണ്ട്‌. ചിലര്‍ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായി വിഭാവന ചെയ്യുമ്പോള്‍ മറ്റു ചിലര്‍ ഇസ്ലാമിക രാഷ്‌ട്ര സങ്കല്‌പവുമായി മുന്നോട്ടു പോകുന്നു. ഈ സങ്കല്‌പങ്ങളെല്ലാം നമ്മുടെ ഭരണഘടനയേയും അതു വിഭാവന ചെയ്യുന്ന ഉത്‌കൃഷ്‌ട മൂല്യങ്ങളെയും അപകടപ്പെടുത്തുമെന്നു സംശയിക്കുന്നവര്‍ ഏറി വരുന്നു. ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ക്കെതിരെ രംഗത്ത്‌ എത്തിയവരില്‍ മുന്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധന്‍കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നത്‌ ആശങ്ക പരത്തുന്നു. ഒപ്പം പ്രതിപക്ഷത്തിന്റെ സംശയാസ്‌പദവും ഉത്തരവാദിത്വരഹിതവുമായ മതസംഘടനാബന്ധങ്ങള്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തുന്നു. ഈ അവസരത്തില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റീസ്‌ ചെലമേശ്വര്‍ നടത്തിയ നിരീക്ഷണം സംഗത്യമുള്ളതാണ്‌. “സോഷ്യലിസം, മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തില്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു മാറ്റുന്നു എന്നതാണ്‌ വിഷയം. സ്വാതന്ത്ര്യസമര കാലത്തെ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു അത്‌. പുതിയ ചരിത്രം രചിക്കാന്‍ നോക്കുമ്പോഴാണ്‌ ഈ വാക്കുകള്‍ ഒഴിവാക്കാന്‍ തോന്നുന്നത്‌. കടലാസില്‍ എഴുതിയ രേഖയായിട്ടല്ല ജാലിയന്‍വാലാ ബാഗിലെ രക്തത്താല്‍ കുറിച്ച രേഖയായിട്ടാണ്‌ ഭരണഘടനയെ മനസിലാക്കേണ്ടത്‌.” മതേതരത്വവും ന്യൂനപക്ഷ സംരക്ഷണവുമൊക്കെ ഉറപ്പു വരുത്തുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്തു മത പരിവര്‍ത്തന നിരോധന നിയമങ്ങളും ഗോ സംരക്ഷണ നിയമങ്ങളുമൊക്കെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനപരമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സ്ഥിതിവിശേഷം അങ്ങുമിങ്ങും ഒളിഞ്ഞും തെളിഞ്ഞും വര്‍ദ്ധിച്ചു വരുന്നു. അതുകൊണ്ടുതന്നെ ഭരണഘടനയുടെ 76-ാം വാര്‍ഷികദിനം ആചരിക്കുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ തുടര്‍ നടപടികളും ജാഗ്രതയും രാജ്യത്തു വളര്‍ന്നു വരണം. ഭരണഘടന ജനങ്ങള്‍ക്കിടയില്‍ വിവേചനം തടയുന്നു. അവസര സമത്വം നല്‌കുന്നു. പൗര ജനങ്ങളുടെ അവകാശങ്ങളും ചുമതലകളും ഉറപ്പുവരുത്തുന്നു. അതിന്റെ അന്തഃസത്തയ്‌ക്കു കുറവു വരാതെ സംരക്ഷിക്കപ്പെടുകതന്നെ വേണം. ഭരണഘടന തന്നെയാണ്‌ രാഷ്‌ട്രത്തെ നയിക്കേണ്ടത്‌. ഇന്ത്യയിലെ ഏതു പൗരനും പ്രചോദനം നല്‍കേണ്ടത്‌ ഭരണ ഘടന തന്നെയാണ്‌. അതിലെ ആശയങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കു കയും അതിലെ തത്വങ്ങള്‍ അധരം കൊണ്ട്‌ ഏറ്റു പറയുകയും അതു വിഭാവന ചെയ്യുന്ന അവകാശങ്ങളും ചുമതലകളും നന്മകളും രാഷ്‌ട്ര ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ അവസരവും അവകാശവും ഭരണഘടന ഉറപ്പു തരുന്നുണ്ട്‌. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാത്രമാവണം അത്‌. പക്ഷേ, ഭരണകൂടങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കഴുത്തു ഞെരിച്ചു അടിച്ചമര്‍ത്തുന്ന രീതി വായൂമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഡല്‍ഹിയില്‍ കണ്ടു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ കുറവു കൂടാതെ അനുഭവിക്കുന്നവരും ചുമതലകള്‍ നിര്‍വഹിക്കുന്നവരുമായി മാറിക്കൊണ്ട്‌ രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കു ചേരാം.
റവ. ഡോ. മാത്യു കുരിയത്തറ

Previous Post

മറ്റക്കര : മണ്ണൂര്‍വലിയപറമ്പില്‍ അന്നമ്മ ജോസഫ്

Next Post

പ്രകൃത്യാതീത സംഭവങ്ങളും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും

Total
0
Share
error: Content is protected !!