മെല്‍ബണില്‍ ഇടവകദിനവും കൂടാരയോഗവാര്‍ഷികവും ഓഗസ്റ്റ് 5 ന്

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഈ വര്‍ഷത്തെ ഇടവകദിനവും കൂടാരയോഗവാര്‍ഷികവും അതിവിപുലമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് മാസം 5-)0 തിയതി ശനിയാഴ്ച രാവിലെ 10.30 മുതല്‍ 5 മണി വരെ, നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയില്‍ വെച്ചാണ്, പാരമ്പര്യം തലമുറകളിലേക്ക് എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു, ഇടവകദിനം സംഘടിപ്പിക്കുന്നത്.

ഇടവകദിനത്തിനോടനുബന്ധിച്ചു, ക്‌നാനായ തനത് കലാരൂപമായ മാര്‍ഗ്ഗംകളിയുടെ മെഗാ അവതരണം, ഇടവകയിലെ കുട്ടികളും, മുതിര്‍ന്നവരും ചേര്‍ന്ന് നടത്തുന്നു. 40ഓളം മാര്‍ഗ്ഗംകളിക്കാര്‍ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയാണ്.

മെല്‍ബണില്‍ ആവേശപൂര്‍വ്വം നടത്തിയ ക്‌നാനായ കര്‍ഷകശ്രീ മത്സര വിജയികളെ, ഈ വേദിയില്‍ വെച്ച് പ്രഖ്യാപിക്കുകയും, മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകളും, മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും, വിതരണം ചെയ്യുകയും ചെയ്യും.

വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും, പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി, അഹോരാത്രം പരിശ്രെമിക്കുകയും ചെയ്ത, മുഴുവന്‍ കൂടാരയോഗം ഭാരവാഹികളെയും, ഈ വേദിയില്‍ വെച്ച് ആദരിക്കും.

സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ വളര്‍ച്ചയ്ക്കും, ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളര്‍ച്ചയ്ക്കും, വേദപാഠക്ലാസ്സുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ വേദപാഠ അധ്യാപകരെയും, ഇടവകദിനത്തിനോടനുബന്ധിച്ചു വേദിയില്‍ ആദരിക്കും.

മെഗാ മാര്‍ഗ്ഗംകളി കൂടാതെ, ഇടവകാംഗങ്ങള്‍ക്കായി ഐസ് ബ്രെക്കിങ്, കുട്ടികള്‍ക്കായി പ്രെത്യേക പരിപാടികള്‍, സ്‌നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലില്‍, നിഷാദ് പുലിയന്നൂര്‍, ഇടവകദിനം കോര്‍ഡിനേറ്റര്‍മാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.

പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന, ഈ വര്‍ഷത്തെ ഇടവകദിനത്തിലും കൂടാരയോഗവാര്‍ഷികത്തിലും പങ്കെടുക്കുവാനും, മെഗാ മാര്‍ഗ്ഗംകളിയ്ക്കും അരങ്ങേറ്റത്തിനും സാക്ഷികളാകുവാനും, നമ്മുടെ ഇടവകയ്ക്കായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന കൂടാരയോഗം ഭാരവാഹികളെയും, വേദപാഠ അധ്യാപകരെയും, ആദരിച്ചു, സ്‌നേഹോപഹാരങ്ങള്‍ സമ്മാനിക്കുവാനും, ക്‌നാനായ കര്‍ഷകശ്രീ മത്സരവിജയികളെ അനുമോദിക്കുവാനും, എല്ലാ ഇടവകാംഗങ്ങളെയും ഏറ്റവും സ്‌നേഹപൂര്‍വ്വം, നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് പള്ളിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നുവെന്നു, ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍ എന്നിവര്‍ അറിയിച്ചു.

 

Previous Post

കെസിവൈഎംല്‍ ഇടയ്ക്കാട്ട് ഫൊറോന യുവജന ദിന ആഘോഷവും പുരാതന പാട്ട് മത്സരവും

Next Post

സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് ഉത്തരിയം നല്‍കി

Total
0
Share
error: Content is protected !!