കുടിയേറ്റദിനം

പ്രിയ ബഹു. അച്ചാ, പ്രിയ ദൈവജനമേ,
‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍'(മര്‍ക്കോ. 16:15), സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ഈശോ നല്‍കിയ ഈ കല്പന പ്രായോഗികമാക്കാന്‍ പരിശ്രമിച്ച ആദ്യകാലസഭകളില്‍ മുന്‍പന്തിയിലാണു കല്‍ദായ സഭ അഥവാ പൗരസ്ത്യ സുറിയാനി സഭ. കുടിയേറ്റത്തിലൂടെ സുവിശേഷപ്രചരണം എന്നതായിരുന്നു കല്ദായസഭ ഫലപ്രദമായി സ്വീകരിച്ച മാര്‍ഗ്ഗം. എ.ഡി. 345 ല്‍ വര്‍ത്തകപ്രമാണിയായിരുന്ന കിനായി തോമ്മായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ ”കാലോചിതം പോലെ നല്ല ആബൂന്മാരെ കാലമീരാറു മുന്‍പങ്ങു ഞാനെത്തിപ്പേന്‍’ എന്ന സെലൂസ്യ സ്‌തെസിഫോണിലെ കാതോലിക്കോസിന്റെ വാഗ്ദാനത്തോടും അനുഗ്രഹാ ശിസ്സുകളോടുംകൂടെ യഹൂദക്രൈസ്തവരായിരുന്ന ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 400 ആളുകള്‍ കേരളസഭയ്ക്കു പുതുജീവന്‍ പകര്‍ന്നു നല്‍കി എന്നുമാത്രമല്ല ഭാരതത്തിലെ മറ്റു സ്ഥലങ്ങളില്‍ രൂപപ്പെട്ടിരുന്ന ആദ്യകാല സഭകള്‍ മാഞ്ഞു മറഞ്ഞുപോയപ്പോഴും വാഗ്ദാനപ്രകാരം പതിനാറാം നൂറ്റാണ്ടുവരെ അയയ്ക്കപ്പെട്ട മെത്രാന്മാരുടെ നേതൃത്വത്തില്‍ കേരളത്തിലെ സഭ സജീവമായി നിലനില്‍ക്കുകയും ചെയ്തു.
ഭാഷയുടെയും നാട്ടുരാജ്യസംവിധാനങ്ങളുടേയും പരിമിതികള്‍കൊണ്ടു കേരളത്തിനു പുറത്തേയ്ക്കു സുവിശേഷ ദീപമെത്തിക്കാന്‍ കേരളസഭയ്ക്ക് ഈ നൂറ്റാണ്ടുകളില്‍ കാര്യമായി സാധിച്ചില്ല. പതിനാറാം നൂറ്റാണ്ടുമുതല്‍ ഭാരതത്തിലെത്തിയ പാശ്ചാത്യമിഷനറിമാരിലൂടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തുകയുണ്ടായെങ്കിലും കേരളസഭയുടെ മിഷന്‍ ചൈതന്യം കേരളത്തിനു പുറത്തേയ്ക്കു പ്രസരിക്കുവാന്‍ വീണ്ടും കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തി ലൂടെയും സ്വാതന്ത്ര്യപ്രസ്ഥാനത്തിലൂടെയും ഭാഷയുടേയും നാട്ടുരാജ്യസംവിധാനങ്ങളുടേയും പരിമിതികളെ അതിലംഘി ക്കുവാന്‍ സാധിച്ചതോടെ വിശ്വാസത്തിന്റെ വളക്കൂറുള്ള കേരള മണ്ണില്‍നിന്നും ലത്തീന്‍ രൂപതകളിലേയ്ക്കും സമര്‍പ്പിത സമൂഹങ്ങളിലേയ്ക്കും മിഷന്‍ ചൈതന്യത്തോടെ കടന്നുചെന്ന മിഷനറിമാരില്‍ ക്‌നാനായ മക്കളുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.
കോട്ടയം രൂപതയുടെ സഹായമെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയില്‍ പിതാവിനാല്‍ ഭരണങ്ങാനത്തു 1947 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം രൂപതയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ധാരാളം മിഷനറിമാരെ സാര്‍വ്വത്രിക സഭയ്ക്കു സംഭാവന നല്‍കുകയും ചെയ്തു. ‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍’ എന്ന പതിമൂന്നാം ലിയോ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ക്‌നാനായ കുടുംബങ്ങള്‍ തങ്ങളുടെ പൂര്‍വ്വികരുടെ പ്രേഷിതചൈതന്യത്തെ അനുസ്മരിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നതിന്റെ ഫലമായി അഭിവന്ദ്യരായ ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുത്തിക്കുള ങ്ങരയെയും ബിഷപ്പുമാരായ തോമസ് തെന്നാട്ട്, സൈമണ്‍ കായിപ്പുറം, ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍, ജെയിംസ് തോപ്പില്‍ എന്നീ പിതാക്കന്മാരെയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് കുര്യന്‍ വയലുങ്കലിനെയും ആയിരക്കണക്കിനു വൈദികരെയും സമര്‍പ്പിതരെയും സാര്‍വ്വത്രിക സഭയ്ക്കു നല്‍കുവാന്‍ വഴിയൊരുക്കി.
എന്നാല്‍, പില്‍ക്കാലത്തു ലൗകികനേട്ടങ്ങള്‍ക്കു നല്‍കപ്പെട്ട അതിരറ്റ പ്രാധാന്യവും അതോടുചേര്‍ന്നു കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവും ഈ സമൂഹത്തിന്റെ പ്രേഷിത ചൈതന്യത്തെയും വിശ്വാസജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യങ്ങളില്‍ ക്‌നാനായ സമൂഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അതിനു കൂടുതല്‍ ശക്തി പകരുക എന്ന ഉദ്ദേശത്തോടെ അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവു തുടക്കം കുറിച്ച വിശുദ്ധ പത്താം പിയൂസിന്റെ മിഷനറി സൊസൈറ്റി ഈ നാളുകളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുകയും കഴിഞ്ഞ വര്‍ഷം മുതല്‍ ഫരീദാബാദ് രൂപതയില്‍പ്പെട്ട പഞ്ചാബ് മേഖലയില്‍ മിഷന്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
മിഷന്‍ പ്രവര്‍ത്തനമാണു വിശ്വാസത്തിന്റെ ജീവന്‍ എന്ന തിരിച്ചറിവും മിഷന്‍ പ്രവര്‍ത്തനം ഓരോ ക്രൈസ്തവന്റെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന ബോധ്യവും ഉള്‍ക്കൊണ്ടു നമ്മുടെ അല്‍മായ സഹോദരങ്ങള്‍ ഈ രംഗത്തേയ്ക്കു സജീവമായി കടന്നുവന്നിരിക്കുന്നുവെന്നത് യഥാര്‍ത്ഥ ക്‌നാനായ പൈതൃകത്തിന്റെ പുനരുജ്ജീവനമാണ് എന്നതില്‍ സംശയമില്ല. നമ്മുടെ മിഷന്‍ ചൈതന്യത്തിന് ഉള്‍ക്കരുത്തും സജീവതയും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 2021 മാര്‍ച്ച് മാസം 7-ാം തീയതി കൊടുങ്ങല്ലൂരില്‍ നടത്തിയ ക്‌നാനായ പ്രേഷിത കുടിയേറ്റ ദിനാചരണം ഏറെ ഫലപ്രദമായിരുന്നു. അതിന്റെ വെളിച്ചത്തില്‍ 2021 ഡിസംബര്‍ 18 നു ചേര്‍ന്ന അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, കുടിയേറ്റദിനം അതിരൂപത മുഴുവന്‍ ചേര്‍ന്നു സമുചിതമായി ആചരിക്കണമെന്നും ക്‌നാനായ ജനതയുടെ പ്രേഷിതചൈതന്യം തലമുറകള്‍ക്കു പ്രകാശിതമാകും വിധത്തില്‍ കുടിയേറ്റ പിതാക്കന്മാരായ ഉറഹാ മാര്‍ യൗസേപ്പിന്റെയും കിനായിത്തോമായുടെയും ഒരുമിച്ചുള്ള പ്രതിമ കോട്ടയം അതിരൂപതാ ആസ്ഥാനത്തു സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പുരോഗമിക്കുന്നു.
ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി അതിരൂപതയുടെ എല്ലാ ഭാഗങ്ങളെയും കോര്‍ത്തിണക്കി കെ.സി.സി.യുടെ നേതൃത്വത്തില്‍ കെ.സി.ഡബ്ല്യു.എയുടെയും കെ.സി.വൈ.എല്‍ന്റേയും പങ്കാളിത്തത്തോടെ മാര്‍ച്ച് 1 ന് ആരംഭിക്കുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര ക്‌നാനായ പ്രേഷിത കുടിയേറ്റ വാര്‍ഷിക ദിനമായ മാര്‍ച്ച് 7-ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേരുന്നതും തുടര്‍ന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്നതുമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു നടത്തപ്പെടുന്ന അനുസ്മരണയാത്രയും അനാച്ഛാദനവും അവിസ്മരണീയമാംവിധം വിജയപ്രദമാക്കുവാന്‍ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നു സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.
കിനായി തോമായും ഉറഹാ മാര്‍ യൗസേപ്പും പകര്‍ന്നു നല്‍കിയ പ്രേഷിത ചൈതന്യത്തിന്റെ ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കുക മാത്രമല്ല പ്രോജ്ജ്വലിപ്പിക്കുവാനും ക്‌നാനായ സമുദായാംഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെല്ലാം കുടിയേറ്റ മിഷണറി ചൈതന്യം എത്തിക്കുവാനും പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയും ദിനാചരണവും വഴിയൊരുക്കട്ടെ യെന്നു പ്രാര്‍ത്ഥിക്കുന്നു.

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

Previous Post

അമ്പതു നോമ്പാചരണം

Next Post

ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

Total
0
Share
error: Content is protected !!