കോട്ടയം: ക്രിസ്തുവിന്റെ സന്ദേശം പ്രവര്‍ത്തിപഥത്തിലെത്തിച്ച മെത്രാപ്പോലീത്തയായിരുന്നു ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി എന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഈ വര്‍ഷത്തെ മികച്ച പൊതുജന സേവകനുള്ള ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സിബി മലയിലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തിലായിരുന്നു അവാര്‍ഡ് ദാന സമ്മേളനം. ഒറ്റപ്പെട്ടവര്‍ക്കൊപ്പം എക്കാലത്തും നിലകൊണ്ട വ്യക്തിത്വമായിരുന്നു കുന്നശ്ശേരി പിതാവിന്റേതെന്നും, ക്‌നാനായ സമുദായത്തെ ഉന്നതിയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച സംവിധായകനാണ് പുരസ്‌കാര ജേതാവായ സിബി മലയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50,000 രൂപയുടെ ചെക്കും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി സിബി മലയിലിന് കൈമാറി. സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ. മോന്‍സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ആശംസാപ്രസംഗം നടത്തി. ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ എക്‌സ് എം.പി സ്വാഗതം ആശംസിച്ചു. ട്രസ്റ്റിയായ ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്രം വായിച്ചു. പ്രൊഫ. രമണി തറയില്‍ നന്ദി പ്രകാശിപ്പിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ഡോ. ജോജോ ജോസഫ് കുന്നശ്ശേരി, സിറിയക് ചാഴികാടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, സിനിമാ നിര്‍മ്മാതാക്കളായ പ്രേംപ്രകാശ്, ജോയി തോമസ്, പ്രശസ്ത തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, പി.യു തോമസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.







