ജനഹൃദയങ്ങളില്‍ അനശ്വരനായി ഉമ്മന്‍ ചാണ്ടി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി, കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ അതികായന്‍, പാവങ്ങള്‍ക്കു കരുതലും കാവലുമായവന്‍, കേരളത്തിന്റെ വികസനനായകന്‍ എന്നീ നിലകളിലൊക്കെ ശോഭിച്ച ഉമ്മന്‍ ചാണ്ടി കാലത്തിനു മായ്‌ക്കാനാവാത്ത മുദ്രകള്‍ ഈ മണ്ണില്‍ കോറിയിട്ടതിനുശേഷം, നിത്യനിദ്രയെ പുല്‌കുമ്പോള്‍ കേരളത്തിനിതു തീരാനഷ്‌ടമെന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ഒരു ഭരണാധികാരി എപ്പോഴും ജനത്തിനു വികസനത്തിന്റെ നന്മകള്‍ പങ്കിടേണ്ടവനും, ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ജനത്തിന്റെ ദുഃഖത്തിലും ദുരിതത്തിലും അവര്‍ക്കു കരുതലും കാവലും ഒരുക്കേണ്ടവനുമാണെന്നും സ്വജീവിതം വഴി കേരളത്തെ മാത്രമല്ല ലോകത്തെ പഠിപ്പിച്ചതിനുശേഷമാണ്‌ അദ്ദേഹം വേര്‍പിരിഞ്ഞത്‌. ജനങ്ങളാണ്‌ തന്റെ ശക്തിയെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെന്നും ജനമധ്യത്തില്‍നിന്നുകൊണ്ടായിരുന്നു. അധികാരം ആധിപത്യമല്ലെന്നും അതെപ്പോഴും സേവനത്തിനും ശുശ്രൂഷയ്‌ക്കുമുള്ള അവസരമാണെന്നും ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവിനെ ജനമെന്നും തങ്ങളുടെ അവകാശമായി കണ്ടു. കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ, ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ ഏതു പാതിരാത്രിയിലും എന്താവശ്യത്തിനും ജനത്തിനു സമീപസ്ഥനായിരുന്ന അദ്ദേഹം, മറ്റുള്ളവരോടുള്ള കരുണയും കരുതലും എപ്പോഴും മനസില്‍ സൂക്ഷിക്കുകയും പ്രവര്‍ത്തനത്തില്‍ പ്രായോഗികമാക്കുകയും ചെയ്‌തു. ഉമ്മന്‍ ചാണ്ടിയെപ്പോലെ ജനങ്ങളുടെ ചൂരറിയുന്ന ഒരു ഭരണാധികാരിയോ രാഷ്‌ട്രീയ പ്രവര്‍ത്തകനോ ഉമ്മന്‍ ചാണ്ടിക്കു സമശീര്‍ഷനായി കേരളത്തിലുണ്ടോ എന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ ആ സംശയം അസ്ഥാനത്തല്ല. അതുകൊണ്ടുതന്നെയാണല്ലോ കേരളം ഇതുവരെ കാണാത്തവിധത്തിലുള്ള യാത്രയയ്‌പ്പ്‌ നല്‌കി കേരളം അദ്ദേഹത്തെ ആശ്ലേഷിച്ചത്‌.
ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ തിട്ടൂരമോ ഏതെങ്കിലും നേതാവിന്റെ ആഹ്വാനമോ അനുസരിച്ചല്ല, സാധാരണക്കാരും ഭിന്നശേഷിക്കാരും പൊതുസമൂഹവും കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ അദ്ദേഹത്തിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്‌. എല്ലാവരോടും ആദരവും ബഹുമാനവും വാക്കിലും പ്രവര്‍ത്തിയിലും സൂക്ഷിച്ച അദ്ദേഹത്തിന്റെ, ആറു പതിറ്റാണ്ടിലധികം നീണ്ടുനിന്ന പൊതുജീവിതത്തില്‍, സത്യസന്ധതയും നീതിബോധവും ദീനാനുകമ്പയും എപ്പോഴും നിറഞ്ഞുനിന്നു. രാഷ്‌ട്രീയ എതിരാളികളാല്‍ ക്രൂരമായി വേട്ടയാടപ്പെട്ട അദ്ദേഹം, സി.ബി.ഐയുടെ അന്വേഷണത്തിലൂടെ അഗ്നിശുദ്ധി വരുത്തി വിടവാങ്ങുമ്പോള്‍, കാലത്തിനു മായ്‌ക്കാനാകാത്ത മുദ്രകള്‍ കേരളത്തില്‍ കോറിയിട്ടിരിക്കുന്നു. ജനങ്ങളാണു തന്റെ പാഠപുസ്‌തകമെന്നും, സാധാരണ ജനങ്ങളുമായുള്ള ഇടപഴകിലൂടെയാണ്‌ ജനകീയ പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നതെന്നും അതിനു ഉത്തരം തേടുന്നതെന്നും പറഞ്ഞിട്ടുള്ള അദ്ദേഹം, പോലീസോ പോലീസ്‌ ഒരുക്കുന്ന സുരക്ഷയിലോ അല്ല തന്റെ സുരക്ഷിതത്വം കണ്ടെത്തേണ്ടത്‌; പ്രത്യുത ജനങ്ങളിലുള്ള വിശ്വാസത്തിലാണ്‌ തന്റെ സുരക്ഷ കണ്ടെത്തേണ്ടതെന്ന നിലപാടുള്ളവനായിരുന്നു. അത്‌ അദ്ദേഹത്തെ മറ്റു ഭരണാധികാരികളില്‍ന്നു വ്യത്യസ്‌തനാക്കുന്നു. “എന്നെ എല്ലാവരും അവരുടെ സ്വന്തമായി കരുതുന്നു. ഞാന്‍ എല്ലാവരെയും സ്വന്തമായി കാണുന്നു” എന്നാണ്‌ പുതുപ്പള്ളി നിയോജകമണ്‌ഡലത്തില്‍നിന്നു 12 തവണ ജയിച്ചു, 53 വര്‍ഷം മണ്‌ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, താന്‍ എം.എല്‍.എ ആയതിന്റെ 50-ാം വാര്‍ഷികത്തില്‍ പുതുപ്പള്ളി കവലയില്‍ പ്രസംഗിച്ചത്‌.
കേരള മുഖ്യമന്ത്രി എന്ന നിലയില്‍ `അതിവേഗം ബഹുദൂരം’ കേരളത്തിന്റെ വികസനം സ്വപ്‌നംകണ്ട അദ്ദേഹം കേവലം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല, കൊച്ചി മെട്രോ, സ്‌മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, മലയോര പാത, എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ്‌ തുടങ്ങി നിലനില്‍ക്കുന്ന വികസന പദ്ധതികള്‍ക്ക്‌ കേരളത്തില്‍ തുടക്കമിട്ടു. സ്വാഭാവികമായും പിന്നീടു വന്ന ഗവണ്‍മെന്റിനും, മുന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയെന്നു നിലയില്‍ ഇക്കാര്യത്തില്‍ പലതും ചെയ്യുവാനുണ്ടായിരുന്നുവെന്നും അത്‌ പൂര്‍ത്തിയാക്കാന്‍ അവര്‍ ശ്രമിക്കുന്നുവെന്നും വിസ്‌മരിക്കുന്നില്ല. എങ്കിലും ഇതിനൊക്കെ ആരംഭംകുറിക്കുവാനും ഒട്ടൊക്കെ പൂര്‍ത്തിയാക്കുവാനും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനു സാധിച്ചു എന്നത്‌ ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെയാണ്‌ കാണിച്ചുതരിക. തൊഴില്‍മന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോഴൊക്കെ ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക്‌ ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടികള്‍ എടുത്തു. തൊഴില്‍മന്ത്രിയെന്ന നിലയില്‍ 15 ലക്ഷത്തിലധികം ആളുകള്‍ക്ക്‌ തൊഴിലില്ലായ്‌മവേതനം ലഭ്യമാക്കി. ആഭ്യന്തരമന്ത്രിയെന്ന നിലയല്‍ പോലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു. അന്തസ്സാര്‍ന്ന ഒരു യൂണിഫോം അവര്‍ക്ക്‌ ലഭ്യമാക്കി. തന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായ കെ.എം. മാണിസാറിന്‌, പാവപ്പെട്ടവരുടെ ചികിത്സയ്‌ക്കുവേണ്ടിയുള്ള കാരുണ്യപദ്ധതിക്ക്‌ പിന്‍ബലം നല്‌കി. ബധിര-മൂക കുട്ടികള്‍ക്കായി കോക്ലിയര്‍ ഇംപ്ലാന്റ്‌ നടത്തി അവര്‍ക്ക്‌ ജീവിതം നല്‌കി. ചട്ടങ്ങളുടെയും നടപടിക്രമത്തിന്റെ അപാകതയിലും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിലും കുരുങ്ങിയ പതിനൊന്നു ലക്ഷത്തിലധികം സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കു ജനസമ്പര്‍ക്കപരിപാടിയിലൂടെ പരിഹാരം കണ്ടെത്തിയതും അതിനു ഐക്യരാഷ്‌ട്രസംഘടനയുടെ പുരസ്‌കാരം ലഭിച്ചതും അദ്ദേഹത്തെ ലോകപ്രശസ്‌തനാക്കി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്തു പ്രവര്‍ത്തിച്ച അദ്ദേഹം സാമുദായിക സമവാക്യങ്ങള്‍ ക്രമംവിടാതെ പാലിക്കുകയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയേയും ഘടകകക്ഷികളെയും കൈയ്യടക്കത്തോടെ നയിക്കുകയം ചെയ്‌തു. ഇതൊക്കെത്തന്നെയാണ്‌ ഇങ്ങനെയൊരു നേതാവു ഇനിയുണ്ടാവുമോ എന്ന്‌ ജനം അടക്കം പറയുവാനും ജനഹൃദയങ്ങളില്‍ അദ്ദേഹം ചിരഞ്‌ജീവിയായി മാറാനും കാരണം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ അപ്‌നാദേശിന്റെ പ്രണാമം.

Previous Post

മാഞ്ഞൂര്‍സൗത്ത്: മുതിരക്കാലായില്‍ (കണിയാംപറമ്പില്‍) ജോര്‍ജ് കുര്യന്‍

Next Post

കുറുമുള്ളൂര്‍: കൊട്ടാരത്തില്‍ പറമ്പില്‍ എ.സി മാത്യു

Total
0
Share
error: Content is protected !!