2026 ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിനു അരങ്ങൊഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണത്തെ ജേതാക്കളായിരുന്ന അര്‍ജ്ജന്റീനയെ എക്സ്ട്ര ടൈമില്‍ ഒരു ഗോളിനു തോല്പിച്ച് സ്പെയിന് ലോക ചാമ്പ്യന്മാരായിരിക്കുന്നു. അധിക സമയത്ത് സ്പെയിന്റെ ഫെറാന്‍ ടോറസ് ആണ് സ്പെയിനിനെ വിജയത്തിലെത്തിച്ച ഏക ഗോള്‍ നേടിയത്. സ്പാനീഷ് താരം റോഡ്രി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ ഈ ലോക കപ്പില്‍ പത്തു ഗോളുകളുടെ ഉടമയായ ഫ്രാന്‍സിന്റെ താരം കിലിയന്‍ എംബാപ്പെക്കു ഗോള്‍ഡന്‍ ബൂട്ട് നേടാനായി. 2026 ലോക കപ്പില്‍ ആകെ ഒരു ഗോള്‍ മാത്രം വഴങ്ങിയ സ്പെയിനിന്റെ ഗോളി ഉനെയ് സൈമന് മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗോള്‍ ലഭിച്ചു. മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം കുബാര്‍സിക്ക് ലഭിച്ചു. ഒരുപക്ഷേ ലോകത്തേറെപ്പേരും ലയണല്‍ മെസിയുടെ അര്‍ജന്റീന, കപ്പ് നേടുമെന്ന് കരുതിയിരുന്നിരിക്കും. മെസിയെപ്പോലെ മഹാപ്രതിഭ അര്‍ജ്ജന്റീനയ്ക്കു സ്വന്തമായുള്ളപ്പോള്‍, ലോകത്തെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചതില്‍ തെറ്റില്ല. എന്നാല്‍ പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കാന് പോരുന്ന അനിശ്ചിതത്വം തന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം. അര്‍ജ്ജന്റീനയും സ്പെയിനും തമ്മിലുള്ള കളിയില്‍ അര്‍ജ്ജന്റീനയുടെ ആരാധകര്‍ക്കു നിരാശ തോന്നിയ കാരണങ്ങളിലൊന്ന് കളിയുടെ ആദ്യ 90 മിനിറ്റുകളില്‍ സ്പെയിന്റെ ഗോള്‍ മുഖത്തു ഒരു ഷോട്ട് പായിക്കുവാന്‍ പോലും അര്ജ്ജന്റീനക്കായില്ലായെന്നതാണ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 85-ാം മിനിറ്റുവരെ 2 ഗോളുകള്‍ക്കു പിന്നില്‍ നിന്നിട്ടും പിന്നീടുള്ള സമയത്തു മൂന്നു ഗോളടിച്ചു ഇംഗ്ലണ്ടിനെ തകര്‍ത്ത അര്‍ജ്ജന്റീനയില്‍ നിന്നു പ്രതീക്ഷിച്ച കളിയല്ല അവര്‍ പുറത്തെടുത്തത് എന്നു പറയുമ്പോഴും സ്പെയിനു ആദ്യത്തെ 90 മിനിറ്റില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെന്ന വസ്തുത അര്‍ജ്ജന്റീനയുടെ മികവിനെയാണ് കാണിക്കുന്നത്. അര്‍ജ്ജന്റീനയുടെ ടീം ചാമ്പ്യനടുത്ത കളി കളിച്ചില്ലെങ്കിലും അര്‍ജ്ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ അതിശക്തമായ പാസുകള്‍ ഗോള്‍ നേടുന്നതില്‍ നിന്നു സ്പെയിനെ തടഞ്ഞു. പന്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചുവെച്ചുകൊണ്ടുള്ള സ്പെയിനിന്റെ കളിയുടെ ശൈലിയും കൃത്യമായ പാസുകളും സ്പെയിനിന്റെ കളിയെ അഴകുള്ളതാക്കി. കളിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയത് സ്പെയിനിന്റെ നായകന് റോഡ്രിയാണ്. ഫുട്ബോള്‍ എന്നത് ഗോളടിക്കുന്നവരുടെ കളിയാണ് എന്ന ചിന്തയെ തിരുത്തിക്കുറിക്കുന്നതിനു റോഡ്രിയുടെ മികവ് കാരണമായി. പന്തിനെ വരുതിയില്‍ നിര്‍ത്തി എതിരാളികളെ വിവശരാക്കുന്ന ഡിഫന്ഡിവ് മിഡ് ഫീല്‍ഡറുടെ റോള്‍ എന്താണെന്നു ഈ ലോകകപ്പിലൂടെ അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു. ഒരു പരിധിവരെ കളിയെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് റോഡ്രിയാണെന്നു പറയേണ്ടിവരും. ലോക കപ്പിന്റെ താരമെന്ന ബഹുമതി അദ്ദേഹത്തിനു അര്ഹിച്ചതുതന്നെ. ബോള്‍ പൊസിഷനില്‍ 65 ശതമാനം സ്വന്തമാക്കിയ സ്പെയിന് എതിരാളി അര്ജ്ജന്റീനക്കു നല്‍കിയത് 35 ശതമാനം മാത്രമാണ്.
2026 ലോകകപ്പ് കിരീടത്തിലേക്കുള്ള സ്പെയിനിന്റെ മുന്നേറ്റത്തില്‍ റോഡ്രിയുടെ സ്ഥിരതയും കളിയിലുള്ള നിയന്ത്രണവും ഉള്‍ക്കാഴ്ചയും മുതല്‍കൂട്ടായെന്നു വിദഗ്ദ്ധ സമിതി വിലയിരുത്തി. എട്ടു ഗോളുകളും നാലു അസിസ്റ്റുകളുമായി ഈ ലോകകപ്പില്‍ കളം നിറഞ്ഞു കളിച്ചു. മുപ്പത്തിയൊന്പതുകാരന് ലയണല്‍ മെസിയുടെ മികവിനു മേല്‍ നോക്കൗട്ട് മത്സരങ്ങളിലെ റോഡ്രിയുടെ കളി മികവിനു അവര്‍ മുന്‍തൂക്കം നല്കി. ലോകകപ്പില്‍ 21 ഗോളുകളുമായി മുന്നില്‍ നിന്ന ലയണല്‍ മെസിയെ മറികടന്ന് 22 ഗോളുകളുമായി എംബാപ്പെ മുന്നിലെത്തിയതും ആരാധകര്‍ക്കു ആവേശം നല്കി. കാലം എംബാപ്പെയ്ക്കു ഇനിയെത്ര ലോകകപ്പും ഇനിയെത്ര ഗോളുകളും കാത്തുവച്ചിരിക്കുന്നു എന്നതു ലോകത്തിനു ആകാംക്ഷ നല്കുന്നു. 48 ലോകരാജ്യങ്ങള്‍ പങ്കെടുത്ത ലോകകപ്പില്‍ നമുക്കത്ര പരിചിതമല്ലാത്ത കേപ് വെര്‍ദയും കുറാബോയുമൊക്കെ പങ്കെടുക്കുന്നതും ലോകകപ്പിലെ വമ്പന്‍ ടീമായ അര്‍ജ്ജന്റീന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ കളി പുറത്തെടുത്തതു ഈ ലോകകപ്പിന്റെ സൗന്ദര്യമാണ്.
കാല്പന്തുകളിയുടെ ചരിത്രത്തിലെ തലമുറ മാറ്റത്തിനു ഈ ലോകകപ്പ് കളമൊരുക്കി. മുപ്പത്തൊമ്പതു വയസുകാരനായ ലയണല്‍ മെസിയും അതുപോലെ റോണാള്‍ഡോയും നെയ്മറും ഒക്കെ കളം നിറഞ്ഞു നിന്ന ഫുട്ബോളില്‍ പുതിയ താരോദയങ്ങളുണ്ടായി. ലാമിന് യമാലും പാവു കുബാര്‍സിയും റോഡ്രിയും എര്‍ലിങ് ഹാളണ്ടും വൊസിഞ്ഞയും സായി ബാരിച്ചും ജൂഡ് ബെല്ലിങ്ങാമുമൊക്കെ അരങ്ങുവാണു. ബ്രസീല്‍ പ്രതീക്ഷിച്ചതിലും നേരത്തെ ലോകകപ്പില്‍ നിന്നു പുറത്തായെങ്കിലും 19 വയസുകാരനായ എസ്റ്റാവോ വില്യം ലോക ഫുട്ബോളിന്റെ ഭാവി താരമെന്ന വിശേഷണം ശരിവെയ്ക്കുന്ന പ്രകടനമാണ് നടത്തിയത്. സ്പെയിനിന്റെ ലാമിന് യമാല്‍ ലോകകപ്പ് ഫുട് ബോളിന്റെ പുതിയ മുഖമായി ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങാം സമ്പൂര്‍ണ്ണ മധ്യനിര താരമായി തന്റെ സ്ഥാനം ഉറപ്പിച്ചു. യൂറോകപ്പ് ചാമ്പ്യനായ സ്പെയിന് 2026 ലോകകപ്പിലൂടെ ഫുട്ബോളിന്റെ അജയ്യ ശക്തിയായി മാറിയെന്ന തോന്നലുളവാക്കി.
ലോകം മുഴുവന്‍ ലോകകപ്പിന്റെ സൗന്ദര്യവും താളവും ആസ്വദിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ തീവ്രതയിലും കേരളം അതേറ്റെടുത്തു. നെയ്മറും മെസിയും റൊണാള്‍ഡോയും യമാലുമെല്ലാം കേരളത്തിലെ ആണ്-പെണ് വ്യത്യാസമില്ലാതെ കുഞ്ഞുകുട്ടികള്‍ക്കുപോലും പരിചിതമായതുപോലെ തോന്നി. ലോകകപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലും കളിക്കുശേഷം അര്‍ജ്ജന്റീനിയന്‍ സ്പാനീഷ് താരങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് മറന്ന് ഏറ്റുമുട്ടിയതും ലോകകപ്പില്‍ കല്ലുകടിയായി. ലോകമാകെ ആഘോഷിച്ച ഈ ഫുട്ബോള്‍ മാമാങ്കം കായിക വിനോദത്തിലേക്കു പുതിയ തലമുറയെ ഏറെ ആകര്‍ഷിക്കാന്‍ കാരണമാകട്ടെ. ഇന്ത്യയില്‍ നിന്ന് ലോകകപ്പ് കളിക്കുന്ന ഒരു ടീമിനെ കാണാനുള്ള കാത്തിരിപ്പിനു അവസാനമുണ്ടാകാന്‍ ഈ കളി നമുക്കും പ്രേരണ നല്കട്ടെ.
റവ.ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
ലോകകപ്പ് അരങ്ങൊഴിഞ്ഞപ്പോള്‍




