No’ പറയാന്‍ പഠിക്കുക

Fr.Thomas Kottoor 
‘ ഇല്ല’, ‘ആവില്ല’, ‘പറ്റില്ല’ എന്നൊക്കെ പറയുന്നതില്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?
കടം വാങ്ങിയവര്‍ തിരിച്ചു തരാത്തപ്പോഴും, ‘ഇനിയും കടം കൊടുക്കണം’ എന്ന് നിര്‍ബന്ധിക്കപ്പെടുമ്പോഴും നിങ്ങള്‍ വഴങ്ങിക്കൊടുക്കുന്നുണ്ടോ ?
ഭാര്യ കലഹമുണ്ടാക്കുമെന്നു ഭയന്ന്, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിശബ്ദമായി ചെയ്തുകൊണ്ടിരിക്കുന്നുണ്ടോ?
‘No’ എന്നു പറയണമെന്നുണ്ടെങ്കിലും ഭയവും സങ്കോചവും കൊണ്ട് ‘Yes’ എന്ന് ഒടുവില്‍ സമ്മതിക്കേണ്ടിവരുകയും, പിന്നീട് ആ തീരുമാനത്തെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ടോ?
‘Yes’ എന്ന് ഒരിക്കല്‍ പറഞ്ഞ് കുഴപ്പത്തില്‍ ചാടിയ ആദിപിതാവിന്റെ പാപം ഇന്നും ഓരോ മനുഷ്യനിലും ആവര്‍ത്തിക്കപ്പെടുകയാണ്.

ഒരു കാര്യം നിരസിക്കാന്‍ കഴിയുന്നത് ദൗര്‍ബല്യമല്ല, മറിച്ച് ആത്മശക്തിയുടെ അടയാളമാണ്. ‘No’ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്നവര്‍ക്കാണ് ജീവിതവിജയത്തിന് അനിവാര്യമായ മനോദൃഢതയുള്ളത് . ആളുകളെ നിരസിക്കാനുള്ള ഭയം, അനാവശ്യ സൗഹൃദങ്ങള്‍, അകലം പാലിക്കേണ്ട ബന്ധങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ സമയം, ഊര്‍ജം, അവസരങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കണം.
എങ്ങനെ ‘No’ പറയണം എന്ന് അറിഞ്ഞിരുന്നാല്‍, ആ അറിവ് ജീവിതത്തിലെ അനാവശ്യ ഭാരങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കും.

ഒന്ന്
നിരസിക്കേണ്ടിവരുമ്പോള്‍, അത് സൗമ്യമായും ആത്മാഭിമാനം ഉള്‍ക്കൊണ്ടും ചെയ്യണം.
ഒരു വിവാഹക്ഷണം നിരസിക്കുന്നതിന്റെ മാതൃക :
‘എന്നെ ക്ഷണിച്ചതിന് ഹൃദ്യമായ നന്ദി. മറ്റൊരു കാര്യം ഏ റ്റെടുത്തതിനാല്‍ ഈ അവസരത്തില്‍ വരാന്‍ കഴിയില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ; നവദമ്പതികള്‍ക്ക് ഹൃദ്യമായ ആശംസകള്‍ നേരുന്നു’.
രണ്ട്
നിരസിക്കുമ്പോള്‍ പരുഷമോ അവഹേളനപരമോ ആയ വാക്കുകള്‍ ഒഴിവാക്കണം. വ്യക്തിയുടെ ആത്മാഭിമാനവും അന്തസും നഷ്ടമാക്കുന്ന നിരാസം ഒരിക്കലും ഉചിതമല്ല.
മൂന്ന്
‘No’ പറയുമ്പോള്‍, കുറ്റബോധം ഉള്ളില്‍ പേറുകയോ അമിതമായ ന്യായവാദങ്ങള്‍ നിരത്തുകയോ ചെയ്യേണ്ടതില്ല.
‘ആരോ കടം തരാത്തതിനാല്‍ ഞാന്‍ ബുദ്ധിമുട്ടിലാണ്.’
‘മീറ്റിങില്‍ ബിഷപ്പ് ഉള്ളതിനാലാണ് എന്നെ ക്ഷണിക്കുന്നത്’ – ഇത്തരം ആരോപണ സ്വഭാവമുള്ള ന്യായവാദങ്ങള്‍ ഒഴിവാക്കണം.
നാല്
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിന് ആരെങ്കിലും നിര്‍ബന്ധിക്കുകയാണെങ്കില്‍, ദൃഢമായി ‘No’ എന്ന് പറയണം .അതിന് ഒരു വിശദീകരണവും ആവശ്യമില്ല.
അഞ്ച്
‘No’ എന്ന് പറയുമ്പോള്‍, കാരണങ്ങള്‍ ഒന്നൊന്നായി വിശദീകരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല. ചില ഘട്ടങ്ങളില്‍ ‘No” എന്ന് ഉറക്കെ, ആത്മവിശ്വാസത്തോടെ പറഞ്ഞ് ഫോണ്‍ വയ്ക്കുന്നതും , മാറി പോകുന്നതും ഏറ്റവും ഫലപ്രദമായ മറുപടിയാണ്.
ആറ്
‘ഒന്ന് കൂടി ആലോചിക്കട്ടെ’, ‘കമ്മിറ്റി ചേര്‍ന്ന് ആലോചിക്കാം’, ‘കുറച്ചു സാവകാശം വേണം’ -ഇത്തരം മറുപടികള്‍ നിരസനത്തിന് തുല്യം തന്നെ. ഇവ അപേക്ഷകനെ ഒഴിവാക്കാനാണെങ്കില്‍, ആദ്യമെ തന്നെ സാധ്യമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഉചിതം.
ഏഴ്
‘നീ’, ‘നിങ്ങള്‍’ എന്നീ പദങ്ങള്‍ക്കു പകരം ‘ഞാന്‍’, ‘എനിക്ക്’ എന്ന് ഉപയോഗിക്കുന്നത് നിഷേധ പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ മാന്യത നല്‍കും. നമ്മുടെ നിലപാട് വ്യക്തമാക്കണം; ആരോപണ ഭാഷ ഒഴിവാക്കണം.
ഉദാ. ‘പറഞ്ഞ വില എനിക്ക് താങ്ങാനാവുന്നില്ല. കൂടാതെ, ഇപ്പോള്‍ ഒരു കാറിന്റെ ആവശ്യവും എനിക്കില്ല.’
എട്ട്
ചിലപ്പോള്‍ ‘No’ എന്ന് നേരിട്ട് പറഞ്ഞ് നിരസിക്കേണ്ടവര്‍ക്കും, അവര്‍ ഏര്‍പ്പെടുന്ന ചില സംരംഭങ്ങള്‍ക്കും ആദ്യം ആശംസകളും പ്രോത്സാഹനവും ആഹ്ലാദപൂര്‍വ്വം അര്‍പ്പിക്കുക. അതിനു ശേഷം, നര്‍മ സ്പര്‍ശത്തോടെ കാര്യം നിരസിക്കുക. ഉദാ:
‘നിങ്ങളുടെ സംരംഭം ശ്ലാഘനീയം തന്നെ. അത് വിജയിക്കട്ടെ. എന്നാല്‍, ആയിരം രൂപ ഇപ്പോള്‍ തരാന്‍ എനിക്ക് കഴിയില്ല. നൂറ് രൂപ എഴുതിക്കോളൂ. ഇല്ലെങ്കില്‍, ഞാന്‍ കടം ചോദിക്കാന്‍ വണ്ടിചെക്ക് തരേണ്ടിവരും!’
ഒമ്പത്
‘No’ എന്ന് ദൃഢമായി പറയാന്‍ പ്രത്യേക മനശ്ശക്തിയും ആത്മബലവും ആവശ്യമാണ്. ആ ആന്തരികശക്തി വളര്‍ത്തിയെടുക്കാന്‍ ദിനംതോറും ഒന്നോ രണ്ടോ തവണ ചെറിയ ഓഫറുകള്‍ നിരസിക്കാന്‍ ശ്രമിക്കണം. ഒരു സമ്പര്‍ക്കം, ഒരു ശ്രമം, ഒരു പരാജയം – ഇവ ഒരിക്കലും അവസാനമല്ല. വീണ്ടും ഉയര്‍ന്നെഴുന്നേല്‍ക്കണം. അതാണ് ജീവിതത്തിന്റെ രീതിശാസ്ത്രം.
പത്ത്
സ്വയം മാനിക്കുന്നവര്‍ മാത്രമെ മറ്റുള്ളവരാല്‍ മാനിക്കപ്പെടൂ. ‘No’ എന്ന് പറയാന്‍ പഠിക്കണം . അത് ആത്മബഹുമാനത്തിന്റെ ആദ്യ പടിയാണ്. നിങ്ങളുടെ സമയം, ഊര്‍ജം, ഏകാഗ്രത എന്നിവ പരിമിതമാണ്. അവ ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമുള്ളതാണ്. ഓരോ അനാവശ്യ ‘Yes’-നും ഒരു അത്യാവശ്യ ‘No’-യുടെ വില നല്‍കേണ്ടിവരും. അതിനാല്‍, ഇന്ന് മുതല്‍ ‘No’ പറയാന്‍ ഭയക്കേണ്ടതില്ല. കാരണം, നിങ്ങളുടെ ഏറ്റവും മൂല്യവത്തായ ‘Yes’ ഇനിയും സമ്മതം കാത്തിരിക്കുന്നുണ്ട്.

വാല്‍ക്കഷണം:

അയല്‍പക്കത്തെ നാണിപ്പണിക്കത്തി മിക്ക ദിവസങ്ങളിലും മറി യാമ്മച്ചേട്ടത്തിയുടെ അടുക്കല്‍ കോടാലി കടം മേടിക്കാന്‍ വരിക പതിവാണ്. ഇതില്‍ സഹികെട്ട മറിയാമ്മച്ചേട്ടത്തിയും മത്തായി ച്ചേട്ടനും കൂടി ഒരു പ്ലാന്‍ തയാറാക്കി ഇനി നാണിപ്പണിക്കത്തി വന്ന് കോടാലി ചോദിക്കുമ്പോള്‍ ‘തല്ലിയൂരി തട്ടിന്‍പുറത്ത് ഇട്ടി രിക്കുകയാ’ എന്ന് ചാടിപ്പറയുക. മറിയാമ്മച്ചേട്ടത്തി ഇങ്ങനെ പറ യാനുള്ള റിഹേഴ്സലും നടത്തി ഇരിക്കുകയാണ്.

അതാ വരുന്നു താണി മറിയാമ്മച്ചേട്ടത്തി പറയേണ്ടത് മന സ്റ്റില്‍ ആവര്‍ത്തിച്ചു.

”മത്തായിച്ചേട്ടനെന്തിയേ? വന്നപാടേ നാണി ചോദിച്ചു.

‘തല്ലിയൂരി തട്ടിന്‍പുറത്ത് ഇട്ടിരിക്കുകയാ’ പെട്ടെന്നായിരുന്നു മറിയാമ്മച്ചേട്ടത്തിയുടെ ഉത്തരം.

 

 

Previous Post

താറാവ് വളര്‍ത്തല്‍ പദ്ധതി : ധന സഹായ വിതരണം നടത്തി

Next Post

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം.

Total
0
Share
error: Content is protected !!